|    Dec 14 Fri, 2018 10:37 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ചീഫ് ജസ്റ്റിസിനെതിരായ വാര്‍ത്താസമ്മേളനം; ഖേദമില്ലെന്ന് ജ. കുര്യന്‍ ജോസഫ്‌

Published : 1st December 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: ജനുവരി 12ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസിനെതിരേ വാര്‍ത്താസമ്മേളനം നടത്തിയതില്‍ ഖേദമില്ലെന്ന് കഴിഞ്ഞദിവസം വിരമിച്ച സുപ്രിംകോടതി ജഡ്ജി കുര്യന്‍ ജോസഫ്. അതുകൊണ്ട് ചില മാറ്റങ്ങള്‍ ഉണ്ടായെന്നും ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു. തന്റെ 65ാം ജന്‍മദിനമായ ഇന്നലെ ഡല്‍ഹിയിലെ ഔദ്യോഗിക വസതിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിസന്ധി തീര്‍ക്കാന്‍ കോടതിയുടെ ഫുള്‍ കോര്‍ട്ട് യോഗം വിളിച്ചുചേര്‍ക്കണമെന്ന അഭ്യര്‍ഥന നിരസിച്ചതോടെയാണ് വാര്‍ത്താസമ്മേളനം വിളിക്കാന്‍ നിര്‍ബന്ധിതരായത്. കേസുകള്‍ വീതിച്ചുനല്‍കുന്നതുമായി ബന്ധപ്പെട്ട വിഷയം വാര്‍ത്താസേമ്മളനത്തിന്റെ ഒരു കാരണം മാത്രമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ത്താസമ്മേളനത്തിനു ശേഷം കൂടുതല്‍ സുതാര്യതയും മുന്‍കരുതലും കൈവന്നു. ജഡ്ജിമാരുടെ നിയമനം, സ്ഥലംമാറ്റം, ഫയല്‍ നീക്കം വൈകിപ്പിക്കല്‍ എന്നിവയിലൂടെ ജുഡീഷ്യറിയില്‍ രാഷ്ട്രീയ ഇടപെടലുണ്ട്. ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുടെ ധാരണാപത്രം (എംഒപി) കേന്ദ്രം വൈകിപ്പിക്കുന്നുണ്ട്. എംഒപിയുടെ കരട് പ്രകാരമാണ് കൊളീജിയം പ്രവര്‍ത്തിക്കുന്നത്. ജസ്റ്റിസുമാരായ എം ആര്‍ ഷാ, ഹേമന്ത് ഗുപ്ത എന്നിവരെ സുപ്രിംകോടതി ജസ്റ്റിസുമാരായി നിയമിച്ചതും ജസ്റ്റിസ് അഖില്‍ കുറേഷിയുടെ സ്ഥലംമാറ്റത്തിലും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് സമ്മര്‍ദമുണ്ടായിട്ടില്ല.
കേസുകള്‍ പരിഗണിക്കുന്ന ജഡ്ജിമാര്‍ രാജ്യത്തിന്റെ വൈവിധ്യംകൂടി മനസ്സില്‍ വയ്ക്കണമെന്നു കഴിഞ്ഞദിവസം താന്‍ പറഞ്ഞത് ശബരിമല കേസിന്റെ പശ്ചാത്തലത്തില്‍ അല്ലെന്നും വിശാലമായ അര്‍ഥത്തില്‍ പറഞ്ഞതാണെന്നും കോടതിയുടെ പരിഗണനയിലായതിനാല്‍ ശബരിമല വിധിയെക്കുറിച്ചു പ്രതികരിക്കാനാവില്ലെന്നും കുര്യന്‍ ജോസഫ് പറഞ്ഞു. കേരള ഹൈക്കോടതിയിലേക്ക് ശുപാര്‍ശ ചെയ്ത പേരുകളില്‍ ചിലത് കേന്ദ്രസര്‍ക്കാര്‍ തിരിച്ചയതില്‍ അടുത്ത കൊളീജിയ യോഗം തീരുമാനം എടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. പ്രാബല്യത്തില്‍ വന്ന നിയമം നടപ്പാക്കാന്‍ പ്രായോഗികബുദ്ധിമുട്ടുണ്ടെങ്കില്‍ പുനപ്പരിശോധന ആവശ്യപ്പെടാന്‍ ഭരണഘടനയില്‍ തന്നെ സാധ്യതയുണ്ടെന്നായിരുന്നു ശബരിമലയുമായി ബന്ധപ്പെട്ട ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss