|    Aug 17 Thu, 2017 12:56 am
FLASH NEWS

ചില്ലറപ്രശ്‌നം ടൂറിസത്തെ ബാധിച്ചു; വിദേശികള്‍ ദുരിതത്തില്‍

Published : 21st November 2016 | Posted By: SMR

തിരുവനന്തപുരം: സീസണ്‍ ആരംഭിച്ചെങ്കിലും ടൂറിസ്റ്റുകളുടെ തിരക്കൊഴിഞ്ഞു     തീരം. ചില്ലറയില്ലാത്ത പ്രശ്‌നങ്ങള്‍ കുറച്ചല്ല കോവളം കാണാനെത്തിയ വിദേശികളെയും ബാധിച്ചിരിക്കുന്നത്. ടൂര്‍ പരിപാടികള്‍ വ്യാപകമായി റദ്ദാക്കുന്നതായി ട്രാവല്‍ ഏജന്‍സി ഉടമകള്‍ പറയുന്നു. കോവളത്ത് എത്തിയവര്‍ ഉടന്‍ മറ്റു രാജ്യങ്ങളിലേക്കു യാത്രയാവുന്നുമുണ്ട്. കോവളത്ത് ടൂറിസം സീസണ്‍ ആരംഭിച്ചിട്ടും തീരത്തും തീരത്തെ കടകളും തിരക്കൊഴിഞ്ഞ നിലയിലാണ്. കൈയില്‍ നിറയെ പണവുമായി പറന്നിറങ്ങിയ വിദേശികള്‍ക്കാവട്ടെ അവരുടെ പണം ഇന്ത്യന്‍ രൂപയാക്കി മാറ്റാന്‍ കഴിയുന്നില്ല. കൈയില്‍ പണമില്ലാത്തതിനാല്‍ ഹോട്ടലില്‍ തങ്ങുകയാണു സഞ്ചാരികള്‍. ആഹാരം ഹോട്ടലുകാര്‍ നല്‍കുന്നുണ്ടെന്ന ആശ്വാസത്തിലാണു പലരും.ചില്ലറയില്ലാത്തതിനാല്‍ തീരത്തെ ടാക്‌സി ഡ്രൈവര്‍മാരും പട്ടിണിയുടെ വക്കിലാണ്. സഞ്ചാരികള്‍ കോവളം തീരത്ത് വെറുതെനടന്നും കടലില്‍ കുളിച്ചും സമയം തീര്‍ക്കുകയാണ്. മടുക്കുമ്പോള്‍ ഹോട്ടലുകളിലേക്കു മടങ്ങുന്നു. മറ്റു സ്ഥലങ്ങളിലേക്കു സഞ്ചാരികള്‍ ആരും ഓട്ടംവിളിക്കുന്നില്ലെന്നു ടാക്‌സി ഡ്രൈവര്‍മാര്‍ പറയുന്നു. തീരത്തെ ചെറുകിട ഹോട്ടലുകളും തുണിക്കടകളും വെട്ടിലായ അവസ്ഥയിലാണ്. ടൂറിസം വരുമാനത്തില്‍ ഗണ്യമായ കുറവാണ് അനുഭവപ്പെടുന്നത്. നല്ല സീസണ്‍ പ്രതീക്ഷിച്ച് ഹോട്ടലുടമകള്‍ സ്റ്റാഫുകളെ നിയമിച്ചെങ്കിലും ശമ്പളം കൊടുക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ്. വിദേശികള്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ കഴിയാതെ അന്തംവിട്ടിരിക്കുകയാണ്. അവധിക്കാലം ആഘോഷിക്കാനെത്തിയവര്‍ തീരത്തെ അവസ്ഥ കണ്ട്് മടങ്ങിപ്പോവാനുള്ള ഒരുക്കത്തിലാണ്.മല്‍സ്യബന്ധന തീരത്തും അവസ്ഥ പരിതാപകരമാണ്. തീരത്ത് പണിയില്ല. ഇന്ധന ബോട്ടുകളില്‍ പോവുന്നവര്‍ക്ക് ഇന്ധനം വാങ്ങാന്‍ പോലും ചില്ലറയില്ല. ചെറുവള്ളങ്ങള്‍ പോയി വരുന്നുണ്ടെങ്കിലും മല്‍സ്യം വാങ്ങാന്‍ ആളില്ല. കച്ചവടക്കാരായ സ്ത്രീകള്‍ വന്‍ വില കൊടുത്തു വാങ്ങുന്നുണ്ടെങ്കിലും കച്ചവടക്കാരുടെ എണ്ണം കുറവാണ്. തീരത്തിരുന്ന് കച്ചവടം നടത്തിവന്നവര്‍ ഇപ്പോള്‍ ദൂരെ സ്ഥലങ്ങളില്‍ വീടുകളില്‍ പോയി ചില്ലറ വില്‍പ്പന നടത്തുകയാണ്. അതും പലര്‍ക്കും കടമായി മല്‍സ്യം നല്‍കേണ്ടിവരുന്നതായും ഇവര്‍ പറയുന്നു. ഹോട്ടലുകളില്‍ കച്ചവടം കുറവായതിനാല്‍ അവരും മല്‍സ്യം വാങ്ങാന്‍ വരുന്നില്ല. ഇവര്‍ക്ക് നിത്യ ചെലവിനുള്ള വക കണ്ടെത്താനാവാതെ ഉഴലുകയാണ്. റേഷന്‍ വാങ്ങാന്‍ കാശില്ലാത്ത അവസ്ഥയിലാണു പലരും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക