|    Feb 21 Tue, 2017 3:44 pm
FLASH NEWS

ചിരിച്ചും ഉല്ലസിച്ചും കലക്ടറുമൊത്ത് ആദിവാസി വിദ്യാര്‍ഥികളുടെ വിനോദയാത്ര

Published : 7th November 2016 | Posted By: SMR

കണ്ണൂര്‍: ജില്ലാ കലക്ടറുടെ ചേംബര്‍ ഇന്നലെ അരമണിക്കൂര്‍ സ്മാര്‍ട്ട് ക്ലാസ് മുറിയായി. ആറളം ഫാം ഗവ. ഹൈസ്‌കൂളിലെ വിദ്യാര്‍ഥികളോട് സ്‌കൂള്‍ വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞ ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലി പഠിച്ച കാര്യങ്ങള്‍ ആരാഞ്ഞു.
രാപ്പകലുകളും ഋതുക്കളും മാറിവരുന്നതിന്റെ കാരണമെന്തെന്ന് ഓണ്‍ലൈന്‍ വീഡിയോയുടെ സഹായത്തോടെ കലക്ടര്‍ പഠിപ്പിച്ചപ്പോള്‍ ആറളം ഫാമില്‍ നിന്നെത്തിയ വിദ്യാര്‍ഥികളുടെ കണ്ണുകള്‍ നിറയെ കൗതുകം. ആറളം ഫാം ഗവ. ഹൈസ്‌കൂളിലെ മുപ്പതോളം ആദിവാസി കുട്ടികള്‍ക്ക് ഉല്‍സവദിനമായിരുന്നു ഇന്നലെ.
ജില്ലാ കലക്ടറോടൊപ്പം ഏകദിന വിനോദയാത്ര, ലൈറ്റ്ഹൗസ്, സിവില്‍ സ്റ്റേഷന്‍, ഷോപ്പിങ് മാള്‍, വിസ്മയ പാര്‍ക്ക് എന്നിവിടങ്ങളില്‍ കളിയും ചിരിയും പഠനവുമൊക്കെയായി മിടുക്കരായ ഈ കുരുന്നുകള്‍ ശരിക്കും ആഘോഷിച്ചു. ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ദിവസം സ്‌കൂളില്‍  ഹാജരായ വിവിധ ക്ലാസുകളില്‍ നിന്നുള്ള 30 കുട്ടികള്‍ക്കാണ് കലക്ടര്‍ മിര്‍ മുഹമ്മദലിക്കൊപ്പം വിനോദയാത്ര നടത്താന്‍ അവസരം ലഭിച്ചത്.
മുടങ്ങാതെ ക്ലാസിലെത്തുന്ന ഇവര്‍ക്ക് ഒരു അംഗീകാരമെന്നതിനോടൊപ്പം മറ്റു കുട്ടികള്‍ക്ക് ഒരു പ്രചോദനം കൂടിയാവട്ടെ എന്ന ലക്ഷ്യത്തോടെയാണ് പരിപാടി ആസൂത്രണം ചെയ്തത്. ആറളം ഫാം സ്‌കൂളിലെ കുട്ടികളിലേറെയും ക്ലാസുകളില്‍ എത്തുന്നില്ലെന്നു മനസ്സിലാക്കിയ കലക്ടര്‍, കഴിഞ്ഞ രണ്ടുമാസമായി ഇവിടത്തെ ഹാജര്‍നില നിരീക്ഷിച്ചുവരികയായിരുന്നു.
എല്ലാ പ്രവൃത്തിദിവസവും 10.30ഓടെ സ്‌കൂളിലെ ഹാജര്‍നില കലക്ടറുടെ വാട്ട്‌സാപ്പിലെത്തും. അങ്ങനെയാണ് 90 ശതമാനത്തിലേറെ ഹാജര്‍നിലയുള്ള കുട്ടികള്‍ക്കായി പഠനയാത്ര സംഘടിപ്പിക്കാന്‍ കലക്ടര്‍ പരിപാടിയിട്ടത്. സ്‌കൂളിലെ നാല് അധ്യാപകര്‍ക്കൊപ്പം കലക്ടറുടെ ചേംബറിലെത്തിയ വിദ്യാര്‍ഥികളുമായി പഠനത്തെക്കുറിച്ചും സഹപാഠികളിലേറെയും സ്‌കൂളിലെത്താതിരിക്കുന്നതിന്റെ കാരണങ്ങളെക്കുറിച്ചും അന്വേഷിച്ചു. പഠനം എളുപ്പമാക്കാന്‍ ആറളം സ്‌കൂളില്‍ സ്മാര്‍ട്ട് ക്ലാസ് അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നതായി കലക്ടര്‍ പറഞ്ഞു. ഷോപ്പിങ് മാളിലെത്തിയ കുട്ടികള്‍ ഏറെ നേരം ഗെയിമുകള്‍ കളിച്ചും ഐസ്‌ക്രീം കഴിച്ചും കലക്ടര്‍ക്കൊപ്പമുള്ള സമയം ശരിക്കും ആഘോഷിച്ചു. ആഹ്ലാദകരമായ യാത്രാനുഭവം സഹപാഠികള്‍ക്ക് പകര്‍ന്നുനല്‍കുകയും അവരെ സ്‌കൂളിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവുകയും ചെയ്യാമെന്ന് ഉറപ്പുനല്‍കിയാണ് കുട്ടികള്‍ യാത്രപറഞ്ഞത്.
ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. കെ വി ലതീഷ്, സ്‌കൂള്‍ അധ്യാപകരായ ടി ശശികല, ടി നൗഷാദ്, ടി ആര്‍ മഞ്ജു, വിനോയ് തോമസ് തുടങ്ങിയവരും സംഘത്തോടൊപ്പം ഉണ്ടായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 34 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക