|    Dec 17 Mon, 2018 10:16 am
FLASH NEWS
Home   >  Editpage  >  Lead Article  >  

ചില ജോര്‍ജ്, സോറി റബര്‍ ചിന്തകള്‍’

Published : 8th December 2018 | Posted By: kasim kzm

നാട്ടുകാര്യം കുന്നത്തൂര്‍ രാധാകൃഷ്ണന്‍

വലിച്ചാല്‍ വലിയും, വലി വിട്ടാല്‍ ചുരുങ്ങും’ എന്നു പറയാവുന്ന ഏക വസ്തുവേ ഈ ഭൂമുഖത്തുള്ളൂ. റബര്‍ എന്നാവുന്നു ഇവന്റെ പേര്. മലയാളികള്‍ക്കാണെങ്കില്‍ റബറില്ലെങ്കില്‍ ജീവിതമേ ഉണ്ടായിരുന്നില്ല. ക്ലാസ് മുറികളില്‍ അക്ഷരങ്ങളും വരകളും മായ്ക്കാന്‍ ഇന്‍സ്ട്രുമെന്റ് ബോക്‌സില്‍ റബര്‍ കഷണമുണ്ടാവും. ഇന്റര്‍നെറ്റ് കലികാലത്ത് റബര്‍ കഷണം ചവറ്റുകൊട്ടയില്‍ തേങ്ങുന്നത് വനിതാമതില്‍ സംഘടിപ്പിച്ച് രണ്ടാം നവോത്ഥാനം സൃഷ്ടിക്കാനുള്ള വ്യഗ്രതയില്‍ പിണറായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടില്ല.
എന്നാല്‍, വീരശൂരപരാക്രമിയും പൂഞ്ഞാറിന്റെ രോമാഞ്ചകഞ്ചുകവുമായ പി സി ജോര്‍ജിന്റെ നഗ്നനേത്രങ്ങള്‍ അതു കണ്ടുപിടിച്ചുകഴിഞ്ഞു. റബറിന്റെ കരച്ചില്‍ കേട്ട് ജോര്‍ജ് അച്ചായന്‍ പകുതി മലബാര്‍ ഭാഷയില്‍ സമാധാനിപ്പിച്ചു: ”യ്യ് കരയണ്ട. അനക്ക് ഞമ്മള് ദയാവധത്തിനു ശുപാര്‍ശ ചെയ്യാം.” അതു കേട്ടതോടെ റബര്‍ കരച്ചില്‍ രൂക്ഷമാക്കി. അച്ചായന്‍ റബര്‍ ചരിത്രം എന്ന കിതാബ് പഠിക്കാന്‍ തുടങ്ങി. റബര്‍ ഒരു അനാവശ്യ ഉല്‍പന്നമാണെന്ന് അങ്ങനെ ബോധ്യമായി. ബ്രിട്ടിഷുകാരാണ് മലയാളികളെ പറ്റിക്കാന്‍ റബര്‍ കുഴിച്ചിട്ടത്. ‘വലിച്ചാല്‍ വലിയും, വലിവിട്ടാല്‍ ചുരുങ്ങും’ എന്നതൊഴിച്ചാല്‍ റബറുകൊണ്ട് കാര്യമൊന്നുമില്ല. ഇക്കാര്യം സ്വാമിനാഥന്‍ റിപോര്‍ട്ടില്‍ മറച്ചുവച്ചതെന്തിന്? ബ്രിട്ടിഷുകാര്‍ക്ക് രണ്ടുകൊടുക്കാന്‍ സ്വാമിക്കും പേടിയെന്നോ? സ്വാതന്ത്ര്യസമരത്തില്‍ നിന്നു മലയാളികളെ അകറ്റിനിര്‍ത്തുക എന്നതായിരുന്നു റബര്‍ തൈകള്‍ ഇറക്കുമതി ചെയ്തതിന്റെ പിന്നിലെ ലക്ഷ്യം. ചരിത്രഗവേഷണത്തില്‍ പുതിയ റബര്‍ അധ്യായം കണ്ടെത്തിയ ജോര്‍ജ് പണിക്കാരോട് കല്‍പ്പിച്ചു: ”ഒരാഴ്ചയ്ക്കകം തോട്ടത്തില്‍ ഒരൊറ്റ റബറും കാണാന്‍ പാടില്ല. ഒക്കെ വെട്ടി ബ്രിട്ടനിലേക്കു കയറ്റിയയച്ചോ! ചെയ്തത് എന്താണെന്ന് ബ്രിട്ടന് ബോധ്യമാവട്ടെ. അവര്‍ക്ക് ഇതൊരു പാഠമാവട്ടെ.”
എല്ലാ റബര്‍ മരവും വെട്ടിത്തീര്‍ന്നപ്പോള്‍ അച്ചായന് വലിയ സംതൃപ്തി. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും ബ്രിട്ടിഷുകാരോട് പകതീര്‍ത്തതിന്റെ സംതൃപ്തി. നിയമസഭയിലെത്തി ഉടന്‍ വെടിപൊട്ടിക്കുകയും ചെയ്തു: ”ബ്രിട്ടന്റെ അരുമകളായ എല്ലാ റബര്‍മരങ്ങളും വെട്ടിക്കളയണം. റബര്‍വിരുദ്ധ വിപ്ലവം പൂഞ്ഞാറില്‍ തുടങ്ങിക്കഴിഞ്ഞു. മറ്റിടങ്ങളിലേക്ക് അതു പടര്‍ത്തുക എന്നത് അംഗങ്ങളുടെ ധാര്‍മിക ബാധ്യതയാണെന്നു പറയേണ്ടതുമുണ്ട്.”
അതു കേട്ടപ്പോള്‍ ഞെട്ടിയത് പാലാ മീശമാണിസാറാണ്. റബറില്ലെങ്കില്‍ പാലായില്ല. കോട്ടയമില്ല. കേരളാ കോണ്‍ഗ്രസ്സോ റബര്‍ പാര്‍ട്ടിയോ ഇല്ല. അണ്ഡകടാഹമില്ല. കടലും കടലാടിയുമില്ല. എന്നിട്ടും റബറിനെ പഴിക്കാന്‍ എങ്ങനെ മനസ്സ് വന്നുവെന്ന് ജോര്‍ജിന്റെ മുഖത്തുനോക്കി മാണിസാര്‍ ചോദിച്ചു. അപ്പോള്‍ രാജേട്ടനുമായി സൊള്ളുകയായിരുന്നു പൂഞ്ഞാര്‍ സിംഹം. പാലാസിംഹം ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ ജോര്‍ജ് പറഞ്ഞു: ”അതേ, ഞങ്ങള്‍ അതിനെക്കുറിച്ചു സംസാരിക്കുകയായിരുന്നു. ശബരിമല വിശ്വാസികളെ അടിച്ചൊതുക്കുകയാണ് മാര്‍ക്‌സിസ്റ്റുകള്‍. വിശ്വാസികളും തന്ത്രിമാരും ഈ രാജേട്ടനും ഞാനുമൊക്കെ റബര്‍ നട്ടെല്ലുള്ളവരാണെന്നാണ് സര്‍ക്കാരും മാര്‍ക്‌സിസം പഠിക്കാത്ത മാര്‍ക്‌സിസ്റ്റുകളും പറയുന്നത്. അതിനാല്‍, റബറും വനിതാമതിലും മൂര്‍ദാബാദ് എന്നായിരിക്കും ഇനിയുള്ള മുദ്രാവാക്യം. മാണിസാറിനും മുന്നണിയില്‍ ചേരാം.”
അവസാനം പറഞ്ഞത് മാണിസാര്‍ പകുതിയാണു കേട്ടത്. അതിനാല്‍ ഇപ്രകാരം പറഞ്ഞു: ”അതേ, നിങ്ങള്‍ രണ്ടുപേര്‍ക്കും യുഡിഎഫിലേക്കു സ്വാഗതം. റബര്‍ നീണാള്‍ വാഴട്ടെ. റബറല്ലാത്ത നട്ടെല്ലും.”
അതു കേട്ടില്ലെന്നു നടിച്ച് പൂഞ്ഞാര്‍ സിംഹം ‘ഭാരത് മാതാ കീ ജയ്’ എന്നു വിളിച്ച് നാമജപം തുടങ്ങി. ി

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss