|    Mar 22 Thu, 2018 9:38 pm
FLASH NEWS

ചിന്നമ്മ വധം: മൂന്നു പ്രതികള്‍ക്കും ജീവപര്യന്തം തടവും പിഴയും

Published : 16th November 2016 | Posted By: SMR

കല്‍പ്പറ്റ: തൃക്കൈപ്പറ്റ കെകെ ജങ്ഷനില്‍ ഓലിക്കുഴിയില്‍ മാത്യുവിന്റെ ഭാര്യ ചിന്നമ്മ(68)യെ കൊലപ്പെടുത്തിയ കേസില്‍ മൂന്നു പ്രതികള്‍ക്കും ജീവപര്യന്തം കഠിനതടവും വിവിധ വകുപ്പുകളിലായി രണ്ടര ലക്ഷം രൂപ വീതം പിഴയും ശിക്ഷ. ചിന്നമ്മയുടെ ബന്ധുക്കളുമായ നീലഗിരി എരുമാട് കുന്നാരത്ത് വീട്ടില്‍ സില്‍ജോ (27), സഹോദരന്‍ ഔസേഫ് എന്ന ജില്‍സണ്‍ (24), മേപ്പാടി തൃക്കൈപ്പറ്റ കയ്യാനിക്കല്‍ വിപിന്‍ വര്‍ഗീസ് (29) എന്നിവരെയാണ് ഒന്നാം അഡീഷനല്‍ ജില്ലാ കോടതി ജഡ്ജി എസ് എച്ച് പഞ്ചാപകേശന്‍ ശിക്ഷിച്ചത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 302 വകുപ്പ് പ്രകാരം ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ വീതം പിഴയും  120 (ബി) പ്രകാരം മൂന്നുവര്‍ഷം കഠിനതടവും 449 പ്രകാരം അഞ്ചുവര്‍ഷം കഠിനതടവും അരലക്ഷം രൂപ വീതം പിഴയും 392 പ്രകാരം ഏഴുവര്‍ഷം കഠിനതടവും അരലക്ഷം രൂപ വീതം പിഴയും 201 പ്രകാരം അഞ്ചുവര്‍ഷം കഠിനതടവും അരലക്ഷം രൂപ വീതം പിഴയുമാണ് ശിക്ഷ. പിഴയൊടുക്കിയില്ലെങ്കില്‍ ഈ വകുപ്പുകളില്‍ യഥാക്രമം മൂന്നുവര്‍ഷം, അഞ്ചുവര്‍ഷം, 18 മാസം എന്നിങ്ങനെ അധികം തടവനുഭവിക്കണം.   2014 സപ്തംബര്‍ 13നു പുലര്‍ച്ചെയാണ് കേസിനാസ്പദമായ സംഭവം. തനിച്ചു താമസിച്ചിരുന്ന ചിന്നമ്മയെ ആഭരണങ്ങള്‍ കവരാനാണ് മൂവരും ചേര്‍ന്ന് കൊലപ്പെടുത്തിയത്. മൃതദേഹം കിടപ്പുമുറിയിലെ കട്ടിലിനടിയില്‍ പിറ്റേന്നു വൈകീട്ടാണ് കണ്ടെത്തിയത്. അന്നത്തെ കല്‍പ്പറ്റ സിഐ കെ പി സുഭാഷ്ബാബുവും സംഘവുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ചിന്നമ്മ താമസിച്ചിരുന്ന വീടുമായി പ്രതികള്‍ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. സുല്‍ത്താന്‍ ബത്തേരിയിലെ മെഡിക്കല്‍ ഷോപ്പില്‍നിന്നു വാങ്ങിയ ഉറക്കഗുളികകളും മുട്ടിലില്‍നിന്നു സംഘടിപ്പിച്ച ശീതളപാനീയവുമായി സംഭവ ദിവസം രാത്രി 11ഓടെയാണ് പ്രതികള്‍ ചിന്നമ്മയുടെ വീട്ടിലെത്തിയത്. ഭക്ഷണം കഴിക്കുന്നതിനിടെ പ്രതികള്‍ ഉറക്കഗുളിക കലത്തിയ ശീതളപാനീയം ചിന്നമ്മയ്ക്ക് നല്‍കി. പിന്നീട് മറ്റൊരു മുറിയില്‍ കിടന്ന പ്രതികള്‍ ചിന്നമ്മ ഉറങ്ങുകയാണെന്ന് ഉറപ്പുവരുത്തിയശേഷം കല്ലിനിടിച്ചും വാക്കത്തിക്കു വെട്ടിയുമാണ് കൊല നടത്തിയത്. 34.35 ഗ്രാം തൂക്കംവരുന്ന സ്വര്‍ണമാലയും 3.1 ഗ്രാമിന്റെ മോതിരവും എടിഎം കാര്‍ഡും അപഹരിച്ച പ്രതികള്‍ ചിന്നമ്മയുടെ ഫോണിലെ കോള്‍ വിവരം നീക്കംചെയ്തു. കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങളില്‍ വാക്കത്തി കഴുകി വൃത്തിയാക്കി. വീട് പുറത്തുനിന്നു പൂട്ടി. താക്കോലും കൃത്യത്തിനുപയോഗിച്ച കല്ലും അരിവാളും തോട്ടത്തിലേക്ക് വലിച്ചെറിഞ്ഞു. വാക്കത്തിയും വസ്ത്രങ്ങളും ഒളിപ്പിച്ചു. പീന്നീട് സ്ഥലംവിട്ട പ്രതികള്‍ രണ്ടു ദിവസത്തിനു ശേഷമാണ് പിടിയിലായത്. കേസില്‍ 79 സാക്ഷികളെ കോടതി വിസ്തരിച്ചു. 119 രേഖകളും 28 തൊണ്ടിമുതലും പരിശോധിച്ചു. പ്രോസിക്യൂഷനു വേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ പി അനുപമന്‍ ഹാജരായി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss