|    Feb 18 Sun, 2018 3:01 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ചീഫ്‌സെക്രട്ടറിയുടെ ഇടപെടല്‍ ; മങ്ങലേല്‍ക്കുന്നത് സര്‍ക്കാരിന്റെ അഴിമതിവിരുദ്ധ പ്രതിച്ഛായക്ക്

Published : 30th January 2017 | Posted By: fsq

 

തിരുവനന്തപുരം: സഹപ്രവര്‍ത്തകരെ സംരക്ഷിക്കുന്നതിനുള്ള ചീഫ്‌സെക്രട്ടറി എസ് എം വിജയാനന്ദിന്റെ ഇടപെടലുകള്‍ കാരണം മങ്ങലേല്‍ക്കുന്നത് സര്‍ക്കാരിന്റെ അഴിമതിവിരുദ്ധ നിലപാടുകള്‍ക്ക്. അഴിമതിക്കെതിരേ വിട്ടുവീഴ്ചയില്ലെന്നു മുഖ്യമന്ത്രി ഇടയ്ക്കിടെ പറയുമ്പോഴും ആരോപണവിധേയരായ ഉന്നത ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കാനുള്ള ചീഫ് സെക്രട്ടറിയുടെ ഇടപെടലുകളാണ് സര്‍ക്കാരിനെ കോടതിയില്‍ പോലും നാണം കെടുത്തുന്നത്. അഴിമതിയാരോപണം നേരിടുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിക്ക് ശുപാര്‍ശ ചെയ്ത് ചീഫ് സെക്രട്ടറിക്ക് മുമ്പാകെ എത്തുന്ന ഫയലുകളില്‍ യഥാസമയം കുറിപ്പെഴുതി മുഖ്യമന്ത്രിക്ക് കൈമാറുന്നതില്‍ കാലതാമസം വരുത്തുന്നുവെന്ന ആരോപണം ശക്തമാണ്. മലബാര്‍ സിമന്റ്‌സ് എംഡി പത്മകുമാര്‍, അഡീഷനല്‍ ചീഫ് സെക്രട്ടറി ടോം ജോസ് എന്നിവര്‍ക്കെതിരേ അച്ചടക്കനടപടി വേണമെന്നാവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ നല്‍കിയ കത്തില്‍ ചീഫ് സെക്രട്ടറി മറിച്ചൊരു തീരുമാനമെടുത്തതും സര്‍ക്കാരിനെ വെട്ടിലാക്കിയിരുന്നു. ചീഫ് സെക്രട്ടറിയുടെ നിലപാടിനെ മറികടന്ന് പത്മകുമാറിനെ സസ്‌പെന്‍ഡ് ചെയ്‌തെങ്കിലും ടോം ജോസ് ഇപ്പോഴും സര്‍വീസിലുണ്ട്. ചീഫ് സെക്രട്ടറി ഇത്തരത്തില്‍ ഫയലുകള്‍ പൂഴ്ത്തുകയാണെന്നാരോപിച്ച് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ പരാതിയുമുണ്ട്. ഫെബ്രുവരി ആറിന് ഹരജി പരിഗണിക്കാനിരിക്കുകയാണ്. കഴിഞ്ഞ തവണ ഹരജി പരിഗണിച്ച കോടതി സര്‍ക്കാരിനെയും ചീഫ് സെക്രട്ടറിയെയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ചവറ കെഎംഎംഎല്ലിലെ മ—ഗ്‌നീഷ്യം ഇടപാട്, അനധികൃത സ്വത്ത് സമ്പാദനം തുടങ്ങിയ കേസിലെ എഫ്‌ഐആര്‍ പരിശോധിച്ച വിജിലന്‍സ് കോടതി, അഴിമതിക്കാരായ ഉദ്യോഗസ്ഥരെ നിലനിര്‍ത്തുന്നത് എന്തിനെന്നു ചോദിച്ചിരുന്നു. ടോം ജോസിനെതിരേ നടപടി വേണമെന്നാവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ ആഭ്യന്തര സെക്രട്ടറി മുഖേന സര്‍ക്കാരിനു നല്‍കിയ റിപോര്‍ട്ട് മുഖ്യമന്ത്രിയിലെത്തിയിരുന്നില്ല. നടപടിവേണമെന്ന വിജിലന്‍സിന്റെ റിപോര്‍ട്ട് ശരിവച്ച ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോ ഇത് ചീഫ് സെക്രട്ടറിക്ക് കൈമാറുകയും ചെയ്തിരുന്നു. എന്നാല്‍, ചീഫ് സെക്രട്ടറി ഫയലില്‍ നടപടിയാവശ്യമില്ലെന്നാണ് രേഖപ്പെടുത്തിയത്. ഫലത്തില്‍, ചീഫ് സെക്രട്ടറിയുടെ ചെയ്തി കാരണം മങ്ങലേല്‍ക്കുന്നത് സര്‍ക്കാരിന്റെയും വിജിലന്‍സ് ഡയറക്ടറുടെയും സീറോ അഴിമതിയെന്ന ലക്ഷ്യത്തിനാണ്. ഇതിനിടയിലാണ്, ചീഫ് സെക്രട്ടറിക്കെതിരേ വിജിലന്‍സില്‍ പരാതിയുമെത്തുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss