|    Nov 15 Thu, 2018 3:49 am
FLASH NEWS

ചിറ്റൂരില്‍ പാലങ്ങളും റോഡുകളും വെള്ളത്തില്‍

Published : 10th August 2018 | Posted By: kasim kzm

ചിറ്റൂര്‍: കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെ ആളിയാര്‍ നിന്നും 3800 ക്യൂസെക്‌സ് വെള്ളം തുറന്നു വിട്ടതോടെ മൂലത്തറ റെഗുലേറ്ററിനു താഴെയുള്ള മൂലത്തറ, ആലാംകടവ്, പാറക്കളം നിലംപതി പാലങ്ങള്‍ വെള്ളത്തിനടിയിലായി. ഇതോടെ ഗോപാലപുരം മീനാക്ഷിപുരം പാതയും, നറണി, കോരിയാര്‍ചള്ള, കല്യാണപേട്ട, പാറക്കളം ഭാഗത്തേക്കുള്ള ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു.
ആളിയാറില്‍ നിന്നുതുറന്നു വിട്ട വെള്ളം വ്യാഴാഴ്ച്ച പുലര്‍ച്ചെ നാലോടെ മണക്കടവി ല്‍ എത്തിയ മണിക്കൂറുകള്‍ക്കുളില്‍ തന്നെ നിലംപതി പാലങ്ങളെ വെള്ളത്തിനടിലാക്കി നിറഞ്ഞൊഴുകി. പരമാവധി 1050 അടി ജലനിരപ്പുള്ള ആളിയാറില്‍ നിലവില്‍ 1048.5 അടി വെള്ളമുണ്ട്. കല്ലുകുട്ടിയാല്‍ കുന്നാച്ചി റോഡിലെ വണ്ടിത്തോട് നിറഞ്ഞ് ഇതുവഴിയുള്ള ഗതാഗതം പുര്‍ണമായും തടസ്സപ്പെട്ടു. സമീപത്തെ ശ്മശാനം വെള്ളത്തിലായി. റോഡും റോഡിനിരുവശത്തുമുള്ള കൃഷിയിടങ്ങളും വെള്ളത്തില്‍ മുങ്ങി കിടക്കുകയാണ്. നല്ലേപ്പിള്ളി വണ്ടിത്തോട് നിറഞ്ഞൊഴുകിയതോടെ സമീപത്തെ സ്വകാര്യ ആയുര്‍വേദ ആശുപത്രിയിലേക്ക് വെള്ളം കയറി. കൃഷിയിടങ്ങളും വെള്ളത്തിനടിയിലാണ്. കനാലിലെ ചെളിയും പാടങ്ങളില്‍ വ്യാപകമായി അടിഞ്ഞുകൂടിയിട്ടുണ്ട്.
വെള്ളം ഒഴിഞ്ഞു പോയാല്‍ മാത്രമേ നാശനഷ്ടത്തിന്റെ വ്യാപ്തി വ്യകാതമാവു. വടകരപ്പതി പഞ്ചായത്തിലെ കോഴിപ്പാറ ചന്ത പേട്ടയ്ക്ക് സമീപത്തുള്ള ചൊരപാറ,മണിയാരന്‍ ചള്ള, എരുമക്കാരനൂര്‍, എലിപ്പാറ എന്നിവടങ്ങളിലെ ഏരികളുടെ ബണ്ട് തകര്‍ന്ന് കോഴിപ്പാറ സ്‌ക്കൂളിനു താഴെയുള്ള കൃഷിയിടങ്ങളില്‍ വെള്ളം നിറഞ്ഞ് വിടുകളിലേക്ക് കയറി. കൂടാതെ കൊഴിഞ്ഞാമ്പാറ കോയമ്പത്തൂര്‍ അന്തര്‍ സംസ്ഥാന പാതയില്‍ എലിപ്പാറയ്ക്ക് റോഡില്‍ വെള്ളം കയറി റോഡും പാടങ്ങളും തിരിച്ചറിയാന്‍ പറ്റാതെ വന്നതോടെ ബുധനാഴ്ച്ച അര്‍ധരാത്രി നാട്ടുകാരുടെയും പോലിസിന്റെയും സഹായത്തോടെയാണ് വാഹനങ്ങളെ കടത്തിവിട്ടത്. വടകരപ്പതി വിലേജിലെ വാസത്തി, ഡെയ്‌സി, മുത്തപ്പന്‍, ധനം, റാണി, അനിത, റിനി, ആരോഗ്യ മേരി, ജപമാല മുത്തു, മൈക്കിള്‍, ജോണ്‍ ബ്രിട്ടോ, ചാമി എന്നിവരുടെ വിടുകളിലും മേനോന്‍പാറ പുഴപ്പാലം അംഗന്‍വാടിയിലും മണിയക്കാരന്‍ ചള്ള അംഗന്‍വാടിയിലും വെള്ളം കയറി.കൊഴിഞ്ഞാമ്പാറ ബസ് സ്റ്റാന്റില്‍ മുട്ടോളം വെള്ളം കെട്ടിനിന്നതോടെ ബസുകള്‍ സ്റ്റാന്റില്‍ കയറാത്തത് യാത്രക്കാരെ വലച്ചു. സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലേക്കും വെള്ളം കയറി.
എരുത്തേമ്പതിപിടാരിമേട്ടില്‍ രാമകൃഷ്ണന്റെ വീട് ഭാഗികമായി തകര്‍ന്നു.ഒഴലപ്പതി വില്ലേജിലെ ചിന്നമൂലത്തറ പ്രദേശത്തെ കണ്ടമുത്തന്‍,ഭാസ്‌കരന്‍,ദേവകി,സാവിത്രി,ഓമന എന്നിവരുടെ വീടുകളിലേക്ക് വെളളം കയറി. മഴയ്ക്ക് ശമനമായതിനു ശേഷം ഉച്ചയോടെയാണ് ഗതാഗതം പുനസ്ഥാപിച്ചത്.
വരട്ടയാര്‍ പുഴയും കരകവിഞ്ഞൊഴുകിയതോടെ കുലുകുപാറ, പഴണിയാര്‍ പാളയം നിലംപതി പാലങ്ങളും വെള്ളത്തിനടിയിലായി.കെ കെ പതി കനാല്‍വെളളം റോഡിലൂടെ ഒഴുകിയതോടെ കൊഴിഞ്ഞാമ്പാ കലാണ്ടിചള്ള റോഡും തകര്‍ന്നിട്ടുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss