|    Jan 17 Tue, 2017 6:27 am
FLASH NEWS

ചിന്ന ഗര്‍ജനങ്ങളുടെ നാളുകള്‍

Published : 4th June 2016 | Posted By: SMR

slug-nattukaryamചെറിയവന്‍മാരുടെ സങ്കടങ്ങള്‍ വേണ്ടത്ര ശ്രദ്ധിക്കാതെ പോവുന്നതില്‍ ജെഡിയുവിനും ആര്‍എസ്പിക്കും മ്മിണി ബല്യ രോഷമുണ്ട്. മ്മള് ചിന്ന കക്ഷികളാണെന്നു സമ്മതിക്കുന്നു. എന്നുവച്ച് പിന്നില്‍നിന്ന് വലിയ വെളിച്ചപ്പാടുമാര്‍ ഇത്ര ഊക്കില്‍ കുത്താമോ എന്നാണ് അഖിലലോക ചോദ്യം.
യുഡിഎഫിലെ വല്യേട്ടനും ചെറിയേട്ടനും ഒത്തുകളിച്ചപ്പോള്‍ രണ്ട് ചിന്നന്മാര്‍ക്കും നിയമസഭയില്‍ സീറ്റൊന്നും തടഞ്ഞില്ല. അവര്‍ എന്തിനങ്ങനെ ഒത്തുകളിച്ചുവെന്നത് അനന്തമജ്ഞാതമവര്‍ണനീയമാണ്.
ലോകത്തെ ഒന്നാംനമ്പര്‍ കക്ഷിയായ ആര്‍എസ്പിയെ അങ്ങനെ നിലംപരിശാക്കാനാവില്ലല്ലോ! എന്നിട്ടും അതു സംഭവിച്ചു. അതിന്റെ കാരണമെന്ത്? എല്‍ഡിഎഫ് വിട്ടത് അക്കിടിയായി എന്ന് ആ കക്ഷിയിലെ അസീസ് എന്ന മഹാനുഭാവനെപ്പോലുള്ളവര്‍ കരുതുന്നുണ്ട്. ഒന്നുമില്ലെങ്കിലും റവല്യൂഷണറിയും സോഷ്യലിസ്റ്റുമായ നാം പൈതൃകം കളഞ്ഞുകുളിക്കാന്‍ പാടില്ലായിരുന്നു. എല്‍ഡിഎഫിലെ വല്യേട്ടന്റെ കാല് തിരുമ്മുക എന്ന ദൗത്യം നാം ഉപേക്ഷിച്ചത് അങ്ങേയറ്റം വിനാശകരമായി. അതുംപോരാഞ്ഞ് മന്ത്രവാദത്തില്‍ അഗ്രഗണ്യനായ ഷിബു ബേബിജോണുമായി ലയിച്ച് ബഡാ ആര്‍എസ്പിയായത് അതിലേറെ ഊരാക്കുടുക്കായി.
ജെഡിയുവില്‍ വിമര്‍ശനം സഹിക്കവയ്യാതായപ്പോള്‍ സഖാവ് വീരപ്പനാശാനും മറ്റു ചിലരും രാജിക്കൊരുങ്ങിയത്രെ. ലഹളയ്‌ക്കൊടുവില്‍ ഡോ. റാം മനോഹര്‍ ലോഹ്യ ചില്ല് തുളച്ച് ചുവരില്‍നിന്ന് ഇറങ്ങിവന്ന് സോഷ്യലിസ്റ്റ് മഹദ്വചനം പാടിയതിനു ശേഷമാണത്രെ രാജിഭീഷണി ഉപേക്ഷിച്ചത്. അതു നന്നായി. ഇല്ലെങ്കില്‍ ഈ സോഷ്യലിസ്റ്റ് കേരളത്തിന്റെ ഭാവി ഇരുളടഞ്ഞതാവുമായിരുന്നു.
ഒരു സീറ്റെങ്കിലും കിട്ടിയിരുന്നെങ്കില്‍ പറഞ്ഞുനില്‍ക്കാമായിരുന്നു. മഹാ ഇന്ദ്രജാലക്കാരനായ മോഹനന്‍ മന്ത്രി തന്നെ തോറ്റ് തുര്‍ക്കി തൊപ്പിയിട്ടു. ശ്രേയാംസ് മോന്‍ വയനാടന്‍ കുന്നുകളില്‍ മലര്‍ന്നടിച്ചുവീണു. ഇടതന്മാരുടെ കൂട്ടത്തില്‍ തന്നെ ശേഷി കുറഞ്ഞ പിള്ളയായ കൃതാവ് വച്ച കടന്നപ്പള്ളി പോലും കണ്ണൂരില്‍നിന്ന് ഓര്‍ക്കാപ്പുറത്ത് പെരിയ സഭയിലെത്തി.
സംഘപരിവാരത്തിന്റെ വിദ്വേഷരാഷ്ട്രീയത്തോടുള്ള എതിര്‍പ്പ് മുതലാക്കിയത് എല്‍ഡിഎഫ് ആയതിനാല്‍ സംഗതി ജെഡിയുവിന് എതിരായി എന്ന് പ്രശ്‌നംവച്ചപ്പോള്‍ ഫീസ് വാങ്ങാത്ത ആതിരപ്പിള്ളി ശക്തന്‍ നമ്പൂതിരി കണ്ടെത്തിയിട്ടുണ്ട്. അപ്പോള്‍ ശക്തന്‍ മസിലുചുരുട്ടി ജെഡിയുക്കാരോട് ഇപ്രകാരം ചോദിച്ചു: ”സംഘപരിവാരത്തെ ങ്ങക്ക് എന്താ നിലംപരിശാക്കിക്കൂടായിരുന്നോ ബലാലുകളെ.”
”ഞങ്ങള്‍ അങ്ങനെ ചിന്തിക്കായ്കയല്ല. കാലം, ദേശം, പരിണാമം തുടങ്ങിയ മഹദ് പ്രക്രിയയിലൂടെ അപ്പോള്‍ കടന്നുപോവേണ്ടിവരും.”
”മനസ്സിലായില്ല.”
”അതുതന്നെയാണ് ഞങ്ങളുടെയും പ്രശ്‌നം. ഒന്നും മനസ്സിലാവുന്നില്ല.” പിന്നെ ലോഹ്യയുടെ പുസ്തകം ആതിരപ്പിള്ളി നമ്പൂരിച്ഛന്റെ മനയിലുപേക്ഷിച്ച് വായിച്ചുനോക്കി മനസ്സിലാക്കാന്‍ അപേക്ഷിച്ച് സോഷ്യലിസ്റ്റ് സംഘം വേഗത്തില്‍ സ്ഥലംവിട്ടു.
അമ്പലപ്പുഴയില്‍ കാംഗ്രസ്സും വടകരയില്‍ കാംഗ്രസ്-ലീഗ് ദുഷിച്ച കൂട്ടുകെട്ടുമാണ് ജെഡിയുവിനെ കാലുവാരിയത്. വെറുതെയല്ല, കാംഗ്രസ്സില്ലാത്ത ഭാരതം വരാന്‍പോവുന്നത്. കൈയിലിരിപ്പ് ഇതല്ലേ! രാഹുലന്‍ താക്കോല്‍ദ്വാരത്ത് വന്നാലും രക്ഷയുണ്ടാവുമെന്നു തോന്നുന്നില്ല. ലീഗിന്റെ കാര്യം പറയാനില്ല. രണ്ട് സീറ്റ് കുറഞ്ഞില്ലേ! ഇനിയും കുറയും. സമദാനിയുടെ പ്രഭാഷണംകൊണ്ടൊന്നും രക്ഷകിട്ടുമെന്നു കരുതണ്ട. വടകരയില്‍ രമയ്ക്കല്ലേ ങ്ങള് വോട്ട് കുത്തിയത്. സഹതാപംകൊണ്ടായിരുന്നോ അത്? എന്നിട്ട് ആയമ്മ ജയിച്ചോ! എല്ലാ ചോദ്യങ്ങള്‍ക്കും ങള് ഉത്തരം പറയണം.
ഇടതുമുന്നണി മുമ്പ് ചവിട്ടിയിട്ടുണ്ട്. പിന്നില്‍നിന്ന് കുത്തിയിട്ടില്ല. പിന്നില്‍നിന്ന് കാംഗ്രസ് കുത്തുമെന്ന് ആതിരപ്പിള്ളി നമ്പൂതിരി മുന്‍കൂട്ടി പറഞ്ഞതാണ്. അതനുസരിച്ച് ചില പദ്ധതികളും കണക്കുകൂട്ടി. അപ്പോഴല്ലേ, ഒരു രാജ്യസഭാ സീറ്റ് കോഴിക്കോട്ടെ പാളയം ബസ് സ്റ്റാന്റില്‍ നിന്നു വീണുകിട്ടിയത്. അതിന്റെ സന്തോഷത്തില്‍ ഭാവിപദ്ധതികള്‍ കാറ്റില്‍പ്പറത്തി. കാംഗ്രസ് ഇഷ്ടഭാജനവുമായി. ഇനിയിപ്പോള്‍ മനയത്ത് ചന്ദ്രന്‍ കോഴിക്കോട്ട് പ്രസിഡന്റാവേണ്ട. എല്ലാ ചോദ്യങ്ങള്‍ക്കും പരിഹാരമായി ഈ ഒരു രാജിമതി.
സോഷ്യലിസ്റ്റ് സിംഹങ്ങള്‍ മറ്റുചില നൂതന പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതായി റിപോര്‍ട്ടുകളുണ്ട്. ആര്‍എസ്പിയും ജെഡിയുവും മറ്റൊരു മുന്നണിയുണ്ടാക്കുക എന്ന വിശ്വപ്രസിദ്ധമാവാന്‍ പോവുന്ന ആശയമാണത്. രണ്ടും സോഷ്യലിസ്റ്റുകളാണല്ലോ. പോരാത്തതിന് റവല്യൂഷണറിയുമുണ്ട്. അഞ്ചുവര്‍ഷം കഴിഞ്ഞാണെങ്കിലും ഈ സോഷ്യലിസ്റ്റ് മുന്നണി കേരളം തൂത്തുവാരും. അതുവരെ ക്രിയാത്മക പ്രതിപക്ഷമായി പ്രവര്‍ത്തിക്കും. ലോഹ്യാജി, ബേബിജോണ്‍ജി സിന്ദാബാദ്. സ്വന്തം കാര്യം സിന്ദാബാദ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 58 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക