|    Oct 22 Sun, 2017 4:57 am
Home   >  Todays Paper  >  Page 5  >  

ചീഫ് ജസ്റ്റിസോ മുതിര്‍ന്ന ജഡ്ജിയോ അന്വേഷിക്കും

Published : 22nd July 2016 | Posted By: SMR

ന്യൂഡല്‍ഹി/തിരുവനന്തപുരം: കേരള ഹൈക്കോടതിയിലും തിരുവനന്തപുരം കോടതിയിലും മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയുണ്ടായ അക്രമത്തെക്കുറിച്ച് കോടതിതല അന്വേഷണം നടക്കുമെന്ന് സുപ്രിംകോടതി ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫ് പറഞ്ഞു. ഹൈക്കോടതിയിലെ ആക്ടിങ് ചീഫ് ജസ്റ്റിസൊ അല്ലെങ്കില്‍ മുതിര്‍ന്ന ഹൈക്കോടതി ജഡ്ജിയോ ആയിരിക്കും അക്രമത്തെക്കുറിച്ച് അന്വേഷണം നടത്തുകയെന്നും അദ്ദേഹം അറിയിച്ചു.
അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ഡല്‍ഹി ഘടകം നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ ഇടപെടല്‍. പ്രസിഡന്റ് പ്രശാന്ത് രഘുവംശം, വൈസ് പ്രസിഡന്റ് പ്രസൂന്‍ എസ് കണ്ടത്ത്, ട്രഷറര്‍ പി കെ മണികണ്ഠന്‍, നിര്‍വാഹക സമിതിയംഗങ്ങളായ ജോര്‍ജ് കള്ളിവയലില്‍, എം ഉണ്ണികൃഷ്ണന്‍ എന്നിവര്‍ നിവേദകസംഘത്തിലുണ്ടായിരുന്നു.
കൊച്ചിയിലെ സംഘര്‍ഷം തിരുവനന്തപുരത്തേക്കും വ്യാപിച്ച പശ്ചാത്തലത്തില്‍ ആക്ടിങ് ചീഫ് ജസ്റ്റിസ്, അഡ്വക്കറ്റ് ജനറല്‍, അഭിഭാഷക അസോസിയേഷന്‍ ഭാരവാഹികള്‍ എന്നിവരുമായി ജസ്റ്റിസ് കുര്യന്‍ ജോസഫ് ഫോണിലൂടെ സംസാരിച്ചു. എല്ലാവരും സംയമനം പാലിക്കണമെന്ന് കുര്യന്‍ ജോസഫ് ആവശ്യപ്പെട്ടു. സമൂഹത്തിലെ പ്രശ്‌നങ്ങള്‍ ഇടപെട്ടു പരിഹരിക്കേണ്ട മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തന്നെ സംഘര്‍ഷമുണ്ടാക്കരുതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സുപ്രിംകോടതി ജഡ്ജിമാരായ ജസ്റ്റിസ് ജെ ചെലമേശ്വര്‍, ജസ്റ്റിസ് അശോക് ഭൂഷണ്‍ എന്നിവര്‍ക്കും കേരള പത്രപ്രവര്‍ത്തക യൂനിയന്‍ പരാതി നല്‍കി. സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂറിനെ കാണാനും ശ്രമിച്ചു വരുന്നതായി പത്രപ്രവര്‍ത്തക യൂനിയന്‍ നേതാക്കള്‍ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക