|    Aug 17 Thu, 2017 7:13 pm
FLASH NEWS

ചില്ലറക്ഷാമത്തില്‍ ഞെരുങ്ങി ജനം; 500ന്റെ നോട്ടുകള്‍ ഏതാനും എടിഎമ്മില്‍ മാത്രം

Published : 22nd November 2016 | Posted By: SMR

തിരുവനന്തപുരം: നഗരത്തില്‍ സ്റ്റാച്യുവിലെയും പട്ടത്തെയും ഏതാനും എസ്ബിഐ എടിഎമ്മുകളില്‍ 500ന്റെ പുതിയ നോട്ട് ലഭിച്ചെങ്കിലും എടിഎമ്മുകളില്‍ നിന്നു ലഭിക്കുന്ന 2,000 രൂപ നോട്ടുകള്‍ക്കു ചില്ലറ ലഭിക്കാതെ നഗരവാസികള്‍ നെട്ടോട്ടത്തില്‍. പല എടിഎമ്മുകളിലും 2000 രൂപ നോട്ടുകള്‍ മാത്രമാണുള്ളത്. കൈയില്‍ പണമില്ലാത്തവര്‍ വേറെ വഴിയില്ലാതെ 2000ത്തിന്റെ നോട്ടുകള്‍ എടുക്കുന്നുണ്ടെങ്കിലും ചെലവാക്കാനാവാതെ ബുദ്ധിമുട്ടുകയാണ്. ബാങ്കുകളിലെ തിരക്കിന് അയവുണ്ടെങ്കിലും എടിഎമ്മുകള്‍ക്ക് മുന്നില്‍ വരി നീളുകയാണ്. നഗരപ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എടിഎമ്മുകളിലൊന്നും ചെറിയ നോട്ടുകളില്ലെങ്കില്‍ ജില്ലയില്‍ ഗ്രാമപ്രദേശങ്ങളിലെ പല എടിഎമ്മുകളും പ്രവര്‍ത്തനസജ്ജമല്ലെന്നതാണു പ്രശ്‌നം. പണം നിറച്ച എടിഎമ്മുകളില്ലെല്ലാം നീണ്ട നിരയാണു കാണാനാവുന്നത്. ബാങ്ക് അധികൃതരുടെ കൈവശമുള്ള 100, 50 രൂപ നോട്ടുകള്‍ തീര്‍ന്നതാണ് എടിഎമ്മുകളില്‍ 2000 മാത്രം അവശേഷിക്കാനുള്ള പ്രധാന കാരണം. പഴകിയതും ദ്രവിച്ചതുമായ നോട്ടുകള്‍ എടിഎം മെഷിനുകളില്‍ നിക്ഷേപിക്കാന്‍ സാധിക്കാത്തതിനാല്‍ ഇവ പോസ്റ്റ് ഓഫിസുകള്‍ വഴിയും ബാങ്ക് കൗണ്ടറുകള്‍ വഴിയും വിതരണം ചെയ്യുകയാണ്. 500 രൂപ നോട്ടുകള്‍ ഇന്നലെ മുതല്‍ എടിഎമ്മുകള്‍ വഴി നല്‍കിയെന്ന് അധികൃതര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ചുരുക്കം ചില എടിഎമ്മുകളില്‍ മാത്രമാണ് ഇതു ലഭ്യമായത്. എടിഎമ്മുകള്‍ വഴി 500 രൂപ നോട്ടുകളുടെ വിതരണം വൈകുമെന്നാണു പല ബാങ്ക് അധികൃതരും നല്‍കുന്ന വിവരം. പുതിയ 500 രൂപ നോട്ടുകള്‍ എടിഎമ്മില്‍ ലഭ്യമാക്കുന്നതിനുള്ള സാങ്കേതിക സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള കാലതാമസമാണിത്. ഓരോ എടിഎമ്മിലും അധികൃതര്‍ നേരിട്ടെത്തി സജ്ജീകരണങ്ങള്‍ ഒരുക്കിയാല്‍ മാത്രമേ പുതിയ 500 രൂപ നോട്ട്  വിതരണം ചെയ്യാന്‍ സാധിക്കൂ.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക