|    Oct 23 Tue, 2018 6:56 am
FLASH NEWS

ചിറ്റൂര്‍ തത്തമംഗലം നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ബഹളം

Published : 24th September 2017 | Posted By: fsq

 

ചിറ്റൂര്‍: നഗരസഭാ കണ്‍സില്‍ യോഗത്തില്‍ പൊതു ചര്‍ച്ചയ്ക്ക് കൂടുതല്‍ സമയം അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ചേംബറിലേക്ക് ഇരച്ചു കയറി സഭാ നടപടികള്‍ തടസ്സപെടുത്തി. ബഹളം രൂക്ഷമായതോടെ അജണ്ടകള്‍ പാസാക്കിയതായി അറിയിച്ച് ചെയര്‍മാന്‍ ഇറങ്ങിപ്പോയി. ഇന്നലെ ചേര്‍ന്ന ചിറ്റൂര്‍ തത്തമംഗലം നഗരസഭാ കൗണ്‍സില്‍ യോഗത്തിലാണ് പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് യോഗം പാതിവഴിയില്‍ പിരിഞ്ഞത്. കൗണ്‍സില്‍ യോഗത്തില്‍ സാധാരണ അരമണിക്കൂറാണ് പൊതുചര്‍ച്ചയ്ക്ക് അനുവദിക്കുന്നത്. 11 മണിക്ക് ആരംഭിച്ച യോഗത്തില്‍ ക്ഷയരോഗ നിര്‍മാര്‍ജനത്തിന്റെ ഭാഗമായി ചിറ്റൂര്‍ താലൂക്ക് ആശുപത്രി ജീവനക്കാര്‍ ബോധവല്‍കരണം നടത്തിയിരുന്നു. തുടര്‍ന്ന് 11.20 ആരംഭിച്ച പൊതുചര്‍ച്ച 12 മണിയായിട്ടും അവസാനിക്കാതെ വന്നതോടെയാണ് ചെയര്‍മാന്‍ ഇടപെട്ടത്. എന്നാല്‍ പൊതു ചര്‍ച്ച നടത്താന്‍ കടുതല്‍ സമയം വേണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ബഹളം വയ്ക്കുകയും ചെയര്‍മാന്റെ ചേംബറിലേക്ക് ഇരച്ചു കയറുകയും അജണ്ട വായിക്കുന്നത് തടസ്സപ്പെടുത്തുകയും ചെയ്തു. ഇതോടെ സഭാ നടപടികള്‍ നിര്‍ത്തിവച്ച് ചെയര്‍മാന്‍ ഇറങ്ങി പോവുകയായിരുന്നു. തുടര്‍ന്ന് മുദ്രാവാക്യം വിളിയോടെ പിന്നാലെ ഇറങ്ങിയ കൗണ്‍സിലര്‍മാര്‍ നഗരസഭാ കാര്യാലയത്തിനു മുന്നില്‍ പ്രതിഷേധയോഗവും നടത്തി. വെള്ളപനയിലെ ലൈഫ് പദ്ധതി പ്രകാരം ഫഌാറ്റ്  നിര്‍മാണം വൈകുന്നതിനെ ചൊല്ലിയാണ് യോഗത്തില്‍ ആദ്യം ബഹളം ആരംഭിച്ചത്. മെയ്യില്‍ നിര്‍മാണോദ്ഘാടനം നടത്തി നവംബറില്‍ താക്കോല്‍ദാനം നടത്തുമെന്നായിരുന്നു ഉദ്ഘാടന വേളയില്‍ മന്ത്രി അറിയിച്ചിരുന്നത്. എന്നാല്‍ ഇത് സര്‍ക്കാരിന്റെ വീഴ്ച്ചയാണെന്നും നഗരസഭ യഥാസമയം പ്ലാനും എസ്റ്റിമേറ്റും നല്‍കാത്തതാണ് കാരണമെന്നും കൗണ്‍സിലര്‍ എ കണ്ണന്‍ കുട്ടി ആരോപിച്ചു. വെള്ളപനയില്‍ നിര്‍മിക്കാനുദ്ദേശിക്കുന്ന പദ്ധതിയുടെ പ്ലാനും എസ്റ്റിമേറ്റും തയാറാക്കുന്നത് സര്‍ക്കാര്‍ ഏജന്‍സിയായ  ലൈഫ് മിഷനാണ്. മേല്‍നോട്ട ചുമതല മാത്രമേ നഗരസഭയ്ക്കുള്ളുവെന്നും മുനിസിപ്പല്‍ എന്‍ജീനിയര്‍ അറിയിച്ചു. പദ്ധതിയുടെ തുടക്കത്തില്‍ 20 ശതമാനം നഗരസഭ വഹിക്കണമെന്നായിരുന്നു അറിയിച്ചത്. പീന്നീടത് 80 ശതമാനം നഗരസഭയും 20 ശതമാനം സര്‍ക്കാരും വഹിക്കാമെന്ന് അറിയിച്ചതോടെ നഗരസഭ വിസമ്മതം അറിയിച്ചിരുന്നു. പിന്നീട് മുഴുവന്‍ തുകയും സര്‍ക്കാര്‍ വഹിക്കാമെന്ന് ലൈഫ് പദ്ധതി കോ-ഓഡിനേറ്റര്‍ അറിയിച്ചത് കഴിഞ്ഞ 14ാം തിയ്യതി മാത്രമാണ്. ഇനിയും എത്ര നിലകളില്‍ താമസ സമുച്ചയം പണിയണമെന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനത്തിലെത്തിയിട്ടിലെന്നും യോഗത്തില്‍ മുനിസിപ്പല്‍ എന്‍ജിനീയര്‍ അറിയിച്ചു. ഇതോടെ വെട്ടിലായ കൗണ്‍സിലര്‍മാര്‍ പീന്നീട് പഴി മുഴുവനും വെള്ളപനയിലെ നാട്ടുകാരുടെ ദുരിതത്തെ കുറിച്ച് വാര്‍ത്ത നല്‍കിയ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയാക്കി. ഇതിനിടയിലാണ് പൊതുചര്‍ച്ചയ്ക്ക് അനുവദിച്ച സമയം അവസാനിച്ചതായി ചെയര്‍മാന്‍ അറിയിച്ചത്. അതോടെ ബഹളം ആരംഭിക്കുകയും ചെയ്തു. ചെയര്‍മാന്‍ ടി എസ് തിരുവെങ്കിടത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എം ശിവകുമാര്‍, എ കണ്ണന്‍ കുട്ടി, പി യു പുഷ്പലത, കെ മധു, രത്‌നാമണി സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss