|    Oct 23 Mon, 2017 3:18 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ചില്ലറക്ഷാമം: വരുമാന നഷ്ടത്തില്‍ കെഎസ്ആര്‍ടിസി; ദിനംപ്രതി 35 ലക്ഷം രൂപയുടെ നഷ്ടം

Published : 16th November 2016 | Posted By: SMR

തിരുവനന്തപുരം: നോട്ട് നിരോധനം കെഎസ്ആര്‍ടിസിക്കും തിരിച്ചടിയായി. സാമ്പത്തികപ്രതിസന്ധിയില്‍ നട്ടംതിരിയുന്നതിനൊപ്പം ചില്ലറക്ഷാമം കൂടി രൂക്ഷമായതോടെ ദിനംപ്രതി 35 ലക്ഷം രൂപയുടെ നഷ്ടമാണ് കോര്‍പറേഷന്‍ നേരിടുന്നത്. 1000, 500 നോട്ട് അസാധുവാക്കിയ ശേഷമുള്ള ആദ്യദിനത്തെ വരുമാനത്തില്‍ 39 ലക്ഷത്തിന്റെ കുറവാണ് നേരിട്ടത്. കഴിഞ്ഞ 10ന് വരുമാന ചോര്‍ച്ച 50 ലക്ഷത്തിലേക്ക് ഉയര്‍ന്നു.
കഴിഞ്ഞ ഒരാഴ്ചയായി ശരാശരി 35 ലക്ഷത്തിന്റെ നഷ്ടമാണ് നേരിടുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. സര്‍ക്കാര്‍ ബസ്സുകളില്‍ നോട്ട് മാറിക്കിട്ടുമെന്ന പ്രതീക്ഷയില്‍ പല യാത്രക്കാരും 1000, 500 നോട്ടുകളുമായാണ് ബസ്സില്‍ കയറുന്നത്. എന്നാല്‍, ചില്ലറ ലഭിക്കില്ലെന്ന് അറിയിപ്പ് കിട്ടുന്നതോടെ യാത്രക്കാര്‍ ബസ്സില്‍നിന്നിറങ്ങും. സംസ്ഥാനത്ത് ആകെ പ്രതിദിനം ഒന്നരലക്ഷം യാത്രക്കാരുടെ കുറവാണ് കെഎസ്ആര്‍ടിസി ബസ്സുകളില്‍ ഉണ്ടാവുന്നത്. ഈ നില തുടര്‍ന്നാല്‍ കോര്‍പറേഷന്‍ കടുത്ത പ്രതിസന്ധിയിലേക്കാവും നീങ്ങുക. അതിനിടെ, ഇന്ധന കുടിശ്ശികയായ 100 കോടി അടിയന്തരമായി നല്‍കിയില്ലെങ്കില്‍ എണ്ണവിതരണം നിര്‍ത്തിവയ്ക്കുമെന്ന് ഐഒസിയും അറിയിച്ചിട്ടുണ്ട്. ഇതിനുപുറമേ ഒക്ടോബറിലെ പെന്‍ഷന്‍ വിതരണവും മുടങ്ങി. പെന്‍ഷന്‍ എന്നു നല്‍കാനാവുമെന്ന് ഉറപ്പുനല്‍കാനും അധികൃതര്‍ക്ക് കഴിയുന്നില്ല.
കാലങ്ങളായി തുടരുന്ന പ്രതിസന്ധികളെ ഒരുവിധം അതിജീവിച്ച് മുന്നോട്ടുപോവുമ്പോഴാണ് പ്രതിസന്ധിയായി വരുമാന നഷ്ടം നേരിടുന്നത്. പ്രതിസന്ധി രൂക്ഷമായതോടെ 1000, 500 നോട്ടുകള്‍ സ്വീകരിക്കില്ലെന്ന് ചൂണ്ടിക്കാട്ടി കെഎസ്ആര്‍ടിസി സര്‍ക്കുലര്‍ ഇറക്കിയിരുന്നു. എന്നാല്‍, ചില്ലറക്ഷാമം ഈ തീരുമാനത്തിന് തിരിച്ചടിയാവുകയായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക