|    Aug 21 Mon, 2017 3:36 pm
FLASH NEWS

ചിറ്റുമൂല റെയില്‍വേ ഗേറ്റില്‍ മേല്‍പ്പാലം നിര്‍മിക്കാന്‍ ഭരണാനുമതി ലഭിച്ചു

Published : 7th August 2017 | Posted By: fsq

 

കരുനാഗപ്പള്ളി: പുതിയകാവ് ചക്കുവള്ളി റോഡില്‍ ചിറ്റുമൂല റെയില്‍വേ ഗേറ്റില്‍ മേല്‍പ്പാലം നിര്‍മിക്കാന്‍ ഭരണാനുമതി ലഭിച്ചു. 30 കോടി രൂപയാണ് നിര്‍മാണച്ചിലവ്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ മേല്‍പ്പാലം നിര്‍മിക്കാന്‍ തീരുമാനിച്ച് സ്ഥലത്തെ മണ്ണ് പരിശോധന നടത്തിയെങ്കിലും ചില സാങ്കേതിക കാരണങ്ങളാല്‍ മേല്‍പ്പാലം നിര്‍മാണം നടന്നില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ കഴിഞ്ഞ ബജറ്റില്‍ 30 കോടി രൂപ ചിറ്റുമൂല റെയില്‍വേ മേല്‍പ്പാലം നിര്‍മിക്കാന്‍ വകകൊള്ളിക്കുകയും അനുമതി നല്‍കുകയും ചെയ്‌തെങ്കിലും നിര്‍മാണം വൈകുന്നു. കരുനാഗപ്പള്ളി റെയില്‍വേ സ്‌റ്റേഷന്‍ പരിധിയില്‍ വരുന്ന റെയില്‍വേ ഗേറ്റുകളില്‍ ഏറ്റവും തിരക്കേറിയതാണ് പുതിയകാവ് ചക്കുവള്ളി റോഡിലെ ചിറ്റുമൂല റെയില്‍വേ ഗേറ്റ്. വര്‍ഷങ്ങളായി ഇവിടെ മേല്‍പ്പാലം നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരും വിവിധ സംഘടനകളും സമരം ചെയ്യുന്നെങ്കിലും ഇപ്പോഴാണ് അനുമതി ലഭിച്ചത്. കരുനാഗപ്പള്ളി റെയില്‍വേ സ്‌റ്റേഷന് ഏറ്റവും അടുത്തുള്ള റെയില്‍വേ ഗേറ്റായത് മൂലം ട്രെയിനുകള്‍ വളരെ വേഗത കുറച്ചാണ് കടന്നുപോകുന്നത്. ഇത് മൂലം ഗേറ്റ് തുറക്കാന്‍ വൈകുന്നത് കൊണ്ട് ഗേറ്റിന് ഇരു സൈഡുകളിലും അഞ്ഞൂറിലധികം വാഹനങ്ങള്‍ വന്ന് ചേരുകയും ഗേറ്റ് തുറന്നാല്‍ അര മണിക്കൂറോളം ഇവിടെ ഗതാഗതക്കുരുക്ക് ഉണ്ടാവുന്നതും പതിവാണ്. മേല്‍പ്പാലം വരുന്നതോടെ ഗതാഗത കുരുക്ക് ഒഴിവാക്കാനും വാഹനങ്ങള്‍ക്ക് വേഗത്തില്‍ കടന്ന് പോകാനും കഴിയും. കേരള റോഡ്‌സ് ആന്റ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോര്‍പറേഷനെയാണ് തുടര്‍ നടപടികള്‍ ഏല്‍പ്പിച്ചിട്ടുള്ളത്. ഇവിടെ കൂടുതല്‍ സ്ഥലം ഏറ്റെടുക്കേണ്ടതില്ലാത്തത് കൊണ്ട് മേല്‍പ്പാലം നിര്‍മാണം വേഗത്തില്‍ നടക്കാനാണ് സാധ്യത. പത്ത് മിനിട്ടിനുള്ളില്‍ ഒരു ട്രെയിന്‍ വച്ച് ഇരു ദിശകളിലേക്കും വരുന്നതിനാല്‍ 120ന് മുകളില്‍ ട്രെയിനുകള്‍ ദിനംപ്രതി കടന്ന് പോകുന്നു. ഇത് മൂലം കരുനാഗപ്പള്ളി മേഖലയില്‍ ഏറ്റവും കൂടുതല്‍ സമയം ഗേറ്റ് അടച്ചിടുന്ന ഭാഗമാണ് ചിറ്റുമൂല. ഇത് മൂലം കിഴക്കന്‍ മേഖലകളില്‍ നിന്നും കരുനാഗപ്പള്ളി താലൂക്കാശുപത്രി ഉള്‍പ്പെടെയുള്ള ആശുപത്രികളിലേക്ക് അത്യാസന്ന നിലയില്‍ കൊണ്ട് വന്നിട്ടുള്ള പല രോഗികളും മരിക്കാനിടയായിട്ടുണ്ട്. ഇക്കഴിഞ്ഞ രണ്ട് കൊല്ലത്തിനിടയില്‍ കിഴക്കന്‍ പ്രദേശങ്ങളില്‍ നിന്നും കൊണ്ട് വന്ന രണ്ട് ഗര്‍ഭിണി സ്ത്രീകള്‍ റെയില്‍വേ ഗേറ്റ് അടച്ചത് മൂലം വാഹനത്തില്‍ പ്രസവിച്ച സംഭവവും നിലവിലുണ്ട്. സ്‌കൂള്‍ കോളജ് വിദ്യാര്‍ഥികളും റെയില്‍വേ ഗേറ്റ് അടച്ചിടുന്നത് കാരണം വൈകിയാണ് കോളജുകളിലും സ്‌കൂളുകളിലും എത്താറുള്ളത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക