|    Jul 24 Mon, 2017 6:05 pm
FLASH NEWS

ചിറക്കല്‍ റെയില്‍വേ സ്റ്റേഷനില്‍ അവഗണനയുടെ ചൂളംവിളി

Published : 4th July 2016 | Posted By: SMR

കണ്ണൂര്‍: ചിറക്കല്‍ റെയില്‍വേ സ്റ്റേഷനോടുള്ള അവഗണനയ്‌ക്കെതിരേ യാത്രക്കാര്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു. ദക്ഷിണ റെയില്‍വേയിലെ പഴക്കം ചെന്ന സ്റ്റേഷനുകളിലൊന്നായ ചിറക്കല്‍ സ്റ്റേഷനോട് അധികൃതര്‍ എന്നും അവഗണന മാത്രമാണു കാട്ടുന്നത്.
പ്ലാറ്റ്‌ഫോമിന്റെ നീളക്കുറവ് കാരണം യാത്രക്കാര്‍ കാടുകയറിയ സ്ഥലത്താണ് ഇറങ്ങുന്നത്. ഏഴു ബോഗികള്‍ നിര്‍ത്തേണ്ട നീളം മാത്രമാണ് സ്റ്റേഷനിലെ രണ്ട് പ്ലാറ്റ് ഫോമുകള്‍ക്കുമുള്ളത്. 13 ബോഗികളുള്ള പാസഞ്ചര്‍ ട്രെയിനിന്റെ 6 ബോഗികളും പ്ലാറ്റ്‌ഫോമിന് പുറത്താണ് നിര്‍ത്തിയിടുന്നത്.
ഇതുകാരണം ട്രെയിന്‍ ഇറങ്ങുമ്പോള്‍ വീണ് പരിക്കേല്‍ക്കുന്ന യാത്രക്കാരുടെ എണ്ണം ദിവസേന കൂടിവരികയാണ്. യാത്രക്കാര്‍ക്ക് മിനിമം അനുവദിക്കേണ്ട സംവിധാനം പോലും ഒരുക്കാത്തതിനെതിരേ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കാനൊരുങ്ങുകയാണ് യാത്രക്കാര്‍.
പ്ലാറ്റ് ഫോറത്തിന്റെ നീളവും മേല്‍ക്കുര നിര്‍മാണവും നടത്താന്‍ തീരുമാനിച്ചതായി നേരത്തേ സ്റ്റേഷന്‍ വികസന ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളെ റെയില്‍വേ അധികൃതര്‍ അറിയിച്ചിരുന്നു. എന്നാല്‍ ഫണ്ട് അനുവദിക്കാനോ പ്രവൃത്തി നടത്താനോ റെയില്‍വേ തയ്യാറായിട്ടില്ല. സ്റ്റേഷനിലേക്കെത്തേണ്ട റോഡ് നിര്‍മാണവും നിലച്ചിരിക്കുകയാണ്. ആവശ്യത്തിന് സ്ഥലം റെയില്‍വേയുടെ കൈവശമുണ്ടെങ്കിലും റോഡ് നിര്‍മിക്കാന്‍ റെയില്‍വേ തയ്യാറാവാത്തതാണു തിരിച്ചടിയാവുന്നത്. ഈയിടെ റോഡിന് തടസ്സമായി സ്വകാര്യ വ്യക്തി മതില്‍ കെട്ടുകയും ചെയ്തു. ആറ് പാസഞ്ചര്‍ ട്രെയിനുകളാണ് ഇപ്പോള്‍ ചിറക്കല്‍ സ്റ്റേഷനില്‍ നിര്‍ത്തുന്നത്.
നിരവധി യാത്രക്കാരും ദിനേനയെത്തുന്നുണ്ട്. പ്രതിമാസം നാലായിരത്തിലേറെ ടിക്കറ്റുക ള്‍ വിറ്റഴിയുന്നുണ്ട്. സീസണ്‍ ടിക്കറ്റുകള്‍ വേറെയും. കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിച്ചാല്‍ യാത്രക്കാരുടെ എണ്ണം വര്‍ധിക്കും. ഒപ്പം ഭൗതിക സാഹചര്യവും വര്‍ധിപ്പിക്കണം. പ്ലാറ്റ്‌ഫോമില്‍ വെളിച്ചമില്ലാത്തതും യാത്രക്കാരെ ദുരിതത്തിലാഴ്ത്തുന്നു. കഴിഞ്ഞ വര്‍ഷം സതേ ണ്‍ റെയില്‍വേ മാനേജര്‍ സ്റ്റേഷനുകള്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായി കുടിവെള്ള പൈപ്പ് ലൈന്‍ വലിച്ചിരുന്നു.
പരിശോധനാ സമയത്ത് ഉന്നത ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്താന്‍ വേണ്ടി മാത്രം ചെയ്ത പ്രവൃത്തി പിന്നീട് നിലച്ചു. സ്റ്റേഷന്റെ ദുരിതം പി കെ ശ്രമിതി എംപിക്കും റെയില്‍വേ അധികൃതരെയും അറിയിച്ച് തുടര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ പ്രക്ഷോഭത്തിനൊരുങ്ങുമെന്ന് റെയില്‍വേ ഡിവിഷന്‍ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി പി കെ ബൈജു, ചിറക്കല്‍ സ്റ്റേഷന്‍ ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ സി എച്ച് ബാലകൃഷ്ണ ന്‍, പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളായ ബിജു ആന്റണി, ടി മോഹനന്‍, കെ ഗിരീശന്‍ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക