|    May 23 Tue, 2017 2:30 pm
FLASH NEWS

ചീഫ് ജസ്റ്റിസിനെ പോലും മാനിക്കാത്ത അഭിഭാഷകര്‍ അപമാനം: കെയുഡബ്ല്യുജെ

Published : 1st October 2016 | Posted By: SMR

തിരുവനന്തപുരം: ചീഫ് ജസ്റ്റിസിനെ പോലും മാനിക്കാത്ത അഭിഭാഷകര്‍ കേരളത്തിന് അപമാനമാണെന്ന് കേരള പത്രപ്രവര്‍ത്തക യൂനിയന്‍. വ്യാഴാഴ്ച ചീഫ് ജസ്റ്റിസ് ശാന്തനഗൗഡര്‍ വിളിച്ച യോഗത്തിലുണ്ടാക്കിയ ധാരണയെ തുടര്‍ന്നാണ് മാധ്യമപ്രവര്‍ത്തകര്‍ കോടതി റിപോര്‍ട്ടിങിന് എത്തിയത്. യോഗത്തില്‍ ചീഫ് ജസ്റ്റിസിനെ കൂടാതെ മുതിര്‍ന്ന ജഡ്ജിമാരും പത്രദൃശ്യ എഡിറ്റര്‍മാരും യൂനിയന്‍ പ്രതിനിധികളും അഭിഭാഷക അസോസിയേഷന്‍ പ്രതിനിധികളും പങ്കെടുത്തിരുന്നു.
കഴിഞ്ഞതെല്ലാം മറക്കണമെന്നും മാധ്യമപ്രവര്‍ത്തകര്‍ കോടതി റിപോര്‍ട്ടിങിന് വരണമെന്നും ചീഫ് ജസ്റ്റിസ് ആവര്‍ത്തിച്ച് അഭ്യര്‍ഥിച്ചിരുന്നു. സുരക്ഷയുടെ കാര്യം ഉന്നയിച്ചപ്പോള്‍ യോഗത്തില്‍ പങ്കെടുത്ത ഏവരും പ്രശ്‌നമൊന്നും ഉണ്ടാവില്ലെന്നാണ് അറിയിച്ചത്. ഇതുസംബന്ധിച്ച് അഭിഭാഷകര്‍ക്കു വേണ്ടി മുതിര്‍ന്ന അഭിഭാഷകനായ എം കെ ദാമോദരന്‍ ചീഫ് ജസ്റ്റിസിന് ഉറപ്പും നല്‍കി. എന്നാല്‍ ചീഫ് ജസ്റ്റിസിനെയും നീതിന്യായവ്യവസ്ഥയെയും ഭരണഘടനയെയും വെല്ലുവിളിച്ച് ഒരുകൂട്ടം അഭിഭാഷകര്‍ അതെല്ലാം കാറ്റില്‍പ്പറത്തുകയായിരുന്നു. കോടതി റിപോര്‍ട്ടിങിന് എത്തിയ മാധ്യമപ്രവര്‍ത്തകരെ അപമാനിക്കാനും അവഹേളിക്കാനും തടഞ്ഞുവച്ച് കൈയേറ്റം ചെയ്യാനുമാണ് ശ്രമിച്ചത്. അഭിഭാഷകര്‍ എല്ലാ ഭരണഘടനാ മര്യാദകളും ലംഘിച്ചിരിക്കുകയാണ്. ഇത്തരം സാഹചര്യത്തില്‍ സുരക്ഷ ഉറപ്പാക്കാതെ കോടതി റിപോര്‍ട്ടിങിന് കഴിയില്ല. കോടതിയില്‍ എത്തുന്നവരുടെ സുരക്ഷ ഉറപ്പാക്കാന്‍ ചീഫ് ജസ്റ്റിസ് ഉത്തരവിടണം. സര്‍ക്കാര്‍ ഇടപെടണം. സുരക്ഷ ഉറപ്പാക്കാനാവാത്തപക്ഷം കോടതി റിപോര്‍ട്ടിങില്‍ നിന്നു വിട്ടുനില്‍ക്കാന്‍ പത്രപ്രവര്‍ത്തകര്‍ തുടര്‍ന്നും നിര്‍ബന്ധിതരാവുമെന്നും യൂനിയന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day