|    Jan 21 Sat, 2017 5:47 am
FLASH NEWS

ചിഹ്നം കിട്ടാതെയും കിട്ടിയും പുലിവാല്‍ പിടിച്ചവര്‍…

Published : 25th April 2016 | Posted By: SMR

എം മുഹമ്മദ് യാസര്‍

തിരുവനന്തപുരം: ഒരു ചിഹ്നത്തില്‍ എന്തിരിക്കുന്നുവെന്ന് ചിന്തിക്കുന്നവര്‍ നിരവധിയുണ്ട്. എന്നാല്‍, ചിഹ്നത്തിന്റെ പേരില്‍ പുലിവാല്‍ പിടിച്ചിരിക്കുകയാണ് തിരുവനന്തപുരം നഗരത്തില്‍ മല്‍സരിക്കുന്ന രണ്ടു സ്ഥാനാര്‍ഥികള്‍. തിരുവനന്തപുരം മണ്ഡലത്തില്‍ കിട്ടാത്ത ചിഹ്നത്തിന്റെ പേരിലാണ് സ്ഥാനാര്‍ഥിയുടെ ആധിയെങ്കില്‍ തൊട്ടടുത്ത നേമത്ത് കൈയിലുള്ള ചിഹ്നത്തിന്റെ പേരിലാണ് പരിഭവം. ഇരുവരും പല സാഹചര്യങ്ങളിലായി കേരളാ കോണ്‍ഗ്രസ്സിനോട് സലാം പറഞ്ഞ് ഇരുവഴിക്കെത്തിയവര്‍.
ഇത്രകാലവും ഫാന്‍ ചിഹ്നത്തില്‍ കാറ്റുംകൊണ്ട് തിരഞ്ഞെടുപ്പിനെ നേരിട്ടയാളാണ് വി സുരേന്ദ്രന്‍പിള്ള. എന്നാല്‍ ഇരുട്ടിവെളുക്കും മുമ്പ് എല്‍ഡിഎഫ് വിട്ട് യുഡിഎഫ് സ്ഥാനാര്‍ഥിയായ പിള്ളയ്ക്ക് കിട്ടിയതും മൂര്‍ച്ചയുള്ള ഒരു ചിഹ്നമാണ്- അമ്പ്. ചിഹ്നത്തിന് മൂര്‍ച്ചയുണ്ടെങ്കിലും കോണ്‍ഗ്രസ്സുകാര്‍ക്ക് ഇതില്‍ അത്ര ആത്മവിശ്വാസം പോര. ഒരുഘട്ടത്തില്‍ പിള്ളയ്ക്ക് ‘കൈ’ കൊടുത്ത് തനി കോണ്‍ഗ്രസ്സുകാരനാക്കണമെന്നുപോലും സാധാരണ കോണ്‍ഗ്രസ്സുകാര്‍ വാദിച്ചിരുന്നു. എന്തായാലും ‘കൈ’വിട്ട കളിയാണെങ്കിലും കിട്ടിയ അമ്പുവച്ച് ആഞ്ഞുപിടിച്ച് പ്രചാരണം നടത്തുകയാണ് സുരേന്ദ്രന്‍പിള്ള. പല അടവും ശീലിച്ചിട്ടുള്ള സുരേന്ദ്രന്‍ പിള്ള ജെഡിയുവിന്റെ അമ്പിലും ചെറിയൊരു പരീക്ഷണം നടത്തി. പോസ്റ്ററും ഫഌക്‌സുമെല്ലാം ത്രിവര്‍ണത്തില്‍ കുളിപ്പിച്ചും അമ്പിനടുത്ത് സോണിയയ്ക്കും രാഹുലിനും ആന്റണിക്കുമെല്ലാം സ്ഥാനം നല്‍കി പരമാവധി കോണ്‍ഗ്രസ്‌വല്‍ക്കരിച്ചിട്ടുണ്ട്. ഈ ത്രിവര്‍ണ അമ്പിന്റെ മൂര്‍ച്ചയറിയാന്‍ ഇനി മെയ് 19 വരെ കാത്തിരിക്കണം.
സുരേന്ദ്രന്‍ പിള്ളയെ അമ്പ് വെള്ളം കുടിപ്പിച്ചപ്പോള്‍ തൊട്ടടുത്ത തിരുവനന്തപുരം മണ്ഡലത്തില്‍ ചുവപ്പ് പുതച്ച് നിറംമാറിയെത്തിയ ആന്റണി രാജുവിന്റെ ടെന്‍ഷന്‍ ചിഹ്നം കിട്ടാത്തതിന്റെ പേരിലാണ്. ചെഞ്ചുവപ്പന്‍ ഫഌക്‌സുകളില്‍ വെളുത്ത ഒരു വട്ടമിട്ട് കിട്ടുന്നതെന്തായാലും സ്വീകരിക്കാനുള്ള മനസ്സുമായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിന് കാക്കുകയാണ് ആന്റണി രാജു. എന്നാല്‍, പുതിയ പാര്‍ട്ടിയല്ലേ പതുക്കെ തരാമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിലപാട്. തിരുവനന്തപുരത്തെ മറ്റൊരു കൗതുകം എഐഎഡിഎംകെ സ്ഥാനാര്‍ഥി ബിജു രമേശാണ്. ജയലളിതയുടെ എഐഎഡിഎംകെയും മാണി സാറിന്റെ കേരളാ കോണ്‍ഗ്രസ്സും രണ്ടില ചിഹ്നക്കാരാണ്. എന്നാല്‍, മന്ത്രിയായിരുന്ന മാണി സാറിനെ ബാറില്‍ വെള്ളം കുടിപ്പിച്ച ബിജു രമേശ് സ്ഥാനാര്‍ഥിയായപ്പോള്‍ കിട്ടിയതും മികച്ചൊരു ചിഹ്നമാണ്. ഒരു സ്‌റ്റൈലന്‍ ‘തൊപ്പി’. എന്തായാലും കടുത്ത വേനലില്‍ തൊപ്പിയും വച്ചുള്ള വോട്ടുപിടുത്തം സ്ഥാനാര്‍ഥിക്കും പ്രവര്‍ത്തകര്‍ക്കും ആശ്വാസമാവുന്നുണ്ട്. അമ്മയുടെ അനുഗ്രഹാശിസ്സുകള്‍ പൂര്‍ണമായും ഉള്ളതിനാല്‍ തോറ്റ് ‘തൊപ്പി’യിടുമെന്ന രാഷ്ട്രീയ പ്രതിയോഗികളുടെ കളിയാക്കലൊന്നും ഇവര്‍ കാര്യമാക്കുന്നുമില്ല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 563 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക