|    Jun 24 Sun, 2018 6:48 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

ചില ബജറ്റ്കാല വിചാരങ്ങള്‍

Published : 28th June 2016 | Posted By: SMR

ജോണ്‍ സാമുവല്‍

നമ്മുടെ പുതിയ ധനകാര്യമന്ത്രി ബജറ്റ് എഴുതുന്ന തിരക്കിലാണ്. സാധാരണ ബജറ്റ് പ്രസംഗവും അവതരണവും കഴിഞ്ഞ് ഒരു 24 മണിക്കൂര്‍ കഴിഞ്ഞാല്‍ മാധ്യമങ്ങളും പൊതുജനങ്ങളും ബജറ്റിനെ മറക്കുകയാണു പതിവ്. ബജറ്റ് പ്രസംഗത്തിന്റെ കാര്യമാണെങ്കില്‍ പറഞ്ഞതില്‍ പാതി പതിരായിപ്പോയി, അറിഞ്ഞതില്‍ പാതി നടക്കാതെ പോയി എന്ന അവസ്ഥയാണ്. പല മോഹനവാഗ്ദാനങ്ങളും പുസ്തകത്തിലെ പശു പുല്ലുതിന്നുന്നപോലെയാണ്. ജനങ്ങളുടെ നികുതിപ്പണവും ലോട്ടറിയും മറ്റു ചെപ്പടിവിദ്യകളിലൂടെയും വാങ്ങുന്ന പണവും ജനങ്ങളുടെ പേരില്‍ കടമെടുക്കുന്ന പണവും എന്തിനൊക്കെ ചെലവാക്കുമെന്ന് അസംബ്ലിയില്‍ അവതരിപ്പിച്ചു പാസാക്കി സര്‍ക്കാര്‍ഭരണം നടത്തിക്കൊണ്ടുപോവാനുള്ള ഏര്‍പ്പാടാണ് ബജറ്റ്. ബജറ്റ് ജനങ്ങള്‍ക്കു വേണ്ടി എന്നാണ് വയ്പ്. എന്നാല്‍, നമ്മുടെ ബജറ്റിന്റെ സിംഹഭാഗവും ശമ്പളം, പെന്‍ഷന്‍, പലിശ എന്നിവയ്ക്കാണ് ചെലവാക്കുന്നത്. മുഖ്യമന്ത്രി തൊട്ട് താഴെ വില്ലേജ് ഓഫിസ് വരെയുള്ളവര്‍ക്ക് ശമ്പളം കൊടുക്കുന്നത് ഈ നാട്ടിലെ പൗരന്മാരാണ്. മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥപ്രമുഖര്‍ക്കും കൊടിവച്ച കാറും വീടും മറ്റു സന്നാഹങ്ങളും നല്‍കുന്നതും നാട്ടുകാര്‍ തന്നെയാണെന്നു മറക്കാതിരിക്കുക.
ബജറ്റ് ജനങ്ങള്‍ക്കുവേണ്ടി ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ അവതരിപ്പിച്ച് ജനങ്ങള്‍ക്കുവേണ്ടി ചെലവാക്കുന്നു എന്നാണ് ജനായത്തസങ്കല്‍പം. പക്ഷേ, വാസ്തവത്തില്‍ ബജറ്റ് നിര്‍മാണവേളയിലോ ചെലവഴിക്കുന്ന വേളയിലോ ജനങ്ങളുടെ പങ്ക് വട്ടപൂജ്യമാണ്. ബജറ്റ് നിര്‍മാണവേളയില്‍ അടച്ചിട്ട മുറികളില്‍ വരേണ്യ ബിസിനസുകാരുമായും അവരുടെ സംഘടനാപ്രതിനിധികളുമായും ചര്‍ച്ചചെയ്‌തെന്നു വരുത്തി സര്‍ക്കാര്‍കാര്യം മുറപോലെ എന്ന രീതിയില്‍ ബജറ്റ് അവതരിപ്പിച്ചുപോവുകയാണു പതിവു പരിപാടി.
എന്നാല്‍, സാധാരണക്കാരും പാവപ്പെട്ടവരുമാണ് എല്ലാ ദിവസവും ഉപ്പുതൊട്ട് കര്‍പ്പൂരം വരെ വാങ്ങുമ്പോള്‍ വില്‍പന നികുതി നല്‍കിയും പിന്നെ ഭാഗ്യക്കുറി വാങ്ങിയും ക്യൂ നിന്ന് സര്‍ക്കാര്‍ മദ്യക്കടകളില്‍നിന്ന് മദ്യം വാങ്ങിയും അനുദിനം ഖജനാവിനെ പരിപോഷിപ്പിക്കുന്നത്. ഇതില്‍ ഇതരസംസ്ഥാന തൊഴിലാളികളും ആദിവാസികളും ദലിത് സമൂഹവും കര്‍ഷകരും ഈ നാട്ടിലെ എല്ലാ ആളുകളും പെടും. എന്നാല്‍, അവരുടെ ആവലാതികള്‍ കേള്‍ക്കാനോ പൗരസമൂഹത്തിന് പറയാനുള്ളതു കേള്‍ക്കാനോ അവരുടെ നിര്‍ദേശങ്ങള്‍ സ്വീകരിക്കാനോ മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും തിരക്കുകള്‍ക്കിടയില്‍ സമയമില്ല എന്നതാണു വാസ്തവം.
പുതിയ ധനകാര്യമന്ത്രി വിദ്യാഭ്യാസവും വിവരവുമുള്ള സാമ്പത്തികകാര്യ വിദഗ്ധനും സര്‍വോപരി ജനപങ്കാളിത്ത രാഷ്ട്രീയത്തിന്റെ വക്താവുമായ ഡോ. തോമസ് ഐസക് ആണ്. മറ്റു മന്ത്രിമാരില്‍നിന്ന് വ്യത്യസ്തമായി അദ്ദേഹം ഫേസ്ബുക്കിലും മറ്റും സദാ സജീവമാണ്. അദ്ദേഹം ഡല്‍ഹിയില്‍ പോയി കെജ്‌രിവാളിനെ കണ്ടു നികുതിചര്‍ച്ചകള്‍ ഒക്കെ നടത്തി വിഴിഞ്ഞത്ത് ബജറ്റ് പ്രസംഗം തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ് എന്ന് ഫേസ്ബുക്കിലൂടെ അറിഞ്ഞു. നല്ലകാര്യം. പുതിയ തിരക്കുകള്‍ക്കിടയില്‍ അദ്ദേഹത്തിന് സര്‍ക്കാരിനു വെളിയിലുള്ളവരുമായി സംവദിക്കാനോ അവര്‍ക്കു പറയാനുള്ളത് കേള്‍ക്കാനോ സമയമോ സൗകര്യമോ ഉണ്ടാവുമോയെന്നു കണ്ടറിയണം.
പ്രശ്‌നം ബജറ്റ് പ്രക്രിയയില്‍ എത്രമാത്രം ജനപങ്കാളിത്തമുണ്ട് എന്നതു മാത്രമല്ല. ബജറ്റ് എപ്പോള്‍, എങ്ങനെ, എന്തിനൊക്കെ വേണ്ടി ചെലവാക്കുന്നു എന്നതും ചെലവാക്കുന്ന തുകയ്ക്ക് എന്തെങ്കിലും ഫലപ്രാപ്തി ഉണ്ടോ എന്നതുമാണ്. 2016 ജൂണില്‍ ചെലവഴിച്ചത് ബജറ്റ് തുകയുടെ വെറും 5.2 ശതമാനം മാത്രമാണ്. ഇതാണ് എല്ലാ വര്‍ഷത്തെയും സ്ഥിതി. ഇതുമുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളമാവാനാണു സാധ്യത. സാധാരണ ഒരു ഒക്ടോബര്‍-നവംബര്‍ മുതലാണ് ബജറ്റ് ചെലവു തുടങ്ങുന്നത്. ബജറ്റില്‍ വികസനത്തിന് ചെലവാക്കുന്നത് സാമ്പത്തികവര്‍ഷത്തിന്റെ അവസാന മാസങ്ങളിലും. ഇങ്ങനെ മാര്‍ച്ച് പാച്ചിലില്‍ ഓടിച്ചാടി ചെലവാക്കുന്ന തുകയില്‍ സിംഹഭാഗവും വേണ്ട ഫലം കാണുകയുമില്ല. ജനുവരി, മാര്‍ച്ച് മാസങ്ങളില്‍ മിക്ക വകുപ്പുകളും കോണ്‍ഫറന്‍സും സെമിനാറുകളും സംഘടിപ്പിക്കുന്ന തിരക്കിലായിരിക്കും. ഒരു വര്‍ഷം ഏകദേശം 20 കോടി രൂപ വിവിധ സെമിനാറുകള്‍ക്കും കോണ്‍ഫറന്‍സിനും വേണ്ടി സര്‍ക്കാര്‍ വകുപ്പുകള്‍ ചെലവാക്കാറുണ്ട്. മിക്കപ്പോഴും അതത് വകുപ്പുമന്ത്രിയുടെയും ഉദ്യോഗസ്ഥപ്രമുഖരുടെയും ഒരു പിആര്‍ അഭ്യാസം എന്നതില്‍ കവിഞ്ഞ് ഒട്ടുമിക്ക കോണ്‍ഫറന്‍സുകള്‍ക്കും ഒരു റിപോര്‍ട്ട് പോലും ഉണ്ടാവാറില്ല. അവിടെ നിന്നു കിട്ടുന്ന നിര്‍ദേശങ്ങളും വാഗ്ദാനങ്ങളും രണ്ടു ദിവസത്തിനുള്ളില്‍ എല്ലാവരും മറക്കും.
മാര്‍ച്ച് മാസ ചെലവഴിക്കല്‍ മല്‍സരത്തില്‍ ചെലവാക്കാന്‍ പറ്റാത്ത തുക ഇലക്ട്രോണിക് ലെഡ്ജറിലേക്കു മാറ്റി പിന്നെ ഒരു നാലുമാസം ചെലവാക്കാനുള്ള കാശ് മാറ്റിയിടുന്നതുകൊണ്ടാണ് അടുത്ത സാമ്പത്തികവര്‍ഷത്തെ നാലുമാസം പഴയതിന്റെ ബാക്കി ചെലവാക്കി കഴിയുന്നത്. ഇതു സംഭവിക്കുന്നത് കേരളത്തിലെ പൊതുധനകാര്യ ബജറ്റ് ട്രഷറി മാനേജ്‌മെന്റിന്റെ തകരാറുകൊണ്ടാണ്.
കേരളത്തില്‍ നിയമസഭയില്‍ പോലും ബജറ്റിനെ കുറിച്ച് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കാര്യമാത്രപ്രസക്തമോ ഗുണമേന്മയുള്ളതോ ആയ ചര്‍ച്ചകള്‍ നടക്കുന്നില്ല. പലപ്പോഴും കക്ഷിരാഷ്ട്രീയ വിഴുപ്പലക്കലുകള്‍ക്കും വാചകക്കസര്‍ത്തുകള്‍ക്കും അപ്പുറം ബജറ്റ് ചര്‍ച്ച പോവാറില്ല. കേരള നിയമസഭയുടെ ചരിത്രത്തില്‍ ഏറ്റവും ലജ്ജാകരമായ കക്ഷിരാഷ്ട്രീയ പൊറാട്ടുനാടകം അരങ്ങേറിയത് 2015ലെ ബജറ്റ് അവതരണവുമായി ബന്ധപ്പെട്ടാണ്. നിയമസഭ നടത്തുന്നതിനുവേണ്ടി ജനങ്ങള്‍ 80 കോടിയോളം തുക കൊടുക്കുന്നുണ്ട്. നിയമസഭയില്‍ ഇറങ്ങിപ്പോക്കും ബഹിഷ്‌കരണവും മറ്റു ബഹളങ്ങള്‍ എന്തൊക്കെ സൃഷ്ടിച്ചാലും എംഎല്‍എമാര്‍ നികുതിപ്പണത്തില്‍നിന്നു പ്രതിദിന ബത്തയും ശമ്പളവുമെല്ലാം പാര്‍ട്ടിഭേദമെന്യേ വാങ്ങിക്കുന്നുണ്ട്.
കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളില്‍ ഏകദേശം 350 കോടി രൂപ നിയമസഭാ നടത്തിപ്പിനുവേണ്ടി ചെലവാക്കിയിട്ടുണ്ട്. എല്ലാ നിയമസഭാ സമ്മേളനങ്ങളും വെറും കക്ഷിരാഷ്ട്രീയ പോര്‍ക്കളമാക്കി നിയമസഭാ നടപടികള്‍ അന്നന്നത്തെ ടിവി മാധ്യമങ്ങള്‍ക്കുള്ള കാഴ്ചകള്‍ സൃഷ്ടിച്ചു പിരിഞ്ഞുപോയ വകയില്‍ നഷ്ടമായത് കോടിക്കണക്കിനു രൂപയാണ്. കേരളത്തിലെ ഓരോ എംഎല്‍എ മാരും അറിയേണ്ടത് അവര്‍ തിരഞ്ഞെടുക്കപ്പെട്ടുകഴിഞ്ഞാല്‍ കക്ഷിരാഷ്ട്രീയത്തിനതീതമായി കേരളത്തിലെ ജനങ്ങളോടു മുഴുവന്‍ ഉത്തരവാദിത്തമുള്ള ജനപ്രതിനിധികളാണ് എന്നതാണ്. ജനപ്രതിനിധികളുടെ പ്രധാന കര്‍ത്തവ്യങ്ങളില്‍ ഒന്ന് ബജറ്റ് ചര്‍ച്ചചെയ്ത് പാസാക്കുക എന്നതാണ്.
ബജറ്റും ചെലവഴിക്കുന്ന തുകയും ചെലവഴിച്ച തുകയുടെ പ്രയോജനവും തമ്മില്‍ ഒരു ബന്ധവും ഇല്ലാതാവുമ്പോഴാണ് ബജറ്റ് ആര്‍ക്കുവേണ്ടി ആരുണ്ടാക്കി ചെലവഴിക്കുന്നു എന്ന ചോദ്യമുയരുന്നത്. കേരളത്തില്‍ ഒഴിവാക്കാവുന്ന ഒരുപാടു ദുര്‍ചെലവുകളുണ്ട്. ഗവേഷണമൊന്നും ചെയ്യാത്ത ഗവേഷണ സ്ഥാപനങ്ങള്‍ക്കും അതതു പാര്‍ട്ടികളുടെ സില്‍ബന്ധികള്‍ ഉണ്ടാക്കുന്ന തട്ടിക്കൂട്ടു സംവിധാനങ്ങള്‍ക്കുമൊക്കെ പണം ചെലവാക്കുന്നത് എന്തിനാണ്? ബജറ്റില്‍ 630 കോടി ആദിവാസി വികസനത്തിന് ചെലവാക്കിയിട്ടും ആദിവാസി കുട്ടികള്‍ പോഷകാഹാരക്കുറവുകൊണ്ട് മരിക്കുന്നത് എന്തുകൊണ്ടാണ്?
ഇതെല്ലാം കാണിക്കുന്നത് ബജറ്റ് പ്രക്രിയയിലും ബജറ്റ് ചെലവഴിക്കുന്നതിലും ഒന്നും സുതാര്യതയോ പൗരസമൂഹത്തോട് ജനകീയ ഉത്തരവാദിത്തമോ ഇല്ലെന്നതാണ്. ബജറ്റ് ഉദ്യോഗസ്ഥരില്‍ ഉദ്യോഗസ്ഥര്‍ക്കുവേണ്ടി ഉദ്യോഗസ്ഥര്‍ ചെയ്യുന്ന ഒരു ഏര്‍പ്പാടാവരുത്. കേരള പ്ലാനിങ് ബോര്‍ഡ് കഴിഞ്ഞ അഞ്ചുകൊല്ലത്തില്‍ ചെയ്ത ഒരു നല്ല കാര്യം ‘പ്ലാന്‍സ്‌പേസ്’ എന്ന പേരില്‍ ബജറ്റ് ചെലവുകണക്കുകള്‍ വെബ്‌സൈറ്റില്‍ കൊടുക്കുന്നു എന്നതാണ്.
ഒരു ജനകീയ സര്‍ക്കാര്‍ ആദ്യമായി ചെയ്യേണ്ടത് ബജറ്റിന്റെ പൂര്‍ണ വരവുചെലവ് കണക്കുകള്‍ വിശദമായി ജനങ്ങള്‍ക്ക് ലഭ്യമാക്കുക എന്നതാണ്. രണ്ടാമതായി, ബജറ്റ് വരവുചെലവ് കണക്കുകളെ കുറിച്ചുള്ള അവലോകന റിപോര്‍ട്ട് ജനസമക്ഷവും നിയമസഭയിലും അവതരിപ്പിക്കുക. ജനങ്ങള്‍ക്ക് ബജറ്റ് നിര്‍ദേശങ്ങളും പരാതികളും നല്‍കാന്‍ സംവിധാനം ആവശ്യമാണ്. അതുപോലെ പൗരസമൂഹവുമായി ചര്‍ച്ചകള്‍ സംഘടിപ്പിച്ച് ധനമന്ത്രി നേരിട്ട് നിര്‍ദേശങ്ങള്‍ സ്വീകരിക്കണം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss