|    Apr 24 Tue, 2018 8:55 am
FLASH NEWS

ചിറകു വിടര്‍ത്തുന്ന കഥകള്‍

Published : 6th September 2015 | Posted By: admin

ഡോ ശരത് മണ്ണൂര്‍

 

മലയാള ചെറുകഥ വളര്‍ച്ചമുറ്റിനില്‍ക്കുന്ന ഒരു വന്മരം പോലെയാണെന്നു പറയാം. സര്‍ഗധനരായ ഒട്ടനവധി എഴുത്തുകാരുടെ സാന്നിധ്യം ഈ മേഖലയെ സജീവമാക്കിയിട്ടുണ്ട്. ആനുകാലികങ്ങളിലൂടെയും മറ്റും നിരവധി പേരാണ് കഥയുടെ ലോകത്തേക്ക്  കടന്നുവന്നുകൊണ്ടിരിക്കുന്നത്. ദിനംപ്രതിയെന്നോണം അനേകം കഥാസമാഹാരങ്ങളും പ്രകാശനം ചെയ്യപ്പെടുന്നുണ്ട്. എന്നാല്‍, ഇവിടെ പ്രധാനപ്പെട്ട ഒരു ചോദ്യമുയരുന്നു. ഈ കഥകളെല്ലാം പരക്കെ വായിച്ചാസ്വദിക്കപ്പെടുന്നുണ്ടോ? ഭൂരിഭാഗം  സന്ദര്‍ഭങ്ങളിലും ഒന്നോടിച്ചു വായിച്ച്  മാറ്റിവയ്ക്കുന്നതോടെ തീരുന്നു കഥകളുമായുള്ള വായനക്കാരുടെ ആത്മബന്ധം. ഇതിനു കാരണങ്ങള്‍ പലതായിരിക്കാം. അവയില്‍ പ്രധാനപ്പെട്ടത് ഒരുപക്ഷേ, കാലോചിതമെന്ന പേരില്‍ എഴുത്തില്‍ വന്നുകൊണ്ടിരിക്കുന്ന വികലമായ പരീക്ഷണങ്ങളായിരിക്കാനും സാധ്യതയുണ്ട്.

സാമാന്യജനങ്ങളെ വായനയില്‍ നിന്നകറ്റിനിര്‍ത്തുന്നതില്‍ ഈ പരീക്ഷണങ്ങള്‍ പലപ്പോഴായി വഹിച്ച പങ്ക് ചില്ലറയല്ലല്ലോ. എന്തായാലും ഈ ആരവങ്ങളിലൊന്നും ഭാഗഭാക്കാവാതെ ഒരു കൂട്ടം എഴുത്തുകാര്‍ നിശ്ശബ്ദരായി തങ്ങളുടെ എഴുത്ത് തുടര്‍ന്നുകൊണ്ടിരിക്കുന്നു. അവരിലൊരാളാണ് ശശിധരന്‍ ഫറോക്ക്. തന്റെ കഥകളെല്ലാം വായനക്കാര്‍ക്കു മനസ്സിലാവണമെന്നു നിര്‍ബന്ധമുള്ള ഈ എഴുത്തുകാരന്റെ മൂന്നാമത്തെ  കഥാസമാഹാരമാണ് ഒറ്റച്ചിറകുള്ള തുമ്പി.ഈ പുസ്തകത്തില്‍ ചെറുതും വലുതുമായ മുപ്പത്തിമൂന്ന് കഥകളാണുള്ളത്.

വീഥിയില്‍ വെളിച്ചക്കുറവുണ്ട് എന്ന കഥയില്‍  ദാമ്പത്യത്തിലെ സ്ഥിരം രോഗമായ സംശയമാണ് വില്ലന്‍. എന്നും അതിരാവിലെ നടക്കാനിറങ്ങുന്ന ഭര്‍ത്താവിന് എന്തെങ്കിലും രഹസ്യമുണ്ടോ എന്നറിയുന്നതിനായി ഒരു ദിവസം ഭാര്യയും അയാളോടൊപ്പം നടക്കാന്‍ പോവുന്നു. എന്നാല്‍, എട്ടാം ക്ലാസില്‍ പഠിക്കുന്ന ഒരു കൊച്ചു പെണ്‍കുട്ടിയാണ് ഭര്‍ത്താവിന്റെ നടത്തത്തിലെ പങ്കാളി എന്നറിയുമ്പോള്‍ ഭാര്യയുടെ സംശയം ഉരുകിത്തീരുന്നത് നര്‍മത്തോടെയാണ് അവതരിപ്പിച്ചിരിക്കുന്നത്.    ഇന്നത്തെ നമ്മുടെ സ്‌കൂള്‍സമ്പ്രദായത്തില്‍  ശൈശവവും ബാല്യവും നിറം കെട്ടുപോകുന്നുവോ എന്ന ചിന്തയാണ് നക്ഷത്രങ്ങള്‍  കണ്ണടയ്ക്കുന്നതെന്തുകൊണ്ട് എന്ന കഥയില്‍. സ്‌കൂളില്ലാത്ത ഒരു രാജ്യമുണ്ടാകുമോ എന്ന നന്ദുമോന്റെ ചോദ്യം അതുകൊണ്ടുതന്നെ അത്ര നിസ്സാരമായി കാണാവുന്നതല്ല. ഉണ്ടെങ്കില്‍ അങ്ങോട്ട് ഓടിപ്പോവാന്‍         നന്ദുമോനെപ്പോലെ നിരവധി കുട്ടികളുണ്ടാവുമെന്നതില്‍ സംശയവും വേണ്ട.

ഇന്നത്തെ വിദ്യാഭ്യാസപ്രക്രിയയുടെ ഹൃദയശൂന്യതയാണ് ഈ കഥാകൃത്ത് പറഞ്ഞുവയ്ക്കുന്നത്. പ്രതികരണശേഷി അപകടകരമാം വിധം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ കുഞ്ഞുങ്ങളെങ്കിലും പ്രതികരിക്കേണ്ടേ എന്ന ചോദ്യമാണ് യാത്രയ്ക്കിടയില്‍. മുതിര്‍ന്നവര്‍ ചിന്താശൂന്യരും വികാരരഹിതരുമാകുമ്പോള്‍ കുട്ടികള്‍ ആ സ്ഥാനം ഏറ്റെടുക്കുന്നു എന്നത് കാലത്തിന്റെ തമാശയായിരിക്കാം. മുമ്പേ പറക്കുന്ന പക്ഷികള്‍ എന്നൊരു കഥയുണ്ട് ഇതില്‍. മരണത്തെയും പ്രതീക്ഷിച്ചിരിക്കുന്ന അന്തന്‍മാഷ്, താന്‍ മരിച്ചാല്‍ മൃതദേഹം കുളിപ്പിക്കാന്‍ പറ്റിയ ഒരു കട്ടില്‍ ഉണ്ടാക്കാന്‍ ആശാരിയെ തേടി പോവുകയാണ്.

കഥകള്‍ മാത്രമല്ല, കഥയില്ലയ്മകളും നിറഞ്ഞതാണല്ലോ മനുഷ്യജീവിതമെന്ന് ഈ കഥ ഓര്‍മിപ്പിക്കുന്നതുപോലെ.     പണ്ടവും പണവുമില്ലാത പെണ്ണ് പിണ്ഡവും പിണവുമാണെന്ന പുതുചൊല്ലിന്റെ സാംഗത്യം പരിശോധിക്കുന്ന കഥയാണ് ഒളിച്ചോട്ടം. ഫംഗസ് എന്ന കഥ സ്വാര്‍ഥതയിലുടക്കിയ സ്‌നേഹം ഫംഗസ് ബാധയേറ്റതാണെന്ന് പറയുന്നു. കുടുംബജീവിതത്തിലെ അപ്രതീക്ഷിതസംഭവങ്ങള്‍ ഭാര്യാഭര്‍തൃബന്ധത്തിന്റെ ഊഷ്മളതയ്ക്ക്  വിള്ളലേല്‍പ്പിക്കുന്നതെങ്ങനെയെന്ന് നിഴല്‍ വിഴുങ്ങുന്ന വര്‍ത്തമാനം വിശദീകരിക്കുന്നു. ഇതുപോലെ വൈവിധ്യമുള്ള കഥകള്‍ ഇനിയുമുണ്ട്.

 

തലമുറകളുടെ അന്തരം ബന്ധങ്ങളുടെ ഇഴയടുപ്പം ഇല്ലാതാക്കുന്ന ചെരിപ്പ്, കൂടാതെ മേല്‍വിലാസം, കള്ളവോട്ട്, നേരിന്റെ നിറം… ഇങ്ങനെ ജീവിതത്തിന്റെ വൈവിധ്യപൂര്‍ണമായ ചിത്രം വരച്ചുകാട്ടുന്ന എത്രയെത്ര കഥകള്‍..         ദൈനംദിനജീവിതത്തിന്റെ നേര്‍ക്കാഴ്ചകളാണ് ഒറ്റച്ചിറകുള്ള തുമ്പിയില്‍ യഥാതഥമായി ചിത്രീകരിക്കപ്പെടുന്നത്. ജീവിതത്തിന്റെ അര്‍ഥവും അര്‍ഥരാഹിത്യവും അന്വേഷിക്കുന്ന കഥകളെന്ന് ഇവയെ വിശേഷിപ്പിക്കാം. അര്‍ഥത്തേക്കാള്‍  കൂടുതല്‍ അര്‍ഥരാഹിത്യത്തെക്കുറിച്ചാണ് അവ സംസാരിക്കുന്നത്.

ജീവിതത്തിന്റെ അന്തസ്സാര ശൂന്യതയാണ് നേര്‍ത്ത നര്‍മത്തില്‍ ചാലിച്ച് ഈ കഥകള്‍ വെളിപ്പെടുത്തുന്നത്. അവതരണത്തിലെ  ആത്മാര്‍ഥതയും ലാളിത്യമാര്‍ന്ന ഭാഷയും ഈ കഥകളുടെ വായനയെ അനായാസമാക്കുന്നുണ്ട്. വായനക്കാരുടെ മനസ്സിനെ വായനയുടെ  ബാഹ്യാന്തരീക്ഷത്തിലേക്ക് വഴുതിപ്പോകാതെ പിടിച്ചുനിര്‍ത്തുന്ന കഥാകൃത്തിന്റെ കരവിരുത്  ശ്രദ്ധിക്കപ്പെടേണ്ടതുതന്നെ. മലയാള ചെറുകഥയുടെ ഭൂമികയില്‍ ശശിധരന്‍ ഫറോക്ക് എന്ന കഥാകൃത്തിന് തീര്‍ച്ചയായും ഒരിടമുണ്ടെന്ന് ഈ സമാഹാരത്തിലെ കഥകള്‍  സത്യസന്ധമായി സാക്ഷ്യപ്പെടുത്തുന്നു.                                                                         ി

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss