|    Mar 22 Thu, 2018 1:32 pm

ചില്ലറയില്ല; ജനം വലയുന്നു

Published : 15th November 2016 | Posted By: SMR

തിരുവനന്തപുരം: 500, 1000 നോട്ടുകള്‍ പിന്‍വലിച്ചതിന്റെ ആറാംദിനവും ജനങ്ങളുടെ ദുരിതത്തിന് അറുതിയില്ല. കൈയിലിരിക്കുന്ന വലിയ നോട്ടുകള്‍ ചില്ലറയാക്കി മാറ്റുന്നതിന്റെ തത്രപ്പാടില്‍ തന്നെയായിരുന്നു ഇന്നലെയും ജനങ്ങള്‍. രണ്ടു ദിവസത്തെ അവധിക്കു ശേഷമുള്ള പ്രവൃത്തിദിനം മിക്കവര്‍ക്കും അവധിയെടുത്തു ബാങ്കിന് മുന്നിലെ നീണ്ട നിരയില്‍ ഇടംനേടാനുള്ളതായിരുന്നു. മണിക്കൂറുകള്‍ നിന്ന ശേഷമായിരുന്നു പലര്‍ക്കും നോട്ട് മാറാന്‍ സാധിച്ചത്. ബാങ്കുകളിലെ ചില്ലറ പ്രതിസന്ധി ഇന്നലെയും തുടര്‍ന്നു. മിക്ക ബാങ്കുകളിലും 100, 50 നോട്ടുകളുടെ സ്‌റ്റോക്ക് തീര്‍ന്നു. 10ന്റെ നോട്ടുകളാണ് ബാങ്കുകളില്‍ നിന്നു വിതരണം ചെയ്യുന്നത്. ചെറിയ ബാങ്കുകളില്‍ പണം പിന്‍വലിക്കാനെത്തുന്നവര്‍ക്കു നല്‍കാന്‍ പണമില്ലാത്ത അവസ്ഥയാണ്. ദിവസം 10,000 രൂപ ഒരാള്‍ക്ക് പിന്‍വലിക്കാമെങ്കിലും 1000 രൂപ മാത്രമാണു ചെറിയ ബാങ്കുകളില്‍ നിന്നു നല്‍കാനാവുന്നത്. കൂടാതെ, ഭൂരിഭാഗം എടിഎമ്മുകളും ഇന്നലെ പ്രവര്‍ത്തനരഹിതമായി തുടര്‍ന്നു. നോട്ട് മാറാന്‍ ചെന്നവര്‍ക്കു പഴകിയ നോട്ടുകളാണു ലഭിച്ചതെന്ന പരാതിയും പലഭാഗത്തു നിന്ന് ഉയര്‍ന്നു. വര്‍ഷങ്ങള്‍ ഉപയോഗിച്ചു പഴകിയ നോട്ടുകള്‍ റിസര്‍വ് ബാങ്ക് പിന്‍വലിച്ചിരുന്നു.  ഇതാണു ഇപ്പോള്‍ നോട്ട് മാറാന്‍ എത്തുന്നവര്‍ക്ക് ലഭിക്കുന്നത്.  നോട്ട് പിന്‍വലിക്കല്‍ ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നതു വ്യാപാര മേഖലെയയാണ്. നഗരത്തിലെ കച്ചവട സ്ഥാപനങ്ങളിലും ചാല ഉള്‍പ്പെടെയുള്ള കമ്പോളങ്ങളിലും മാന്ദ്യം ആറാം ദിനത്തിലും പ്രകടമായി. നോട്ട് പ്രതിസന്ധി ആരംഭിച്ച ശേഷം ശരിക്കൊന്നു ഉറങ്ങിയിട്ടില്ലെന്നു നഗരത്തിലെ കച്ചവടക്കാര്‍ പറയുന്നു. സൂക്ഷിക്കാന്‍ എളുപ്പം എന്ന നിലയില്‍ വലിയ നോട്ടുകളായാണു പലരും വീടുകളില്‍ പണം സൂക്ഷിക്കുന്നത്. പലരുടെയും വീടുകളിലും കടകളിലുമായി കച്ചവട ആവശ്യത്തിനായി ഒരു ലക്ഷം വരെ സൂക്ഷിക്കാറുണ്ടെന്ന് ഇവര്‍ പറയുന്നു. 4000 രൂപ വീതം മാറ്റി എടുക്കാനുള്ള തന്ത്രപ്പാടിലാണു പലരും. അധ്വാനിച്ചുണ്ടാക്കിയ വലിയ നോട്ടുകള്‍ക്കു വിലയില്ലെന്ന് അറിഞ്ഞതോടെ സാധാരണക്കാരായ കച്ചവടക്കാരാണ് ഏറെ വലയുന്നത്. നാട്ടില്‍പുറങ്ങളില്‍ കടം വാങ്ങാനാണ് ഇപ്പോള്‍ എല്ലാവരും നോക്കുന്നത്. കൈയില്‍ കാശുണ്ടായിട്ടും പലരും കടക്കാരായി മാറി. ചില്ലറ സാധനങ്ങള്‍ വാങ്ങി 500ന്റെ നോട്ടുകള്‍ നല്‍കാന്‍ ശ്രമിക്കുന്ന പരിചയക്കാര്‍ക്ക് അടുത്ത ആഴ്ച തിരിച്ചുനല്‍കണം എന്ന ഉറപ്പില്‍ കടം കൊടുക്കാന്‍ കടക്കാര്‍ തയ്യാറായിക്കഴിഞ്ഞു. വലിയ നോട്ടുകള്‍ മാറ്റിക്കിട്ടുന്നതിന്റെ പ്രയാസമോര്‍ത്താണു പലരും അല്‍പം മടിയോടെയാണെങ്കിലും കടം കൊടുക്കുന്നതെന്നു കടക്കാര്‍ പറയുന്നു. ചില്ലറ നല്‍കാനില്ലാത്തതു കൊണ്ടു തന്നെ പലരും മീന്‍, പാല്‍ മുതലായ ആവശ്യ സാധാനങ്ങള്‍ വാങ്ങുന്നതു നിര്‍ത്തി. ചില്ലറയുള്ളവര്‍ക്കു മാത്രമാണു മീന്‍ വില്‍ക്കുന്നതെന്നു പാളയം മാര്‍ക്കറ്റിലെ മീന്‍ വില്‍പനക്കാരും പറയുന്നു.  ചില്ലറയില്ലാത്തുകൊണ്ട് ആറു ദിവസമായിട്ടും കച്ചവടത്തിനിറങ്ങാത്തവര്‍ നിരവധി. അന്നന്ന് കിട്ടുന്നതു കൊണ്ടു ജീവിക്കുന്ന പാവപ്പെട്ടവരാണ് ഇതോടെ ഏറെ വലഞ്ഞത്. കുടുക്കകളില്‍ വര്‍ഷങ്ങളായി സൂക്ഷിച്ചുവച്ച നാണയത്തുട്ടുകളുമായാണ് ഇപ്പോള്‍ ആവശ്യ സാധനങ്ങള്‍ വാങ്ങുന്നതെന്നു മിക്കവരും പറയുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss