|    Feb 21 Tue, 2017 12:57 pm
FLASH NEWS

ചില്ലറ പ്രശ്‌നത്തില്‍ വലഞ്ഞ് ജനങ്ങള്‍

Published : 10th November 2016 | Posted By: SMR

കൊല്ലം: ഒറ്റരാത്രികൊണ്ട് കേന്ദ്രസര്‍ക്കാര്‍ 500, 1000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ചത് ഇരുട്ടടിയായത് സാധാരണക്കാര്‍ക്ക്. നോട്ടുകള്‍ പിന്‍വലിച്ചത് കട കമ്പോളങ്ങളിലെ പ്രവര്‍ത്തനത്തെ പ്രതിസന്ധിയിലാക്കി. പല സ്ഥാപനങ്ങളും പുതിയ തീരുമാനത്തിന് പിന്നാലെ പ്രവര്‍ത്തനം താല്‍ക്കാലികമായി അവസാനിപ്പിച്ചു. ഇന്നലെ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡോ, നൂറു രൂപയില്‍ താഴെ പണമുള്ളവര്‍ക്ക് മാത്രമാണ് സാധനങ്ങള്‍ വില്‍പ്പന നടത്തിയത്. വ്യാപാരസ്ഥാപനങ്ങള്‍ ഈ നിലപാട് സ്വീകരിച്ചതോടെ ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തു വന്നിരുന്നു. എന്നാല്‍, ഫലമുണ്ടായില്ല. ചൊവ്വാഴ്ച രാത്രി 500,1000 നോട്ടുകള്‍ അസാധുവാക്കിയ വാര്‍ത്ത പുറത്തെത്തി മിനിറ്റുകള്‍ക്കുള്ളില്‍ എടിഎമ്മുകള്‍ക്ക് മുന്നിലും കാഷ് ഡെപ്പോസിറ്റ് മെഷിനുകള്‍ക്ക് മുന്നിലും നീണ്ട നിരയാണ് രൂപപ്പെട്ടത്. എടിഎമ്മുകളില്‍ ഒരാള്‍ തന്നെ പല ഇടപാടുകള്‍ക്കു ശേഷമാണ് അടുത്തയാള്‍ക്കുവേണ്ടി മാറിക്കൊടുത്തത്. സിഡിഎമ്മുകളിലും സമാനമായ കാഴ്ചയായിരുന്നു. പണം പിന്‍വലിക്കാന്‍ ഏറെപ്പേര്‍ എത്തിയതോടെ ചൊവ്വാഴ്ച രാത്രി തന്നെ എടിഎമ്മുകള്‍ മിക്കതും കാലിയായിരുന്നു.ഇന്നലെ ബാങ്കുകളും എടിഎം കൗണ്ടറുകളും പ്രവര്‍ത്തിക്കാതിരിക്കുകയും കൂടി ചെയ്തപ്പോള്‍ ജനം അന്തംവിട്ട് പരക്കം പാഞ്ഞു.ചെറിയ നോട്ടുകള്‍ക്ക് വലിയ ക്ഷാമമാണ് ഇന്നലെ അനുഭവപ്പെട്ടത്. 500,1000 രൂപ നോട്ടുകള്‍ ഭൂരിഭാഗം സ്ഥാപനങ്ങളും സ്വീകരിച്ചില്ല. റെയില്‍വേ സ്റ്റേഷനിലും പെട്രോള്‍ പമ്പുകളിലുമാണ് ഇവ സ്വീകരിച്ചത്. പക്ഷേ ചില്ലറ തുകകള്‍ ബാക്കിനല്‍കാന്‍ പെട്രോള്‍ പമ്പുകള്‍ക്ക് ആയില്ല. ഒടുവില്‍ അസാധുവായ നോട്ടുകള്‍ക്ക് തത്തുല്യമായി ഇന്ധനം നല്‍കുകയായിരുന്നു. റെയില്‍വേ സ്റ്റേഷനുകളിലും കൗണ്ടറിലിരുന്നവര്‍ ബാക്കി ചെറിയ തുകകള്‍ കൊടുക്കാനാകാതെ ബുദ്ധിമുട്ടി. ജില്ലയിലെ മിക്ക റെയില്‍വേ സ്റ്റേഷനുകളിലെ കൗണ്ടറിലും ദയവായി ചില്ലറ തരിക എന്ന ബോര്‍ഡുകള്‍ വച്ചു.വാഹനങ്ങള്‍ ഓട്ടത്തിന് വിളിക്കുമ്പോഴും ചില്ലറയുണ്ടെങ്കില്‍ വരാമെന്നായിരുന്നു നിലപാട്. നിര്‍മാണമേഖലയിലെ തൊഴിലിടങ്ങളിലേക്ക് പോകുന്ന തൊഴിലാളികളും ഇതേ ആവശ്യമാണ് കരാറുകാരോട് ഉന്നയിച്ചത്. ചിന്നക്കട ജങ്ഷനിലുള്ള ഒരു പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റില്‍ ആയിരത്തിന്റേയും അഞ്ഞൂറിന്റേയും നോട്ടുകള്‍ വാങ്ങിച്ചത് നിബന്ധന വച്ചായിരുന്നു. 430, 930 രൂപയുടെ സാധനങ്ങള്‍ വാങ്ങുന്നവരുടെ നോട്ടുകള്‍ മാത്രമാണ് ഇവിടെ സ്വീകരിച്ചത്. ഇതോടെ ചെറിയ തുകയ്ക്കുള്ള സാധനങ്ങള്‍ വാങ്ങാനെത്തിയവര്‍ വലഞ്ഞു. മെഡിക്കല്‍ സ്റ്റോറുകളിലാണ് വന്‍ തിരക്ക് അനുഭവപ്പെട്ടത്. ആദ്യമൊക്കെ ചില്ലറ തുകകള്‍ ബാക്കി നല്‍കി. അവ തീര്‍ന്നതോടെ പ്രശ്‌നം രൂക്ഷമായി. ജീവന്‍രക്ഷാ മരുന്നുകള്‍ വാങ്ങിക്കാനെത്തിയവര്‍ അടക്കം നെട്ടോട്ടത്തിലായി. ഒടുവില്‍ ചില മെഡിക്കല്‍ സ്റ്റോര്‍ ഉടമകള്‍ ബാക്കി തുക ബില്ലില്‍ രേഖപ്പെടുത്തി നല്‍കിയാണ് മരുന്നുകള്‍ വിതരണം ചെയ്തത്. ഹോട്ടലുകളില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയവരും ഹോട്ടലുടമകളും വെട്ടിലായി. 100,50 രൂപ നോട്ടുകള്‍ ഉണ്ടായിരുന്നവര്‍ക്ക് ഭക്ഷണം കഴിക്കാനായി. സ്ഥിരമായി എത്തുന്ന ചിലര്‍ക്ക് പരിചയത്തിന്റെ പുറത്ത് ഭക്ഷണം കിട്ടിയത് അടുത്തദിവസം പണം കൊടുക്കാമെന്ന വ്യവസ്ഥയില്‍.കൊല്ലം നഗരത്തിലെ ഭൂരിഭാഗം ഹോട്ടലുകളിലും ചെറിയ നോട്ടുകള്‍ നല്‍കണമെന്ന അഭ്യര്‍ഥന പ്രദര്‍ശിപ്പിച്ചിരുന്നു. മുന്തിയ ഹോട്ടലുകളില്‍ പോലും 500,1000 രൂപ നോട്ടുകള്‍ സ്വീകരിച്ചില്ല. പകരം ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയാണ് ഇവര്‍ പണം ഈടാക്കിയത്.കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകളെയും ഓട്ടോറിക്ഷകളെയും യാത്രക്കാരെയും ചില്ലറ ക്ഷാമം ഏറെ വലച്ചു. ഉന്തുവണ്ടികളില്‍ കച്ചവടം നടത്തുന്നവര്‍ക്കും വില്‍പ്പന കുറവായിരുന്നു.ലോട്ടറി ഏജന്റുമാരെയും ചില്ലറക്ഷാമം പൊല്ലാപ്പിലാക്കി. ദിവസവും ലോട്ടറി വിറ്റുമാത്രം ഉപജീവനം നടത്തുന്ന നൂറുകണക്കിന് ആള്‍ക്കാര്‍ കാര്യമായ കച്ചവടം നടക്കാതെ നെട്ടോട്ടമോടി. ലോട്ടറി വില്‍പ്പന കേന്ദ്രങ്ങളിലും ഇത് തന്നെയായിരുന്നു അവസ്ഥ.ലോട്ടറി വാങ്ങാന്‍ എത്തിയവരില്‍ ഭൂരിഭാഗവും 500 രൂപ നോട്ടുമായാണ്. ആരും അത് സ്വീകരിച്ചില്ല. ലോട്ടറി എടുക്കാത്തവര്‍ പോലും ചില്ലറ കിട്ടുന്നതിനായി ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളുമായി കടകളിലെത്തി. വിദേശമദ്യ വില്‍പ്പന കേന്ദ്രങ്ങളിലെയും സ്ഥിതി മറിച്ചല്ലായിരുന്നു. കണ്‍സ്യൂമര്‍ഫെഡിന്റെ വില്‍പ്പന കേന്ദ്രങ്ങളില്‍ അസാധുവായ നോട്ടുകള്‍ സ്വീകരിച്ച് ആദ്യമൊക്കെ ബാക്കി നല്‍കി. പിന്നീട് ചില്ലറ ഇല്ലാതായതോടെ വില്‍പ്പനയെ പ്രതികൂലമായി ബാധിച്ചു. വിലകുറഞ്ഞ മദ്യം വാങ്ങാനെത്തിയവര്‍ക്ക് ചില്ലറയില്ലാത്തതിനാല്‍ അതിന് സാധിച്ചില്ല. ബസ് യാത്രയ്ക്കിടയിലും വ്യാപാരസ്ഥാപനങ്ങളിലും എല്ലാം ഇന്നലെ ചില്ലറയായിരുന്നു പ്രശ്‌നം. ബസ് യാത്രയ്ക്കിടയിലാണു ചില്ലറ ഏറ്റവും പ്രശ്‌നം സൃഷ്ടിച്ചത്്. ചില്ലറയില്ലാതെ കണ്ടക്ടര്‍ വിഷമിക്കുമ്പോള്‍ ബാക്കി കിട്ടാതെ യാത്രക്കാരും വിഷമിക്കുകയാണ്. രണ്ടും മൂന്നും യാത്രക്കാര്‍ക്കു നല്‍കാനുള്ള ചില്ലറയ്ക്കു പകരം നോട്ടു നല്‍കി കണ്ടക്ടര്‍ തടിതപ്പുമ്പോള്‍ കിട്ടിയ നോട്ടുമായി ചില്ലറ മാറാന്‍ നടക്കുന്ന യാത്രക്കാര്‍ മറ്റൊരു കൌതുക കാഴ്ചയാണ്. കടകളിലും ചില്ലറക്ഷാമം അതിരൂക്ഷമാണ്. ചിന്നക്കട നഗരത്തിലെ ഒരു മെഡിക്കല്‍ സ്‌റ്റോറില്‍ 500 രൂപ നല്‍കി സാധനം വാങ്ങിയയാള്‍ക്ക് ചില്ലറ നല്‍കാന്‍ ജീവനക്കാര്‍ തയ്യാറാകാത്തത് കൈയാങ്കളിയുടെ വക്കിലെത്തി. ഇന്നോടെ പ്രശ്‌നത്തിന് പരിഹാരമാകുമെന്നാണ് കരുതുന്നതെങ്കിലും ചില്ലറക്ഷാമം ഏറ്റവും കുറഞ്ഞത് ഒരാഴ്ചയെങ്കിലും നീണ്ടുനില്‍ക്കാനാണ് സാധ്യത.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 34 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക