|    Oct 24 Wed, 2018 2:58 am
FLASH NEWS

ചീങ്ങേരിമലയെ ട്രക്കിങ് ഡെസ്റ്റിനേഷനായി വികസിപ്പിക്കുന്നു

Published : 9th September 2017 | Posted By: fsq

 

കല്‍പ്പറ്റ: അമ്പലവയല്‍ പഞ്ചായത്തിലെ ഇരുപതാം വാര്‍ഡില്‍ സമുദ്രനിരപ്പില്‍നിന്നു 2,600 അടി ഉയരത്തിലുള്ള ചീങ്ങേരിമലയെ ട്രക്കിങ് ഡെസ്റ്റിനേഷനായി വികസിപ്പിക്കുന്നു. ഇതിനായി സംസ്ഥാന വിനോദസഞ്ചാര വികസന വകുപ്പ് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന് 1.04 കോടി രൂപ അനുവദിച്ചു. ഈ തുക വിനിയോഗിച്ചുള്ള പ്രവൃത്തികള്‍ വൈകാതെ ആരംഭിക്കും. പ്രവൃത്തി നടത്തുന്ന സര്‍ക്കാര്‍ അംഗീകൃത ഏജന്‍സിയെ നിര്‍ണയിക്കുന്നതിനു നടപടികള്‍ പുരോഗതിയിലാണ്. പ്രവൃത്തികള്‍ ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കുന്ന വിധത്തിലായിരിക്കും എജന്‍സിയുമായി ഉടമ്പടി. വയനാട്ടില്‍ വനംവകുപ്പിന്റെ നിയന്ത്രണമില്ലാത്ത ആദ്യ ട്രക്കിങ് ഡെസ്റ്റിനേഷനായിരിക്കും ചീങ്ങേരിമലയിലേതെന്നു ഡിടിപിസി മാനേജര്‍ പി പി പ്രവീണ്‍ പറഞ്ഞു. ഏഷ്യയിലെ റോക്ക് ഗാര്‍ഡന്‍ എന്ന് അറിയപ്പെടുന്ന പാറസമൂഹത്തില്‍പ്പെട്ടതാണ് ചീങ്ങേരിപ്പാറ ഉള്‍പ്പെടുന്നതാണ് ചീങ്ങേരിമല. കൊളഗപ്പാറ, എടക്കല്‍ ഗുഹ സ്ഥിതി ചെയ്യുന്ന അമ്പുകുത്തിപ്പാറ, മഞ്ഞപ്പാറ, ഫാന്റംറോക്ക് ഉള്‍പ്പെടുന്ന മട്ടിപ്പാറ എന്നിവയാണ് റോക്ക് ഗാര്‍ഡനിലെ മറ്റു പാറക്കെട്ടുകള്‍. ധാരാളം സാഹസിക സഞ്ചാരികളെത്തുന്ന വയനാട്ടില്‍ ട്രക്കിങ് സൗകര്യം പരിമിതമാണ്. വനം-വന്യജീവി വകുപ്പിന്റെ അധികാരപരിധിയിലുള്ളതില്‍ ബ്രഹ്മഗിരി, പക്ഷിപാതാളം, വെള്ളരിമല എന്നിവിടങ്ങളില്‍ ട്രക്കിങ് നിരോധിച്ചു. ചെമ്പ്രമലയില്‍ വര്‍ഷത്തില്‍ ആറ് മാസത്തോളമാണ് ട്രക്കിങ് അനുവദിക്കുന്നത്. ഡിടിപിസിയുടെ നിയന്ത്രണത്തിലുള്ള എടക്കലില്‍ ട്രക്കിങിനു കര്‍ശന നിയന്ത്രണമുണ്ട്. ഈ പശ്ചാത്തലത്തിലാണ് ചീങ്ങേരിമലയെ ട്രക്കിംഗ് ഡെസ്റ്റിനേഷനായി വികസിപ്പിക്കുന്നത്. ചീങ്ങേരിമലയിലെ ട്രക്കിങ് സാധ്യത വര്‍ധിപ്പിക്കുന്നതാണ് കാരാപ്പുഴ വിനോദസഞ്ചാര കേന്ദ്രം, എടക്കല്‍ ഗുഹ എന്നിവയുമായുള്ള സാമീപ്യം. അമ്പലവയലില്‍നിന്നു കുറ്റിക്കൈത, അടിവാരം വഴി കാരാപ്പുഴയിലേക്ക് പോവുന്ന വഴിയോടു ചേര്‍ന്നാണ് ചീങ്ങേരിമല. ഈ മലയിലാണ് വിനോദസഞ്ചാരകേന്ദ്രമായ കടുവാക്കുഴി. ട്രക്കിങ് സംവിധാനങ്ങള്‍, മള്‍ട്ടി പര്‍പസ് ബ്ലോക്ക്, പ്രവേശനകവാടം, ക്ലോക്ക് റൂം, സെക്യൂരിറ്റി റൂം, ടോയ്‌ലറ്റ്, ലാന്‍ഡ്‌സ്‌കേപ്പിങ്, ടിക്കറ്റ് കൗണ്ടര്‍ തുടങ്ങിയ പ്രവൃത്തികളാണ് ട്രക്കിങ് ഡെസ്റ്റിനേഷനായി വികസിപ്പിക്കുന്നതിന്റെ ഭാഗമായി ചീങ്ങേരിമലയില്‍ വിഭാവനം ചെയ്തിരിക്കുന്നത്. വനംവകുപ്പിന്റെ അധികാരപരിധിക്ക് പുറത്തായതിനാല്‍ വര്‍ഷത്തില്‍ എല്ലാ ദിവസവും ചീങ്ങേരിമലയില്‍ ട്രക്കിങ് അനുവദിക്കാന്‍ കഴിയും. പുല്‍പ്പള്ളി പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ കര്‍ണാടക അതിര്‍ത്തിയോടു ചേര്‍ന്നുള്ള മാവിലാംതോട് വിനോദസഞ്ചാര കേന്ദ്രത്തിന്റെ രണ്ടാംഘട്ടം വികസനത്തിനു ടൂറിസം വകുപ്പ് 1.19 കോടി രൂപ അനുവദിച്ചതായും ഡിടിപിസി മാനേജര്‍ പറഞ്ഞു. ബ്രിട്ടീഷ് പടയുമായുള്ള പോരിനിടെ പഴശ്ശിരാജ പ്രാണന്‍ വെടിഞ്ഞ സ്ഥലമാണ് മാവിലാംതോട്. ഇവിടെ ഡിടിപിസിയുടെ കൈവശമുള്ള സ്ഥലത്ത് ഉദ്യാന നിര്‍മാണം ഉള്‍പ്പെടെ പ്രവൃത്തികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss