|    May 30 Tue, 2017 2:45 am
FLASH NEWS

ചിലവന്നൂര്‍ പ്രദേശത്തെ കെട്ടിടങ്ങളുടെ റിമോട്ട് സെന്‍സിങ് മാപ്പിങ് തയ്യാറാക്കും

Published : 17th October 2016 | Posted By: SMR

കൊച്ചി: തീരദേശ പരിപാലന നിയമം ലംഘിച്ച് ചിലവന്നൂര്‍ കായല്‍ പ്രദേശത്ത് നിര്‍മിച്ച 12 കെട്ടിട സമുച്ചയങ്ങളുടെ റിമോട്ട് സെന്‍സിങ് മാപ്പിങ് തയ്യാറാക്കും. ഇത് സംബന്ധിച്ച് സംസ്ഥാന റിമോട്ട് സെന്‍സിങ് വകുപ്പിന് വിജിലന്‍സ് കത്ത് നല്‍കി.
കായല്‍ കൈയേറി അനധികൃതമായി 13 കെട്ടിടങ്ങള്‍ നിര്‍മിച്ചുവെന്ന് വിജിലന്‍സ് നിയോഗിച്ച പരിശോധകസംഘം കണ്ടെത്തിയിരുന്നു. വന്‍കിട കമ്പനികളും സ്വകാര്യ വ്യക്തികളുമാണ് നിയമലംഘനം നടത്തിയിട്ടുള്ളതെന്നും കായല്‍ കൈയേറി വന്‍കിട ഫഌറ്റ് നിര്‍മാതാക്കള്‍ക്ക് കെട്ടിടം നിര്‍മിക്കാന്‍ കൊച്ചി കോര്‍പറേഷനിലെ ഏതാനും ഉദ്യോഗസ്ഥരും കൂട്ടുനിന്നുവെന്നും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്.
കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം പുരോഗമിക്കുകയാണ്. വിജിലന്‍സിന്റെ ആവശ്യപ്രകാരം കേരള തീരദേശ പരിപാലന അതോറിറ്റിയിലെ വിദഗ്ധസമിതിയാണ് കായല്‍ കൈയേറ്റത്തെക്കുറിച്ച് റിപോര്‍ട്ട് നല്‍കിയത്. പരിശോധകസംഘം പ്രദേശത്ത് സന്ദര്‍ശിക്കുകയും കെട്ടിട സമുച്ചയങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു.
നിര്‍മാണങ്ങള്‍ നിയമവിരുദ്ധമാണെന്ന് വ്യക്തമായതോടെ കെട്ടിട ഉടമകള്‍ക്കും കൊച്ചി കോര്‍പറേഷനിലെ ഉദ്യോഗസ്ഥര്‍ക്കുമെതിരേ അന്തിമ റിപോര്‍ട്ട് നല്‍കാനൊരുങ്ങുകയാണ് വിജിലന്‍സ്. കേസില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്നു മൊഴിയെടുത്തിട്ടുണ്ട്.
പ്രദേശത്തിന്റെയും കെട്ടിടങ്ങളുടെയും മാപ്പിങ്കൂടി നടത്തി അതിന്റെ രേഖാചിത്രങ്ങളും സഹിതമായിരിക്കും റിപോര്‍ട്ട് നല്‍കുക. ഒമ്പത് ഫഌറ്റ് സമുച്ചയങ്ങളും മൂന്ന് കെട്ടിടങ്ങളുമാണ് നിയമം ലംഘിച്ച് നിര്‍മിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day