|    Aug 24 Thu, 2017 6:39 am
FLASH NEWS
Home   >  Pravasi  >  Gulf  >  

ചില്ലറ വ്യാപാര മേഖലയില്‍ പുതിയൊരു ആഘോഷം കൂടി

Published : 28th November 2016 | Posted By: SMR

ദോഹ: അടുത്തവര്‍ഷത്തെ ഖത്തറിന്റെ വിനോദ ആഘോഷ പരിപാടികള്‍ക്കുള്ള പട്ടികയില്‍ പുതിയൊരു ഫെസ്റ്റിവല്‍ കൂടി ഉള്‍പ്പെടുത്താന്‍ ഖത്തര്‍ ടൂറിസം അതോറിറ്റി(ക്യുടിഎ) തീരുമാനിച്ചു.
ഇതു സംബന്ധിച്ച് അടുത്തമാസം അധികൃതര്‍ പ്രഖ്യാപനം നടത്തും. രാജ്യത്തെ വളര്‍ന്നുവരുന്ന ചില്ലറ വ്യാപാരം ലക്ഷ്യമിട്ടാണ് ഫെസ്റ്റിവല്‍. വിനോദ സഞ്ചാരവുമായി ബന്ധപ്പെട്ട് പണം ചെലവഴിക്കപ്പെടുന്ന പ്രധനപ്പെട്ട ഒരു മേഖലയായി ഖത്തറിലെ ചില്ലറ വ്യാപാരം വളര്‍ന്നിട്ടുണ്ട്.
ഖത്തര്‍ ടൂറിസം വാഗ്ദാനം നല്‍കുന്ന വൈവിധ്യങ്ങളുടെ വിപുലീകരണത്തിന് ക്യുടിഎ ഉള്‍പ്പെടുത്തിയ മേഖലയാണ് ചില്ലറ വ്യാപാരം.
കുടുംബങ്ങളുടെയും നഗര കേന്ദ്രീകൃത ജീവിതങ്ങളുടെയും വിനോദത്തില്‍ ചില്ലറ വ്യാപാരം വലിയ പ്രധാന്യമാണ് വഹിക്കുന്നത്.
പൊതു സ്വകാര്യ കമ്പനികളുമായി സഹകരിച്ച് ക്യുടിഎയായിരിക്കും ആഘോഷം സംഘടിപ്പിക്കുന്നത്.
കുടുംബങ്ങള്‍ അവധി ആഘോഷിക്കാന്‍ തിരഞ്ഞെടുക്കുന്ന ഗള്‍ഫ് മേഖലയിലെ മികച്ച കേന്ദ്രമാക്കി ഖത്തറിനെ മാറ്റുക എന്നതും ക്യുടിഎയുടെ ലക്ഷ്യമാണ്.
വിനോദ സഞ്ചാരം രാജ്യത്തിന്റെ സമ്പദ് ഘടനയ്ക്ക് എത്രമാത്രം സഹായം നല്‍കുന്നു എന്നത് സംബന്ധിച്ച് പരിശോധന നടത്തുന്ന ഖത്തര്‍ ടൂറിസം സാറ്റലൈറ്റ് എക്കൗണ്ട് സിസ്റ്റം പുറത്തുവിടുന്ന കണക്കനുസരിച്ച് ഖത്തറിലെത്തുന്ന വിനോദ സഞ്ചാരികള്‍ കൂടുതല്‍ ചെലവഴിക്കുന്നത് ഷോപ്പിങിന് വേണ്ടിയാണ്.
ഹോട്ടല്‍ ബുക്കിങ്, ഭക്ഷണം, മദ്യം എന്നിവയ്ക്ക് ചെലവാക്കുന്നതിലും കൂടുതല്‍ ഷോപ്പിങിന് പണം ചെലവാക്കുന്നുവെന്നാണ് ഐക്യരാഷ്ട്രസഭയുടെ അംഗീകാരമുള്ള ഈ സിസ്റ്റം വെളിപ്പെടുത്തുന്നത്.
2014ല്‍ ഖത്തറിലെത്തിയ വിനോദ സഞ്ചാരികള്‍ ഷോപ്പിങിലൂടെ 600 കോടി റിയാലാണ് രാജ്യത്തിന്റെ സമ്പദ് ഘടനയ്ക്ക് സംഭാവന നല്‍കിയത്.
ഖത്തര്‍ ഇന്റര്‍നാഷനല്‍ ഫുഡ് ഫെസ്റ്റിവെല്‍, ഖത്തര്‍ സമ്മര്‍ ഫെസ്റ്റിവല്‍ എന്നിവയാണ് ഈ വര്‍ഷം ഖത്തര്‍ ടൂറിസം അതോറിറ്റി നടത്തിയ പ്രധാന ആഘോഷങ്ങള്‍. ഇതില്‍ നല്ല രീതിയിലുള്ള സന്ദര്‍ശക പങ്കാളിത്തം ലഭിക്കുകയും ചെയ്തിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക