|    Apr 27 Thu, 2017 10:37 am
FLASH NEWS

ചിന്തിപ്പിക്കുന്ന കാഴ്ചകളുമായി പോലിസ് മ്യൂസിയം

Published : 27th October 2016 | Posted By: SMR

കോഴിക്കോട്: പോലിസിന്റെ ചരിത്രവും മറ്റ് ചിന്തിപ്പിക്കുന്ന കാഴ്ചകളുമായി ജില്ലാ പോലിസ് മ്യൂസിയം ഒരുങ്ങുന്നു. എല്ലാ ജില്ലകളിലും പോലിസ് മ്യൂസിയം സ്ഥാപിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം കോഴിക്കോട് ജില്ലാ പോലിസ് മേധാവി ഉമ ഐപിഎസിന്റെ നേതൃത്വത്തിലാണ് മ്യൂസിയത്തിന്റെ പണി പുരോഗമിക്കുന്നത്. പോലിസ് ആര്‍ട്ട് ഡയറക്ടര്‍ പ്രേമദാസ് ഇരുവള്ളൂര്‍, അസോസിയേറ്റ് സുഗേഷ് വരപ്പുര, ബോംബ് സ്‌ക്വാര്‍ഡ് റിട്ട. എസ് ഐ പ്രേമാനന്ദന്‍ എന്നിവരാണ് മ്യൂസിയത്തിന്റെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നത്. പ്രധാനമായും മൂന്ന് വിഭാഗങ്ങളിലായി അഞ്ച് മുറികളാണ് മ്യൂസിയത്തിനായി സജ്ജീകരിച്ചിരിക്കുന്നത്. ആദ്യത്തേതില്‍ പോലിസ് ഉപയോഗിച്ചിരുന്ന പഴയതും വിലപ്പിടിപ്പുള്ളതുമായ വസ്തുക്കളുടെ അമൂല്യ ശേഖരമാണ്. ബ്രിട്ടീഷ് ഭരണകാലത്തെ പോലിസ് ഉപയോഗിച്ചിരുന്ന തൊപ്പി, ട്രൗസര്‍, ഷര്‍ട്ട്, ലാത്തി, വിസില്‍, പഴയമാപ്പുകള്‍, പോലിസ് സ്‌റ്റേഷന്‍ അതിര്‍ത്തി തുടങ്ങി പൊതുജനങ്ങള്‍ളില്‍നിന്നും റിട്ട. പോലിസുകാരില്‍നിന്നും ശേഖരിച്ച വസ്തുക്കളും പ്രദര്‍ശനത്തിന് ഉണ്ടാവും. രണ്ടാമത്തേതില്‍ മൂന്ന് ക്രൈം സീനുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇതില്‍ കൊലപാതകവും ആത്മഹത്യയും തീപ്പൊള്ളലേറ്റ മരണവും ചിത്രീകരിച്ചിട്ടുണ്ട്. നെറ്റിയില്‍ വെടിയുണ്ട തുളച്ചുകയറി ഓഫിസ് കസേരയില്‍ മരണപ്പെട്ട നിലയിലുള്ള ഉദ്യോഗസ്ഥന്‍, പഴയ ഓലമേഞ്ഞ വീടിന്റെ അടുക്കളയില്‍ തീപ്പൊള്ളലേറ്റ് കിടക്കുന്ന സ്ത്രീ, മുറിക്കുള്ളില്‍ ആത്മഹത്യ ‘ചെയ്ത മധ്യവയസ്‌കന്‍ എന്നിവയാണ്. തെര്‍മോക്കോള്‍ കൊണ്ട് നിര്‍മിച്ച അമ്മി, അടുപ്പും, മണ്‍പാത്രങ്ങളുമെല്ലാം വിസ്മയിപ്പിക്കുന്ന കാഴ്ചയാണ്. മ്യൂസിയത്തിലെ മൂന്ന് ഡമ്മികളും ചെന്നൈയിലെ സിനിമാ ലൊക്കേഷനുകളില്‍ പറഞ്ഞ് നിര്‍മിച്ച റബ്ബര്‍ ഡമ്മികളാണ്. മൂന്നാമത്തേത് ബോംബ് ഡിറ്റക്ഷന്‍ ആന്റ് ഡിഫ്യൂഷന്‍ ഗാലറിയാണ് ഒരുങ്ങുന്നത്. ഇവിടെ വിവിധ തരം ബോംബുകള്‍, അവയുടെ പ്രവര്‍ത്തന രീതി എന്നിവ പ്രദര്‍ശിപ്പിക്കും. സംസ്ഥാനത്തെ മറ്റ് പോലിസ് മ്യൂസിയങ്ങളില്‍ നിന്നു വ്യത്യസ്ഥമായി സൗണ്ട് സിസ്റ്റവും പ്രകാശ സംവിധാനവും ഉപയോഗപ്പെടുത്തുമെന്നതാണ് കോഴിക്കോട് ജില്ലാ മ്യൂസിയത്തിന്റെ പ്രത്യേകത. കമ്മിഷണര്‍ ഓഫിസ് കെട്ടിടത്തിനുപിന്നിലുള്ള െ്രെകം റെക്കോഡ്‌സ് ബ്യൂറോയുടെ പഴയകെട്ടിടത്തിലാണ് മ്യൂസിയമൊരുങ്ങുന്നത്. നവംബര്‍ അവസാനവാരത്തോടെ പോലിസ് മ്യൂസിയം പണിപൂര്‍ത്തിയാവും.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day