|    Feb 20 Mon, 2017 3:03 pm
FLASH NEWS

ചിന്നമ്മ കൊലക്കേസ്; മൂന്നു പ്രതികളും കുറ്റക്കാരെന്നു കോടതി

Published : 12th November 2016 | Posted By: SMR

കല്‍പ്പറ്റ: തൃക്കൈപ്പറ്റ വെള്ളിത്തോട് കെകെ ജങ്ഷനിലെ ഒലിക്കക്കുഴിയില്‍ മാത്യുവിന്റെ ഭാര്യ ചിന്നമ്മ എന്ന അന്നമ്മയുടെ കൊലപാതകത്തില്‍ പിടിയിലായ മൂന്നു പ്രതികളും കുറ്റക്കാരാണെന്നു കോടതി കണ്ടെത്തി. കല്‍പ്പറ്റ അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി എസ് എച്ച് പഞ്ചാപകേശനാണ് കേസ് പരിഗണിച്ചത്. എരുമാട് കൊന്നച്ചാലില്‍ കുന്നാരത്ത് വീട്ടില്‍ ഔസേഫ് (24), സില്‍ജോ (26), തൃക്കൈപ്പറ്റ മാണ്ടാട് കരിങ്കണ്ണിക്കുന്ന് കയ്യാനിക്കല്‍ വിപിന്‍ (26) എന്നിവരാണ് കേസില്‍ പ്രതികള്‍. കവര്‍ച്ച നടത്തുന്നതിനുവേണ്ടി അരിവാള്‍, വെട്ടുകത്തി എന്നിവ കൊണ്ട് വെട്ടിയും കല്ലുകൊണ്ടിടിച്ചും കൊലപ്പെടുത്തിയെന്നാണ് കേസ്. 2014 സപ്തംബര്‍ 13ന് പുലര്‍ച്ചെ രണ്ടോടെയാണ് കേസിനാസ്പദമായ സംഭവം. ചിന്നമ്മ ഒറ്റയ്ക്ക് താമസിക്കുന്ന വീടുമായി പ്രതികള്‍ അടുത്തബന്ധം പുലര്‍ത്തിയിരുന്നു. മുന്‍കൂട്ടി തീരുമാനിച്ചതു പ്രകാരം ചിന്നമ്മയെ മയക്കുന്നതിനു വേണ്ടി സുല്‍ത്താന്‍ ബത്തേരിയിലെ ഒരു മെഡിക്കല്‍ ഷോപ്പില്‍ നിന്നു ഗുളികകളും മുട്ടിലില്‍ നിന്നു ശീതളപാനീയവും വാങ്ങി രാത്രി 11ഓടെ വീട്ടിലെത്തുകയും അവരോടൊത്ത് ഭക്ഷണം കഴിക്കുകയും ഗുളിക കലക്കിയ പാനീയം കുടിക്കാന്‍ കൊടുക്കുകയും ചെയ്തു. തുടര്‍ന്ന് മറ്റൊരു മുറിയില്‍ കിടന്നുറങ്ങിയ പ്രതികള്‍ ചിന്നമ്മ ഉറങ്ങിയെന്നു ബോധ്യം വന്നപ്പോള്‍ മുറിയില്‍ കയറി കൊലപാതകം നടത്തുകയായിരുന്നു. മുറിയിലുണ്ടായിരുന്ന 34.35 ഗ്രാം സ്വര്‍ണമാലയും 31 ഗ്രാമിന്റെ സ്വര്‍ണ മോതിരവും എടിഎം കാര്‍ഡും കവര്‍ന്നു. കൃത്യത്തിനുപയോഗിച്ച വാക്കത്തി കഴുകി വൃത്തിയാക്കിയ ശേഷം വീട് പുറത്തുനിന്നു പൂട്ടി താക്കോലും കൃത്യത്തിനുപയോഗിച്ച ആയുധങ്ങളും പറമ്പിലേക്ക് വലിച്ചെറിഞ്ഞു. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്നും നിരാലംബയായ ഒരു സ്ത്രീയെ മൃഗീയമായും ക്രൂരമായും കൊലപ്പെടുത്തിയതിനാല്‍ പ്രതികള്‍ വധശിക്ഷ അര്‍ഹിക്കുന്നുണ്ടെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ പി അനുപമന്‍ വാദിച്ചു. ശിക്ഷ വിധിക്കാനായി കേസ് 15ലേക്ക് മാറ്റിവച്ചു. 79 സാക്ഷികളെ വിസ്തരിച്ചു. 119 രേഖകളും 28 തൊണ്ടി മുതലുകളും ഹാജരാക്കി. സാഹചര്യത്തെളിവുകളുടെയും സാങ്കേതിക തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രോസിക്യൂഷന്‍ കുറ്റം തെളിയിച്ചത്. കല്‍പ്പറ്റ സിഐയായിരുന്ന സുഭാഷ് ബാബുവാണ് കേസന്വേഷിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക