|    Dec 16 Sun, 2018 2:23 am
FLASH NEWS

ചിരിച്ചും ചിണുങ്ങിയും അവര്‍ അക്ഷരമുറ്റത്ത്

Published : 13th June 2018 | Posted By: kasim kzm

മലപ്പുറം:  കുന്നോളം പ്രതീക്ഷകളുമായി കുരുന്നുകള്‍ അക്ഷരമുറ്റത്തെത്തി. അക്ഷരങ്ങളുടെ വര്‍ണമഴ കൈക്കലാക്കാന്‍ അമ്മയുടെ കൈ മുറുക്കിപ്പിടിച്ച് പുത്തനുടുപ്പും ബാഗും കുടയുമായാണ് കുരുന്നുകള്‍ പുതിയ അധ്യയന വര്‍ഷത്തേക്ക് കാല്‍വച്ചത്. ജില്ലയില്‍ സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളിലായി 55,498 കുട്ടികളാണ് ഇത്തവണ ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയത്. സര്‍ക്കാര്‍ സ്‌കൂളില്‍ മാത്രമായി 22,285 വിദ്യാര്‍ഥികള്‍ പ്രവേശനം നേടി. കഴിഞ്ഞ വര്‍ഷമിത് 21,228 ആയിരുന്നു. ഉല്‍സവ അന്തരീക്ഷത്തിലാണ് സ്‌കൂളുകളില്‍ കുരുന്നുകളെ വരവേറ്റത്. മഴ പ്രവേശനോല്‍സവത്തിന്റെ നിറം ചെറുതായി കെടുത്തി.
നവാഗതരെ വരവേല്‍ക്കാന്‍ ആകര്‍ഷണമായ രീതിയില്‍ സ്‌കൂളുകള്‍ അണിഞ്ഞൊരിങ്ങിയിരുന്നു. വര്‍ണ ബലൂണുകളും കൊടിതോരണങ്ങളും കൊണ്ടും സ്‌കൂളുകള്‍ അലങ്കരിച്ചു. ആദ്യ ദിനത്തില്‍ വിദ്യാലയ മുറ്റത്തേക്കുവന്ന കുരുന്നുകളുടെ മുഖത്ത് തെല്ല് അമ്പരപ്പും അല്‍ഭുതവും പ്രകടമായി. കൈപിടിച്ച് കൊണ്ടുവന്ന രക്ഷിതാക്കള്‍ സ്‌കൂളില്‍ നിന്നു മാറി നിന്നതോടെ ചിലര്‍ കരയാന്‍ തുടങ്ങി. എന്നാല്‍, നേരത്തെ അങ്കണവാടികളിലും എല്‍കെജി ക്ലാസുകളിലും പോയവര്‍ക്ക് പുതിയ വിദ്യാലയം സന്തോഷം നല്‍കി. മധുരവും പായസവും നല്‍കിയാണ് പിടിഎ കമ്മിറ്റികളും അധ്യാപകരും കുരുന്നുകളെ സ്വീകരിച്ചത്. കരയുന്നവര്‍ക്ക് ബലൂണും മിഠായിയും നല്‍കി സന്തോഷിപ്പിച്ചു. ആദ്യ ദിനമായതിനാല്‍ മിക്ക സ്‌കൂളുകളും പ്രവേശനോല്‍സവ പരിപാടികള്‍ക്കുശേഷം ഒന്നാം ക്ലാസ് വിദ്യാര്‍ഥികളെ രക്ഷിതാക്കളോടൊപ്പം വിട്ടു.
ഇന്നുമുതല്‍ സാധാരണ പോലെ ഒന്നാം ക്ലാസുകളിലും അധ്യായനം നടക്കും. എസ്എസ്എ മലപ്പുറം ജില്ലാതല പ്രവേശനോല്‍സവം എടപ്പാള്‍ ബ്ലോക്ക് റിസോഴ്‌സ് സെന്ററിന്റെ കീഴിലുള്ള തവനൂര്‍ കെഎംജിയുപി സ്‌കൂളില്‍ നടന്നത്. ഉല്‍സവച്ഛായ നിറഞ്ഞ അന്തരീക്ഷത്തില്‍ രക്ഷിതാക്കളും അധ്യാപകരും നാട്ടുകാരും കുട്ടികളും ഉള്‍പ്പെടെ തവനൂര്‍ ഗ്രാമത്തിന്റെ നിറസാന്നിധ്യം ഉണ്ടായിരുന്നു. വാദ്യഘോഷങ്ങളോടെയാണ് കുരുന്നുകളെ സ്‌കൂളിലേയ്ക്ക് സ്വാഗതം ചെയ്തത്. ”അക്കാദമിക മികവ്; വിദ്യാലയ മികവ്’ എന്ന ഈ വര്‍ഷത്തെ ആപ്തവാക്യം അന്വര്‍ഥമാക്കുന്ന തരത്തിലുള്ള പരിപാടികളാണ് ഉദ്ഘാടന ചടങ്ങില്‍ നടന്നത്. വിഭവവിനിയോഗത്തിന്റെ പ്രാധാന്യവും അതിജീവനത്തിന്റെ സന്ദേശവും ഉള്‍ക്കൊള്ളുന്ന അവതരണവും ഉണ്ടായിരുന്നു. പൂര്‍ണമായും ഹരിതപ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടാണ് ചടങ്ങുകള്‍ നടന്നത്.
എല്ലാ കുട്ടികള്‍ക്കും കൃഷിവകുപ്പിന്റെ വക ഫലവൃക്ഷത്തൈകള്‍ വിതരണം ചെയ്തു. സ്‌കൂളിന്റെ അക്കാദമിക കലണ്ടര്‍ പ്രകാശനം, വിത്ത് പേന വിതരണം എന്നിവയും നടന്നു. ഹരിതോല്‍സവുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ല തനതായി നടത്തുന്ന പരിപാടിയായ കൊള്ളാമീമഴയുടെ മൊഡ്യൂള്‍ പ്രകാശനം ചെയ്തു. സ്‌കൂളില്‍ നടക്കുന്ന സംഗീത ക്ലാസിന്റെ ഉദ്ഘാടനം, നാടകവേദിയുടെ ഉദ്ഘാടനം എന്നിവ ഉണ്ടായിരുന്നു. സ്‌കൂള്‍ ക്ലാസ് റൂം ശീതികരിക്കുന്നതിനുവേണ്ടി ഒരു എസി പ്രധാനാധ്യാപിക എസ് ബിന്ദുവിന് കൈമാറി.
ഉച്ചയ്ക്കുശേഷം രക്ഷാകര്‍തൃബോധവല്‍ക്കരണം, ജൈവകൃഷി എന്ത്, എങ്ങനെ വിഷയങ്ങളിലും ക്ലാസ് നടന്നു. പ്രവേശനോല്‍സവം മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണന്‍ നിര്‍വഹിച്ചു. തവനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി കെ അധ്യക്ഷത വഹിച്ചു.
എസ്എസ്എ ജില്ലാ പ്രൊജക്ട് ഓഫിസര്‍ നാസര്‍ എന്‍ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് മെംബര്‍മാരായ അഡ്വ: എം ബി ഫൈസല്‍, സജിത എ ടി, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ കെ വി വേലായുധന്‍, തവനൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഇന്‍ചാര്‍ജ് ശ്രീമതി, ശിവദാസന്‍ ടി വി, ശശിപ്രഭ (ഡിഡിഇ ഇന്‍ ചാര്‍ജ്ജ്), അബ്ദുള്‍ ഗഫൂര്‍, ഡയറ്റ് പ്രിന്‍സിപ്പല്‍, രത്‌നാകരന്‍ ടി, ആര്‍എംഎസ്എ  എ പി ഒ, സുനില്‍ അലക്‌സ്, എടപ്പാള്‍ എഇഒ, എസ്എസ്എ ജില്ലാ പ്രോഗ്രാം ഓഫിസര്‍മാരായ പി എസ് മുരളീധരന്‍, ടി വി മോഹനകൃഷ്ണന്‍ പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss