|    Jul 23 Sun, 2017 8:24 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ചിറ്റൂരിലെ ആദിവാസികള്‍ക്ക് ഭൂമി: ഉടന്‍ നടപടി വേണമെന്ന് ഹൈക്കോടതി

Published : 30th September 2016 | Posted By: SMR

കൊച്ചി: പാലക്കാട് ചിറ്റൂര്‍ മേഖലയിലെ ഭൂരഹിതരായ ആദിവാസികള്‍ക്ക് ഭൂമി പതിച്ചുനല്‍കാനുള്ള നടപടികള്‍ രണ്ടു മാസത്തിനുള്ളില്‍ തുടങ്ങണമെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടു. ചിറ്റൂര്‍ മേഖലയിലെ ഭൂരഹിതരായ ആദിവാസികള്‍ക്ക് ഭൂമി നല്‍കുന്നതിന് നടപടിയില്ലെന്ന് ആരോപിച്ച് ചിറ്റൂര്‍ സ്വദേശി പി ശിവന്‍ നല്‍കിയ ഹരജിയില്‍ ജസ്റ്റിസ് പി വി ആശയുടേതാണ് ഉത്തരവ്.
സുപ്രിംകോടതി ഉത്തരവുണ്ടായിട്ടും ആദിവാസികള്‍ക്ക് ഭൂമി നല്‍കാന്‍ അപേക്ഷ സ്വീകരിച്ചതല്ലാതെ സര്‍ക്കാര്‍ ഒരു നടപടിയുമെടുത്തില്ല. കേരളത്തിലെ പട്ടികവര്‍ഗ വിഭാഗങ്ങളുടെ ഭൂമി കൈമാറ്റ നിയന്ത്രണ നിയമത്തില്‍ ഇതിനുള്ള വ്യവസ്ഥകളുണ്ടായിട്ടും നിയമത്തിന്റെ അന്തസ്സത്തയും ലക്ഷ്യവും ഉള്‍ക്കൊണ്ട് സര്‍ക്കാര്‍ നടപടിയെടുക്കാതിരുന്നത് ദൗര്‍ഭാഗ്യകരമാണെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി.
ഭൂമി പതിച്ചുനല്‍കാനും ഇവരെ പുനരധിവസിപ്പിക്കാനും 1999ലെ നിയമത്തില്‍ വ്യവസ്ഥകളുള്ളപ്പോള്‍ പതിച്ചുനല്‍കാന്‍ ഭൂമിയില്ലെന്ന് പറഞ്ഞ് സര്‍ക്കാരിന് ഒഴിഞ്ഞുമാറാനാവില്ല. നിയമത്തിലെ വ്യവസ്ഥകള്‍ക്കു പുറമേ സുപ്രിംകോടതി 2009 ല്‍ ഇക്കാര്യം നിര്‍ദേശിച്ചിട്ടുമുണ്ട്. ഇതിനാല്‍ വ്യവസ്ഥകള്‍ നടപ്പാക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണ്. ഭൂമി പതിച്ചുനല്‍കുമ്പോള്‍ അര്‍ഹരായവര്‍ക്കാണ് ലഭിക്കുന്നതെന്ന് സര്‍ക്കാര്‍ ഉറപ്പാക്കണം.
ഇതിനായി മാര്‍ഗനിര്‍ദേശമുണ്ടാക്കേണ്ട സമയം അതിക്രമിച്ചു. ഭൂമിക്കുവേണ്ടി ചിറ്റൂര്‍ മേഖലയില്‍ നിന്ന് 797 അപേക്ഷകളുള്ള സാഹചര്യത്തില്‍ നല്‍കാന്‍ ഭൂമിയില്ലെന്ന കാരണം പറഞ്ഞ് സര്‍ക്കാരിന് നിയമത്തിനു നേരെ കണ്ണടയ്ക്കാനാവില്ല. ഭൂമി ഏറ്റെടുത്ത് ആദിവാസികള്‍ക്ക് പതിച്ചുനല്‍കുന്ന കാര്യം സര്‍ക്കാരിനു തീരുമാനിക്കാമെന്ന് സുപ്രിം കോടതി നിരീക്ഷിച്ച സാഹചര്യത്തില്‍ ഇതിനുള്ള നടപടികള്‍ സമയബന്ധിതമായി തുടങ്ങേണ്ടിയിരുന്നു. എന്നാല്‍ 2010ല്‍ നല്‍കിയ ഹരജിയില്‍ സര്‍ക്കാര്‍ ഒരു സത്യവാങ്മൂലംപോലും ഇതുവരെ നല്‍കിയില്ലെന്നും സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവില്‍ പറയുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക