|    Nov 14 Wed, 2018 8:00 am
FLASH NEWS

ചില വിവാഹമോചന പ്രശ്‌നങ്ങള്‍

Published : 26th July 2016 | Posted By: mi.ptk

10

ര്‍ത്താവിന്റെ വീട്ടുവരാന്തയില്‍ കൈക്കുഞ്ഞുമായി ചെറുപ്രായത്തിലുള്ളൊരു യുവതി സമരം നടത്തുന്നു. അവളറിയാതെ ഭാര്യാപദത്തില്‍ നിന്നൊഴിവാക്കിയ ഭര്‍ത്താവില്‍ നിന്ന് നീതി വേണമെന്നാണാവശ്യം. ഭര്‍ത്താവ് രണ്ടാമതൊരാളെ വിവാഹം കഴിച്ചു സുഖമായി ജീവിക്കുകയാണ്. അയാള്‍ക്കു മുന്നില്‍ വേറെ തടസ്സങ്ങളൊന്നുമില്ല. ഒരു നിയമവ്യവസ്ഥയും അയാളെ ചോദ്യംചെയ്യുന്നില്ല.  ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത് നിയമത്തിന്റെ കുറവുകൊണ്ടാണോ?കുറച്ചു പണമുണ്ടെങ്കില്‍ ഭാര്യയെയും സ്വന്തം കുഞ്ഞിനെയും ഒഴിവാക്കി ഇഷ്ടമുള്ള സമയത്ത് മറ്റൊരു സ്ത്രീയെ വിവാഹം ചെയ്യാം. ഇതിനു മറ്റു തടസ്സങ്ങളൊന്നുമില്ലാതിരിക്കുകയും ചെയ്യുന്നു.

12കോഴിക്കോട് വെള്ളക്കണ്ടി സ്വദേശിനി അഫ്‌സാനയാണ് ഭര്‍ത്താവിന്റെ വീട്ടുപടിക്കല്‍ ഭാര്യയെന്ന സ്ഥാനം നഷ്ടപ്പെട്ടതിനെതിരേ സമരം ചെയ്തത്. മൂന്നു വര്‍ഷം മുമ്പാണ് വിവാഹം നടന്നത്. രണ്ടു വയസ്സുള്ളൊരു മകളുമുണ്ട്. വിവാഹം ചെയ്ത നാള്‍ മുതല്‍ കിട്ടിയ സ്വര്‍ണത്തിന്റെ തൂക്കം പോരെന്നും പെണ്ണിനു നിറം പോരെന്നുമുള്ള പരാതിയുണ്ട്. എംഎ, ബിഎഡ് ബിരുദധാരിയായ മരുമകളെ ജോലിക്കയക്കില്ലെന്ന വാശിയിലായിരുന്നു ഭര്‍തൃവീട്ടുകാര്‍. ഭര്‍തൃമാതാവും പിതാവും മരുമകള്‍ക്ക് സ്വത്തില്ലാത്തതില്‍ അസ്വസ്ഥരായിരുന്നു. എല്ലാം കൂടിയായപ്പോള്‍ മകന് ഭാര്യയെ തീര്‍ത്തും വേണ്ടാതായി. വിവാഹത്തിന്റെ ആദ്യദിനങ്ങളില്‍ തന്നെ പ്രശ്‌നങ്ങളായി. പലതവണ സ്വന്തം വീട്ടിലേക്കു മടങ്ങേണ്ടി വന്നു. ഭര്‍ത്താവിനൊപ്പം ജീവിക്കണമെന്ന ആഗ്രഹം കൊണ്ടാണ് എല്ലാ കുത്തുവാക്കുകളും ഉപദ്രവവും ഈ പെണ്‍കുട്ടി സഹിച്ചത്. ഗര്‍ഭിണിയായതോടെ ഉപദ്രവം കൂടിയതല്ലാതെ കുറഞ്ഞില്ല. 11പ്രസവിക്കാനായി സ്വന്തം വീട്ടിലേക്കു പോയ അഫ്‌സാനയെ ഭര്‍ത്താവോ വീട്ടുകാരോ തിരിഞ്ഞുനോക്കിയില്ല. പിതാവ് വളരെ മുമ്പ് മരണപ്പെട്ട, അഞ്ചു പെണ്‍മക്കളും രണ്ടാണ്‍മക്കളുമുള്ള കുടുംബത്തിലെ അംഗമാണ് അഫ്‌സാന. പ്രസവവും അനുബന്ധ ചെലവുകളുമെല്ലാം സഹോദരിമാരുടെ ഭര്‍ത്താക്കന്‍മാരുടെ സഹായത്താല്‍ നടന്നു. കുട്ടി ജനിച്ചതടക്കമുള്ള വിവരങ്ങള്‍ അറിയിച്ചിട്ടും ഭര്‍ത്താവ് അനങ്ങിയില്ല. ഈ സമയങ്ങളിലെല്ലാം നിരന്തരം ഫോണില്‍ ഭര്‍ത്താവിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അയാള്‍ ഫോണെടുക്കാന്‍ വരെ തയ്യാറായില്ലെന്നാണ് ഈ പെണ്‍കുട്ടി പറയുന്നത്. പിന്നീട് ചില വനിതാ അഭിഭാഷകരടങ്ങുന്ന സംഘം ഈ പ്രശ്‌നത്തില്‍ ഇടപെട്ടതോടെ കേസും പോലിസ് സ്‌റ്റേഷനുമൊക്കെയായി. ഒത്തുതീര്‍പ്പിനു ശ്രമങ്ങള്‍ നടക്കുകയും നഷ്ടപരിഹാരം നല്‍കാമെന്ന് ഭര്‍ത്താവ് വാക്കു കൊടുക്കുകയും ചെയ്തു. പക്ഷേ, വാക്ക് വാക്കായി തന്നെ നിലനിന്നു. പിന്നീട് കേള്‍ക്കുന്നത് ഭര്‍ത്താവ് വേറെ വിവാഹം ചെയ്‌തെന്നും വിവാഹസല്‍ക്കാരം നടക്കുന്നുവെന്നുമാണ്. ഇതറിഞ്ഞാണ് ഈ പെണ്‍കുട്ടി ഭര്‍ത്താവിന്റെ വീട്ടിലെത്തിയത്. വരാന്തയില്‍ താമസമാക്കിയതോടെ വിഷയം നാട്ടുകാര്‍ ഏറ്റെടുത്തു. പ്രാദേശിക സമിതിയുണ്ടാക്കി വിഷയം ചര്‍ച്ചചെയ്തു. ഒടുവില്‍ 5.8 ലക്ഷം രൂപ നഷ്ടപരിഹാരവും മാസം തോറും മകള്‍ക്ക് ചെലവിനായി 1,750 രൂപയും നല്‍കാമെന്നു ഭര്‍ത്താവ് സമ്മതിച്ചു. ഇതോടെ ആ അധ്യായം അവിടെ അവസാനിച്ചു. അവള്‍ സ്വന്തം വീട്ടിലേക്കു രണ്ടു വയസ്സുകാരി മകളുമായി തിരിച്ചെത്തി. ഭര്‍ത്താവ് തന്നെ ത്വലാഖ് ചൊല്ലിയെന്നു പറയുന്നു. എന്തു വ്യവസ്ഥയിലാണിതെന്നറിയില്ല. ഒരു നോട്ടീസ് പോലും ലഭിച്ചിട്ടില്ല. ഇത്ര നിസ്സാരമായി ഒരു സ്ത്രീയുടെ ജീവിതം വലിച്ചെറിയാന്‍ കഴിയുന്ന രീതിയില്‍ നിയമങ്ങളെ മാറ്റിമറിച്ചതാരാണെന്നാണ് വിദ്യാസമ്പന്നയായ ഈ പെണ്‍കുട്ടിയുടെ ചോദ്യം. മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് അംഗം ഡോ. അസ്മ സെഹ്‌റ കഴിഞ്ഞ ദിവസങ്ങളില്‍ കോഴിക്കോട്ടെത്തി മുസ്‌ലിം വനിതാ സംഘടനാ പ്രതിനിധികളുമായി ചര്‍ച്ചനടത്തിയിരുന്നു. മുസ്‌ലിം വ്യക്തിനിയമത്തെ താഴ്ത്തിക്കെട്ടാന്‍ മുത്ത്വലാഖ് ഒരു വിഷയമായി ഉയര്‍ത്തിക്കൊണ്ടു വരുന്നുവെന്നാണ് ഡോ. അസ്മ മാധ്യമങ്ങളോട് പറഞ്ഞത്. മുത്ത്വലാഖ് കാര്യമായ വിഷയമല്ലെന്നും 97 ശതമാനം

വിവാഹവും വിജയത്തിലെത്തിയതായും കോഴിക്കോട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അവര്‍ പറയുകയുണ്ടായി. മുത്ത്വലാഖ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ നടക്കുന്ന കേസില്‍ വ്യക്തിനിയമ ബോര്‍ഡ് കക്ഷി ചേര്‍ന്ന സാഹചര്യത്തിലായിരുന്നു സിറ്റിങ്. ശരീഅത്ത് നിയമം ഭേദഗതി ചെയ്യുന്നതിനെതിരേ മുസ്‌ലിം വനിതാ സംഘടനകളുടെ അഭിപ്രായം സ്വരൂപിക്കുകയായിരുന്നു പരിപാടിയുടെ ലക്ഷ്യം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss