|    Oct 24 Wed, 2018 5:59 am
FLASH NEWS

ചിറക് മുളയ്ക്കാത്തസിനിമ

Published : 12th December 2015 | Posted By: swapna en

എ പി   വിനോദ്

കാസര്‍കോഡന്‍ ഗ്രാമങ്ങളില്‍ പെയ്തിറങ്ങിയ വിഷമഴ ഒരു സമൂഹത്തെ തന്നെ കാര്‍ന്നുതിന്നപ്പോള്‍ കാമറ പ്രതിരോധത്തിന്റെ ഒരു മാധ്യമമായി കണ്ടെത്തുകയും ഇരകള്‍ക്കു വേണ്ടി പൊരുതുകയും ചെയ്യുന്ന ഫോട്ടോഗ്രാഫറെ കേന്ദ്രബിന്ദുവാക്കി ഡോ. ബിജു സംവിധാനം ചെയ്ത ‘വലിയ ചിറകുള്ള പക്ഷികള്‍’ക്ക്, വര്‍ത്തമാനകാലത്തെ ഒരു സംഭവം സിനിമയിലേക്കെത്തുമ്പോള്‍ സംഭവിക്കാവുന്ന എല്ലാ തെറ്റുകുറ്റങ്ങളും സംഭവിച്ചിട്ടുണ്ട്. ഫീച്ചര്‍ സിനിമയെന്നതിലുപരി ഒരു ഡോക്യുഫിക്ഷന്‍ രീതിയുടെ വ്യാകരണമാണ് സംവിധായകന്‍ സ്വീകരിച്ചിരിക്കുന്നത്.

പ്ലാന്റേഷന്‍ കോര്‍പറേഷന്റെ അധീനതയിലുള്ള കശുമാവിന്‍ തോട്ടങ്ങളുടെ സമീപത്തെ 11 പഞ്ചായത്തുകളിലെ ദുരന്തബാധിതരുടെ ചിത്രമെടുക്കാനെത്തിയ കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുന്ന പ്രസ്സ് ഫോട്ടോഗ്രാഫറാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. വിടരുംമുമ്പേ കൊഴിഞ്ഞുപോവുന്ന പിഞ്ചുകുട്ടികളുടെ ദൈന്യത, ഹൃദയത്തെ നൊമ്പരപ്പെടുത്തുമ്പോഴും കാമറ ഒരു സമരായുധമാണെന്നു തിരിച്ചറിഞ്ഞ് എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ സ്‌റ്റോക്ക്‌ഹോം വരെ പോവുകയാണ് കഥാനായകന്‍.

എന്‍ഡോസള്‍ഫാനെ അനുകൂലിക്കുന്ന ഇന്ത്യന്‍ ഗവണ്‍മെന്റിനെ ചിത്രം നിശിതമായി വിമര്‍ശിക്കുന്നു. എന്‍ഡോസള്‍ഫാനെതിരേ പോരാടിയ ഡോ. വൈ എസ് മോഹന്‍കുമാറിനെ പ്രകാശ് ബാരെയാണ് സ്‌ക്രീനില്‍ അവതരിപ്പിച്ചിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂടിന്റെ കൃഷിമന്ത്രി, സലിംകുമാറിന്റെ പ്രധാനാധ്യാപകന്‍, അനുമോളുടെ പരിസ്ഥിതിപ്രവര്‍ത്തക, തമ്പി ആന്റണിയുടെ എന്‍ഡോസള്‍ഫാന്‍ കമ്പനി പ്രതിനിധി എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍. എന്‍ഡോസള്‍ഫാന്‍ വിരുദ്ധ പോരാളികളായ ലീലാകുമാരിയമ്മ, ഫ്രീലാന്‍സ് ജേണലിസ്റ്റ് ശ്രീപദ്രെ, എന്‍ആര്‍എച്ച്എം കോ-ഓഡിനേറ്റര്‍ ഡോ. മുഹമ്മദ് അഷീല്‍ എന്നിവരും ചിത്രത്തില്‍ അഭിനേതാക്കളാവുന്നുണ്ട്.

എന്‍ഡോസള്‍ഫാന്‍ തളിച്ച ഉടനെയുള്ള കാലവും വര്‍ഷങ്ങള്‍ക്കു ശേഷം ഇരകളുടെ അവസ്ഥയുമാണ് സിനിമയില്‍ ചിത്രീകരിക്കുന്നത്. കാനഡയിലെ സ്റ്റോക്‌ഹോം കണ്‍വെന്‍ഷനില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ ലോകരാജ്യങ്ങളുടെ ആവശ്യവും അതിനോടുള്ള ഇന്ത്യയുടെ നിഷേധാത്മകനിലപാടും ചിത്രം ചര്‍ച്ച ചെയ്യുന്നുണ്ട്. യഥാര്‍ഥ ഇരകളുടെയും അവരുടെ കുടുംബങ്ങളുടെയും ദുരവസ്ഥയിലൂടെയാണ് സംവിധായകന്‍ തന്റെ കാമറ ചലിപ്പിക്കുന്നത്.

എന്നാല്‍, സിനിമ ഒരു കലാരൂപം എന്ന നിലയില്‍ പ്രേക്ഷകനോട് നൂറുശതമാനവും നീതിപുലര്‍ത്തുന്നില്ല. കൃഷിവകുപ്പും പ്ലാന്റേഷന്‍ കോര്‍പറേഷനും വരുത്തിവച്ച എന്‍ഡോസള്‍ഫാന്‍ ദുരന്തം ചിത്രീകരിക്കുമ്പോള്‍ ദുരന്തത്തിന്റെ തുടക്കം കാണിക്കാമായിരുന്നു.             വലിയ ചിറകുള്ള പക്ഷികള്‍ എന്ന പേരുകേട്ടപ്പോള്‍ പ്രേക്ഷകര്‍ ഹെലികോപ്റ്ററില്‍നിന്നു സ്‌പ്രേ ചെയ്യുന്ന എന്‍ഡോസള്‍ഫാനും തൊഴിലാളികളുടെ ദുരിതാവസ്ഥകളുടെ ചിത്രീകരണവും പ്രതീക്ഷിച്ചിരുന്നു. പ്ലാന്റേഷന്‍ കോര്‍പറേഷന്റെ തോട്ടങ്ങള്‍ പോലും സിനിമയില്‍ വേണ്ടവിധം ചിത്രീകരിച്ചിട്ടില്ല.

വണ്ടുകളും പൂമ്പാറ്റകളുമില്ലാത്ത എന്‍ഡോസള്‍ഫാന്‍ കാലത്തെ പ്രകൃതിചിത്രീകരണം പോലും പ്രേക്ഷകരെ പിടിച്ചിരുത്തുന്ന മട്ടിലായിരുന്നില്ല. സിനിമയുടെ ജീവന്‍ എവിടെയൊക്കെയോ നഷ്ടപ്പെട്ടിട്ടുണ്ട്. വിവാഹം പോലും നിഷേധിക്കപ്പെട്ട ദുരിതഗ്രാമങ്ങളുടെ കഥ സംവിധായകന്‍ മറന്നുവെന്നു തോന്നുന്നു. എന്‍ഡോസള്‍ഫാന്‍ വിരുദ്ധപ്രക്ഷോഭത്തിന്റെ രാഷ്ട്രീയം പ്രേക്ഷകരിലെത്തിക്കാനും സിനിമയ്ക്കായില്ല. സംവിധായകന്‍ വച്ചുപുലര്‍ത്തിയ സങ്കുചിത രാഷ്ട്രീയം സിനിമയ്ക്കു ചേരുന്നതായിരുന്നില്ല. സ്വാഭാവികമായും പറഞ്ഞുപോകേണ്ട ദുരിതബാധിതര്‍ക്ക് യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികളൊന്നും സൂചിപ്പിക്കുക പോലും ചെയ്യാതെ വിഎസ് അച്യുതാനന്ദന്റെ ഉപവാസം എടുത്തുപറഞ്ഞത് ഇത്തരമൊരു നിഗമനത്തിലെത്താന്‍ പ്രേക്ഷകരെ പ്രേരിപ്പിക്കും. ചിത്രത്തിന്റെ അവസാനം എന്‍ഡോസള്‍ഫാന്‍ നിരോധിച്ചുകഴിഞ്ഞിട്ടും നിസ്സംഗതയോടെ നില്‍ക്കുന്ന ഫോട്ടോഗ്രാഫര്‍ ഈ സിനിമയുടെ  പ്രതീകം തന്നെയാണ്.  ഹ

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss