|    Jun 22 Fri, 2018 4:27 pm
FLASH NEWS

ചിന്തകള്‍ക്ക് ഇപ്പോഴും യൗവനത്തിന്റെ പ്രകാശം; നീന്തല്‍ ഗ്രന്ഥരചനയില്‍ ജോണ്‍

Published : 19th October 2016 | Posted By: Abbasali tf

കല്‍പ്പറ്റ: പാലാ കുടകച്ചിറ വലവൂരില്‍ നിന്ന് ഇരുപതാം വയസ്സില്‍ വയനാടിനു വണ്ടികയറിയതാണ് ഐക്കര ചെല്ലിയില്‍ ജോണ്‍. കുടിയേറ്റ ഗ്രാമമായ നടവയലില്‍ ചിറ്റപ്പന്‍മാര്‍ക്കൊപ്പം കൂടിയ ജോണ്‍ പിന്നീട് പാലായിലേക്കുള്ളതില്‍ തായ്‌വേര് ഒഴികെയുള്ളത് അറുത്ത് തനി വയനാട്ടുകാരനായി. കാലം കൈവശമെത്തിച്ച മണ്ണില്‍ വിയര്‍പ്പുവീഴ്ത്തി ജീവിതം കരുപ്പിടിപ്പിച്ച ജോണിപ്പോള്‍ 81 വയസ്സ്. ജീവിതസായാഹ്‌നത്തിലെങ്കിലും വാര്‍ധക്യത്തിന്റെ അരിഷ്ടതകള്‍ക്ക് ഈ കര്‍ഷകനെ കീഴടക്കാന്‍ കഴിഞ്ഞിട്ടില്ല. ഒന്നാന്തരം നീന്തല്‍ക്കാരനുമായ ജോണിന്റെ ബുദ്ധിക്കും ചിന്തകള്‍ക്കും ഇപ്പോഴും യൗവനത്തിന്റെ പ്രകാശം. ഈ വെളിച്ചത്തിരുന്ന് എഴുതിയ വരികള്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കാനുള്ള ഓട്ടത്തിലാണിപ്പോള്‍ ജോണ്‍. നീന്തലാണ് നടവയലിലെ ചെല്ലിവില്ല സ്വിമ്മിങ് അക്കാദമിയുടെ സ്ഥാപകനുമായ ജോണിന്റെ രചനാവിഷയം. നീന്തല്‍ എങ്ങനെ പഠിക്കാമെന്നല്ല, എങ്ങനെ പഠിപ്പിക്കണമെന്നാണ് ചേര്‍ത്തുവച്ച ജീവിതാനുഭവങ്ങളുടെ ചുവടുപിടിച്ച് അദ്ദേഹം എഴുതിയത്. ഈ വിഷയത്തില്‍ മലയാളത്തിലെ ആദ്യ ഗ്രന്ഥം തന്റേതായിരിക്കുമെന്നു ജോണ്‍ കരുതുന്നു. പുസ്തക പ്രസാധനത്തിന്റെ ഭാഗമായി ടൈപ്പ് സെറ്റിങ് പൂര്‍ത്തിയാക്കിയ അദ്ദേഹം നല്ലൊരു കവര്‍ ചിത്രത്തിനായുള്ള അന്വേഷണത്തിലാണ്. ഇതിനിടയില്‍ പുസ്തകം പ്രസിദ്ധീകരിക്കാന്‍ പേരെടുത്ത പ്രസാധകര്‍ ആരെങ്കിലും ഉണ്ടോയെന്നും തിരക്കുന്നുണ്ട്. പ്രസാധകനെ കിട്ടിയില്ലെങ്കിലും മാസങ്ങള്‍ക്കുള്ളില്‍ ഗ്രന്ഥം വായനക്കാരില്‍ എത്തിക്കാനുള്ള തീരുമാനത്തിലാണ് ജോണ്‍. ‘കുടുംബ നീന്തല്‍ കല’ എന്നാണ് പുസ്തകത്തിനു കണ്ടുവച്ചിരുന്ന പേര്. മൊഴിമാറ്റം നടത്തി ‘ആര്‍ട്ട് ഓഫ് ഫാമിലി സ്വമ്മിങ്’ എന്നു നാമകരണം ചെയ്ത് ഗ്രന്ഥത്തിന്റെ ഇംഗ്ലീഷ് പതിപ്പ് പുറത്തിറക്കുന്നതും ജോണിന്റെ ആലോചനയിലുണ്ട്. 2007ല്‍ രജിസ്‌ട്രേഷന്‍ നേടുംമുമ്പേ പ്രവര്‍ത്തനം തുടങ്ങിയതാണ് ജോണിന്റെ സ്വമ്മിങ് അക്കാദമി. നാട്ടിന്‍പുറങ്ങളിലേതടക്കം ജലാശയങ്ങളില്‍ ആവര്‍ത്തിക്കുന്ന ദുരന്തങ്ങളെക്കുറിച്ചുള്ള വ്യാകുലതയാണ് ജോണിന്റെ മനസ്സില്‍ നീന്തല്‍ പരിശീലനകേന്ദ്രം എന്ന ആശയത്തിനു വിത്തുപാകിയത്. വൈകാതെ വിദഗ്ധരുടെ സേവനം ഉപയോഗപ്പെടുത്തി ഒന്നാംതരം നീന്തല്‍ക്കുളം യാഥാര്‍ഥ്യമാക്കിയ ജോണ്‍ പരിശീലത്തിനു പ്രദേശവാസികള്‍ക്കടക്കം അവസരമൊരുക്കി. ഇതിനകം സ്വമ്മിങ് അക്കാദമിയിലെ കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കിയത് കുട്ടികളും മുതിര്‍ന്നവരും അടക്കം 2,000ലധികം പേര്‍. 45 മീറ്റര്‍ നീളവും 35 മീറ്റര്‍ വീതിയും മൂന്നു മീറ്റര്‍ ആഴവും ഉള്ളതാണ് അക്കാദമിയുടെ സ്വമ്മിങ്പൂള്‍. 25 അടി നീളവും 20 മീറ്റര്‍ വീതിയും ഒന്നര മീറ്റര്‍ താഴ്ചയുമുള്ള പ്രത്യേക തട്ടും പൂളിന്റെ ഭാഗമാണ്. കുട്ടികള്‍ക്ക് അപകടരഹിതമായി നീന്തല്‍ പരിശീലിക്കുന്നതിന് രൂപകല്‍പന ചെയ്തതാണിത്. ഇതര ദേശങ്ങളില്‍നിന്ന് അക്കാദമിയിലെത്തുന്ന സന്ദര്‍ശകരെ, സുരക്ഷയ്ക്കുള്ള സംവിധാനങ്ങള്‍ ഉണ്ടെങ്കിലും നീന്തി ഉല്ലസിക്കാന്‍ അനുവദിക്കുന്നതും പ്രത്യേക തട്ടിലാണ്. 15 ദിവസം നീളുന്നതാണ് അക്കാദമിയിലെ നീന്തല്‍ പരിശീലന കോഴ്‌സ്. ദിവസം രണ്ടു മണിക്കൂറാണ് ‘തിയറിയും പ്രാക്ടിക്കലും’ അടക്കം ക്ലാസ്. ഇതിനു നേതൃത്വം നല്‍കുന്നതിനു നീന്തല്‍വിദ്യയുടെ അകവും പുറവും കണ്ട മൂന്നുപേരെ അക്കാദമിയില്‍ നിയോഗിച്ചിട്ടുണ്ട്. വിദ്യാലയങ്ങള്‍ക്ക് അവധിയുള്ള ഏപ്രില്‍, മെയ് മാസങ്ങളിലാണ് അക്കാദമിയില്‍ കുട്ടികള്‍ക്ക് പ്രവേശനം. മുതിര്‍ന്നവര്‍ക്ക് മഴക്കാലത്തടക്കം നീന്തല്‍ പരിശീലനത്തിന് അവസരമുണ്ട്. വൈകീട്ട് അഞ്ചര മുതല്‍ ഏഴര വരെയുള്ള സമയമാണ് ഉദ്യോഗസ്ഥരും മറ്റും പരിശീലനത്തിന് ഉപയോഗപ്പെടുത്തുന്നത്. അക്കാദമിയില്‍ ഇതിനകം നീന്തല്‍ പഠിച്ചവരില്‍ ഏഴുപത് ശതമാനവും കുട്ടികളാണ്. മുതിര്‍ന്നവരെ അപേക്ഷിച്ച് നീന്തല്‍കല വേഗം വശത്താക്കുന്നതെന്ന് കുട്ടികളാണ് ജോണ്‍ പറയുന്നു. ആരംഭകാലത്ത് ഫീസ് ഈടാക്കാതെയായിരുന്നു അക്കാദമിയില്‍ പരിശീലനം. ദൈനംദിന ചെലവുകള്‍ കണ്ടെത്തുന്നതിന് ഇപ്പോള്‍ അത്ര കനത്തതല്ലാത്ത ഫീസ് വാങ്ങുന്നുണ്ട്. ഉപകരണങ്ങള്‍ ഒന്നുംതന്നെ ഉപയോഗപ്പെടുത്താതെയാണ് ഡൈവിങ് അടക്കം നീന്തലിലെ വിവിധ മുറകള്‍ ലളിതതന്ത്രങ്ങളിലൂടെ അഭ്യസിപ്പിക്കുന്നതെന്ന പ്രത്യേകതയും അക്കാദമിക്കുണ്ട്. ഇക്കാര്യങ്ങളിലൂടെയും കടന്നുപോവുന്നതാണ് ജോണിന്റെ പുസ്തകം. ഭാര്യ കൊച്ചുത്രേസ്യയും റോബിന്‍, ഷൈല, ലോറന്‍സ് എന്നീ മക്കളും അടങ്ങുന്നതാണ് ഇദ്ദേഹത്തിന്റെ കുടുംബം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss