|    Mar 26 Sun, 2017 9:08 am
FLASH NEWS

ചിരിയും കരച്ചിലും

Published : 20th July 2016 | Posted By: mi.ptk

ചിരിയിലും കരച്ചിലിലും ലിംഗഭേദങ്ങളുണ്ടോ? പെണ്‍കുട്ടികള്‍ ഉറക്കെ സംസാരിക്കരുത്, ഉച്ചത്തില്‍ ചിരിക്കരുത് തുടങ്ങിയ അനേകം വിധിവിലക്കുകളിലൂടെ വളര്‍ന്ന ഒരു തലമുറയാണു നമ്മുടേത്. അതുപോലെ പരസ്യമായി കരയുന്ന പുരുഷന്‍മാര്‍ ആണത്തമില്ലാത്തവരാണെന്ന ധാരണ നമ്മുടെ നാട്ടില്‍ മാത്രമല്ല, ലോകത്തെല്ലായിടത്തും ഉണ്ടെന്നു തോന്നുന്നു. ഒരു ഫോട്ടോ പരമ്പരയിലൂടെ ഇതിന്റെ വാസ്തവികത അന്വേഷിക്കാന്‍ ഈയിടെ ഡച്ച് യൂനിവേഴ്‌സിറ്റിയിലെ മോഡ്‌ഫേണോട്ട് എന്ന വിദ്യാര്‍ഥിനി ശ്രമിക്കുകയുണ്ടായി. പുരുഷന്‍മാരായ ഇറ്റലിക്കാര്‍ക്കും സ്പാനിഷുകാര്‍ക്കും അനായാസം കരയാന്‍ കഴിയുമ്പോള്‍ കിഴക്കന്‍ യൂറോപ്പിലെ പുരുഷന്‍മാരെ ഏതോ വിധത്തിലുള്ള ഒരഹംബോധം കരച്ചിലിനെ ചെറുത്തുനില്‍ക്കാന്‍ പ്രേരിപ്പിക്കുന്നുണ്ടെന്നായിരുന്നു വിലയിരുത്തല്‍. സാംസ്‌കാരികവ്യത്യാസം അനുസരിച്ച് പുരുഷന്‍മാരുടെ കരച്ചിലിലും വ്യത്യാസമുണ്ടെന്നര്‍ഥം. അതേസമയം, പാശ്ചാത്യവനിതകളുടെ ചിരിയില്‍ വലിയ വ്യത്യാസങ്ങളൊന്നുമില്ലെന്നാണ് മോഡ്‌ഫേണോട്ടിന്റെ അഭിപ്രായം. അവര്‍ക്ക് എപ്പോഴും ഉള്ളുതുറന്നു ചിരിക്കാന്‍ സാധിക്കുന്നുണ്ടത്രെ. എന്നാല്‍, ഇന്ത്യ ഉള്‍പ്പെടെയുള്ള പൗരസ്ത്യദേശങ്ങളിലേക്കു വരുമ്പോള്‍ ഇത് സത്യമാവണമെന്നില്ല. കാരണം, പാശ്ചാത്യദേശങ്ങളെപ്പോലെ ഒരനുവദനീയസമൂഹമല്ല നമ്മുടേത്. ചിരിയായാലും കരച്ചിലായാലും അമര്‍ത്തിവയ്ക്കാനുള്ള ഒരു ശീലമാണ്, കൊച്ചുനാള്‍ തൊട്ടേ നമ്മില്‍ വളര്‍ന്നുവരുന്നത്. നമ്മുടെ സ്ത്രീകള്‍ പെട്ടെന്നു നിയന്ത്രണാതീതമായ കരച്ചിലിന് അടിപ്പെട്ടുപോവുന്നു. ഇതില്‍ ആര്‍ജിതസംസ്‌കാരത്തിന്റെയും ശീലങ്ങളുടെയും സ്വാധീനം പ്രകടമാണ്. പെണ്‍കുട്ടികള്‍ക്ക് തനിച്ചിരുന്നു കരയാന്‍ ഓരോ വീട്ടിലും ഒരു മുറി വേണമെന്ന് നിത്യചൈതന്യയതി ഒരിക്കല്‍ എഴുതിയത് ഓര്‍മവരുന്നു.

(Visited 74 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക