|    May 27 Sat, 2017 6:25 am
FLASH NEWS

ചില അശുഭ ചിന്തകള്‍

Published : 4th January 2016 | Posted By: TK
⌈നിതീശന്‍-ലാലുപ്രഭുതികള്‍ സംയുക്തമായി സംഘടിപ്പിച്ച മതനിരപേക്ഷ മന്ത്രവാദത്തിന് ഇത്രമാത്രം ശക്തിയോ?
അവിടെയും തീര്‍ന്നില്ല. ഗുജറാത്തില്‍ മ്മളെ തട്ടകങ്ങള്‍ മിക്കതും അഴിമതിയാല്‍ മുങ്ങിക്കുളിച്ച കാംഗ്രസ് റാഞ്ചിക്കൊണ്ടുപോയി. പട്ടേലുകളുടെ തമ്പ്രാന്‍ ഹര്‍ദിക് ജയിലില്‍ ചില കൂടോത്രങ്ങള്‍ ഒപ്പിച്ചതായിരിക്കുമോ?⌋ 

വ്യക്തി/ അമിത് ഷാ

സംഘപരിവാര്‍ ആസ്ഥാനത്ത്ഇപ്പോള്‍ മ്ലാനമായ അന്തരീക്ഷമാണ്. അടിക്കടി ജനം ചമ്മട്ടിക്കൊണ്ട് പ്രഹരിക്കുന്നു. ആദ്യം ഡല്‍ഹിയായിരുന്നു. തൊപ്പിവെച്ച ആം ആദ്മിക്കാര്‍ നടത്തിയ തേരോട്ടത്തില്‍ പാര്‍ട്ടി തെറിച്ചു പോയി. അപ്പോള്‍ അമിത് ഷാ എന്ന ചെറിയ സ്രാവിനെ ചിലരൊക്കെ ചെറുതായി ചോദ്യം ചെയ്തു. അനക്കെവിടേയോ പിഴച്ചല്ലോ അമിതാ?’
മാര്‍ഗ ദര്‍ശക മണ്ഡലത്തിലെ ഒരു കിഴവന്റെതാണ് ചോദ്യമെന്നതിനാല്‍ അമിതന്‍ മൈന്‍ഡ് ചെയ്തില്ല. മൗനം പിടിക്കാത്തതിനാല്‍ കിഴവന്റെ ചേദ്യം കോറസ്സായി വളര്‍ന്നു. നിവൃത്തിയില്ലാതായപ്പോള്‍ അമിതന്‍ മൃദുവായി പറഞ്ഞു: ‘കിരണ്‍ ബേദിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കി നിര്‍ത്തിയതാണ് പിള്ളാരെ മ്മള് എട്ട് നിലയില്‍ പൊട്ടാന്‍ കാരണം. അതിനാല്‍ ബിഹാറില്‍ മ്മക്ക് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുണ്ടാവില്ല.’
എന്നാല്‍ ബിഹാറിലും ചമ്മട്ടി പ്രഹരത്തിന് കാഠിന്യക്കുറവുണ്ടായില്ല. നിതീശന്‍-ലാലുപ്രഭുതികള്‍ സംയുക്തമായി സംഘടിപ്പിച്ച മതനിരപേക്ഷ മന്ത്രവാദത്തിന് ഇത്രമാത്രം ശക്തിയോ?
amithsha carricatureഅവിടെയും തീര്‍ന്നില്ല. ഗുജറാത്തില്‍ മ്മളെ തട്ടകങ്ങള്‍ മിക്കതും അഴിമതിയാല്‍ മുങ്ങിക്കുളിച്ച കാംഗ്രസ് റാഞ്ചിക്കൊണ്ടുപോയി. പട്ടേലുകളുടെ തമ്പ്രാന്‍ ഹര്‍ദിക് ജയിലില്‍ ചില കൂടോത്രങ്ങള്‍ ഒപ്പിച്ചതായിരിക്കുമോ? ഗുജറാത്തിലെ പതനത്തിന് കാരണം കര്‍ഷകരുടെ രോഷമാണെന്നും പറയുന്നു. യുപിയിലും ബംഗാളിലുമൊക്കെ തിരഞ്ഞെടുപ്പ് മാമാങ്കങ്ങള്‍ നടക്കാനിരിക്കുകയാണ്. ആര്യബ്രാഹ്മണ കക്ഷിക്ക് ഇത് പരീക്ഷണത്തിന്റെ കാലമാണ്. നാഗ്പൂരിലെ വല്യമ്പ്രാക്കള്‍ക്ക് എന്തെങ്കിലും ചെയ്യാനാകുമോ? അമിതന്റെ ചിന്ത കാടും മലയും കടന്നു.
മാര്‍ഗദര്‍ശക മണ്ഡലത്തിലെ അശരീരികള്‍ വളര്‍ന്നു വലുതാവുന്ന ലക്ഷണമാണ് കാണുന്നത്. മോദിക്ക് വിദേശങ്ങളില്‍ കഴിഞ്ഞാല്‍ മതി. നാട്ടില്‍ ഉത്തരം പറയേണ്ടത് താനാണ്. മാത്രമല്ല, ഒരു തവണ കൂടി തനിക്ക് പാര്‍ട്ടി അധ്യക്ഷപദവിയില്‍ കൊള്ളാമെന്നുണ്ട്. മാര്‍ഗദര്‍ശക മണ്ഡലം അതിന് പാരവയ്ക്കും എന്നുറപ്പാണ്. രാജനാഥന് തന്റെ കസേരയില്‍ കണ്ണുണ്ട്. മോദിജിയുടെ കീഴില്‍ പണിയെടുക്കുന്നത് ചണ്ടായ് കുറച്ചിലായി കരുതുന്നുണ്ടോ? എന്തായാലും ഈ കസേര വിട്ടു കൊടുക്കാനില്ല.
യോഗ്യ ആദിത്യനാഥ്, സ്വാധിപ്രാചി, വികെ സിങ് തുടങ്ങിയ കത്തിവേഷങ്ങളെ ഒതുക്കിയില്ലെങ്കില്‍ സംഗതി കിണാപ്പിലാവും. പഗോഡ തിന്നുന്ന തൊഗാഡിയെയും നിലയ്ക്ക് നിര്‍ത്തണം. പശുവിനെ-സോറി ഗോമാതിവിനെ-യും തത്ക്കാലം ശീത സംഭരണിയിലാക്കാം. ഒരു അഖില ഭാരതീയ ശത്രുസംഹാരപൂജയെ കുറിച്ചും ചിന്തിക്കേണ്ട സമയമായി. മാര്‍ഗദര്‍ശക മണ്ഡല്‍ പിരിച്ചുവിടുന്നത് സംബന്ധിച്ച് പാര്‍ട്ടി ഭരണഘടന എന്തുപറയുന്നു? വായിച്ചു നോക്കട്ടെ.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day