|    Mar 23 Thu, 2017 9:57 am
FLASH NEWS

ചീനവല ഉടമയുടെ മര്‍ദ്ദനമേറ്റ് പരമ്പരാഗത മല്‍സ്യത്തൊഴിലാളിക്ക് ഗുരുതര പരിക്ക്

Published : 8th April 2016 | Posted By: SMR

മുഹമ്മ: ചീനവല ഉടമയുടെ മര്‍ദ്ദനമേറ്റ് പരമ്പരാഗത മല്‍സ്യത്തൊഴിലാളിക്ക് ഗുരുതര പരിക്ക്. മുഹമ്മ വട്ടത്തറയില്‍ ഗോപി(60)നാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ചേര്‍ത്തല ഗവ. ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രിയില്‍ കായിപ്പുറം ലമണ്‍ട്രീ റിസോര്‍ട്ടിന് തെക്ക് വശം വലയിട്ടതിന് ശേഷം വീട്ടിലേയ്ക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. അക്രമികള്‍ ഗോപിയുടെ വലത് കാലും ഇടത് കൈയ്യും തല്ലി ഒടിക്കുകയും വയറിനും നെഞ്ചിനും പരിക്കേല്‍പ്പിക്കുകയും ചെയ്തു.
രാത്രി ഏറെവൈകിയും  കാണാതായതിനെ തുടര്‍ന്ന് ഭാര്യയും മകളും അന്വേഷിച്ച് ചെല്ലുമ്പോള്‍ കുറ്റിക്കാട്ടില്‍ പരിക്കേറ്റ നിലയില്‍ ഗോപിയെ കണ്ടെത്തുകയായിരുന്നു. മുഹമ്മ പോലിസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലിസ് ജീപ്പില്‍ ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെത്തിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ചീനവല ഉടമ കായിപ്പുറം വടക്കേപറമ്പില്‍ അനില്‍ കുമാറിനും ബന്ധുക്കള്‍ക്കുമെതിരെ മുഹമ്മ പോലിസ് കേസെടുത്തു. ചീനവലയുടെ സമീപത്ത് നീട്ടുവലയിട്ടതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചതെന്ന് പറയപ്പെടുന്നു.
പരമ്പരാഗത മല്‍സ്യത്തൊഴിലാളികളും ചീന വലക്കാരും തമ്മില്‍ കുറെകാലങ്ങളായി തര്‍ക്കം നിലനിന്നിരുന്നു. തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടര്‍ തുറക്കുമ്പോള്‍ മല്‍സ്യങ്ങളുടെ വരവ് വര്‍ധിക്കുന്ന സമയത്താണ് തര്‍ക്കം മൂര്‍ഛിക്കുന്നത്. ബണ്ട് മുതല്‍ പുന്നമട വരെയുള്ള പ്രദേശങ്ങളില്‍ അമ്പതോളം ചീന വലകളാണ് മുമ്പ് ഉണ്ടായിരുന്നതെങ്കില്‍ ഇന്ന് ആയിരത്തോളമായി വര്‍ധിച്ചിട്ടുണ്ട്. ബണ്ട് നിര്‍മിച്ചതിന് ശേഷം ആനുകൂല്യങ്ങള്‍ കൊടുത്ത് ചീനവലക്കാരെ സര്‍ക്കാര്‍ ഒഴിപ്പിച്ചിരുന്നു. എന്നാല്‍ പിന്നീട് കൂണുകള്‍പോലെ ഇവ മുളച്ച് പൊന്തുകയാണ് ചെയ്തത്. ചീനവലക്കാരും പരമ്പരാഗത മല്‍സ്യത്തൊഴിലാളികളും മാത്രമല്ല സ്ഥല ഉടമകളായിട്ട് പോലും തര്‍ക്കങ്ങളും കേസുകളും നിലവിലുണ്ട്.
സ്ഥലം ഉടമയുടെ അനുവാദമില്ലാതെ ചീനവല നിര്‍മിക്കാന്‍ പാടില്ല എന്ന നിയമം നിലനില്‍ക്കുകയാണ് അനധികൃത ചീനവല നിര്‍മാണം നടക്കുന്നത്.  മുന്‍ ജില്ലാകലക്ടര്‍ എന്‍ പത്മകുമാറിന്റെ നേതൃത്വത്തില്‍ ചീനവലകള്‍ പൊളിച്ച് നീക്കുവാനുള്ള നടപടിയുമായി മുന്നോട്ട് വന്നെങ്കിലും സ്ഥലം മാറിയതോടെ നടപടി അവസാനിച്ചു.
ചീനവലകള്‍ക്ക് അകലെ നിന്ന് കൈവയര്‍ ഉപയോഗിച്ച് അനധികൃതമായി വൈദ്യുതി എടുക്കുന്നതിനെതിരെ ഐ ജി ഋഷിരാജ്‌സിങിന്റെ നേതൃത്വത്തില്‍ നടപടി ആരംഭിച്ചപ്പോള്‍ ചീനവലക്കാര്‍ ഒരുമാസത്തോളം വൈദ്യുതി ബന്ധം വേര്‍പെടുത്തി മല്‍സ്യബന്ധനം നടത്താതിരുന്നു. അദ്ദേഹം മാറിയതോടെ ഇരട്ടി ആവേശത്തോടെയാണ് ചീനവലക്കാര്‍ രംഗത്തെത്തിയത്. കൈവയര്‍ വൈദ്യുതി നീട്ടിവലിക്കുന്നത് അപകടങ്ങള്‍ വര്‍ധിക്കാന്‍ കാരണമാവും. മഴക്കാലത്ത് പരമ്പരാഗത മല്‍സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് ഏര്‍പ്പെടുന്നവര്‍ കൈവയര്‍ പൊട്ടിവീണ് അപകടങ്ങള്‍ ഉണ്ടാവുന്നത് പതിവാണ്.
വേമ്പനാട്ട് കായലില്‍ വര്‍ഷങ്ങളായി പോലിസ് പട്രോളിങ്ങോ ഫിഷറീസ് വകുപ്പിന്റെ അന്വേഷണമോ നടക്കാറില്ല. അനധികൃത മല്‍സ്യബന്ധനം കക്കാഖനനം തടയുന്നതിന് നടപടികള്‍ സ്വീകരിക്കുവാന്‍ അധികൃതര്‍ തയ്യാറാകാത്തത് മൂലം കായല്‍ തീരങ്ങളില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്.

(Visited 81 times, 1 visits today)
thanur-inner madani-inner abdulla-iner     PER Mazhappody-inner karimbu-inner                  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക