|    Jun 18 Mon, 2018 1:26 pm
FLASH NEWS
Home   >  Editpage  >  Editorial  >  

ചിദംബരത്തിന്റെ ഏറ്റുപറച്ചിലുകള്‍

Published : 29th February 2016 | Posted By: SMR

മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം കഴിഞ്ഞ കുറേ ദിവസങ്ങളായി വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. ജെഎന്‍യു സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ അദ്ദേഹം നടത്തിയ ചില അഭിപ്രായപ്രകടനങ്ങളാണ് പുതിയ വിവാദങ്ങള്‍ക്ക് നിമിത്തമായിരിക്കുന്നത്. പാര്‍ലമെന്റ് ആക്രമണക്കേസില്‍ വധശിക്ഷയ്ക്കിരയായ അഫ്‌സല്‍ ഗുരുവിന് സംഭവത്തില്‍ നേരിട്ട് പങ്കുള്ളതായി കരുതുന്നില്ലെന്നും അഫ്‌സലിനു നല്‍കിയ വധശിക്ഷ ധൃതിപിടിച്ച നടപടിയായിരുന്നുവെന്നുമുള്ള ചിദംബരത്തിന്റെ അഭിപ്രായം ബിജെപി നേതാക്കളെ സ്വാഭാവികമായും ക്ഷുഭിതരാക്കിയിട്ടുണ്ടെങ്കിലും കോണ്‍ഗ്രസ് ഇതുവരെയും എതിര്‍ത്തോ അനുകൂലിച്ചോ പ്രതികരിച്ചതായി കാണുന്നില്ല. ചിദംബരത്തെപ്പോലെ ഉന്നതശീര്‍ഷനായ ഒരു കോണ്‍ഗ്രസ് നേതാവിന്റെ അഭിപ്രായപ്രകടനം അവഗണിക്കാനോ അവസരവാദപരമെന്നു കരുതാനോ നിര്‍വാഹമില്ല. അതുകൊണ്ടുതന്നെ ഏറെ വിവാദങ്ങള്‍ക്കിടയാക്കിയേക്കുമെന്ന് അറിഞ്ഞുകൊണ്ടുതന്നെ അദ്ദേഹം നടത്തിയ ഈ പ്രസ്താവനകള്‍ തനിക്കുണ്ടായ പുതിയ ചില ബോധ്യങ്ങളുടെ അടിസ്ഥാനത്തിലാവുമെന്ന് കരുതാവുന്നതാണ്.
സുപ്രിംകോടതിയുടെ തന്നെ ഭാഷയില്‍ ‘പൊതുമനസ്സാക്ഷിയെ തൃപ്തിപ്പെടുത്താനായി’ അപരാധിയെന്നു തീര്‍ത്തും തെളിയിക്കപ്പെടാത്ത ഒരു കശ്മീരി മുസ്‌ലിമിന്റെ ജീവനെടുക്കുന്നതിലൂടെ ഹിന്ദുത്വ വലതുപക്ഷത്തെ ചില കാര്യങ്ങളില്‍ തങ്ങള്‍ക്കു തോല്‍പിക്കാനാവുമെന്ന് കണ്ടുപിടിച്ച കോണ്‍ഗ്രസ്സിന്റെ ‘ചിന്തന്‍ബൈഠകി’ല്‍ ചിദംബരവും ഉണ്ടാകാതിരിക്കാനിടയില്ല. അന്ന് തനിക്ക് ആഭ്യന്തരവകുപ്പിന്റെ ചുമതലയില്ലായിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. ആഭ്യന്തരം കൈയിലുണ്ടായിരുന്നെങ്കില്‍ അഫ്‌സലിനെ തൂക്കുകയറില്‍നിന്നു രക്ഷിക്കാന്‍ ശ്രമിക്കുമായിരുന്നു എന്നു സാരം. ചിദംബരത്തെപ്പോലെയുള്ള ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന് വലിയ ക്ഷോഭത്തിനു വഴിവച്ച ഇത്തരമൊരു വിഷയത്തില്‍ ഇടപെടാന്‍ കഴിയുമായിരുന്നില്ല എന്നു പറയുന്നത് യുക്തിസഹമല്ല. മാത്രമല്ല, ഇപ്പോള്‍ അദ്ദേഹം തള്ളിപ്പറയുന്ന അഫ്‌സ്പ പോലുള്ള നിയമങ്ങള്‍ വള്ളിപുള്ളി വിടാതെ നടപ്പാക്കാന്‍ ആഭ്യന്തരമന്ത്രിയായിരിക്കെ ചിദംബരവും ആവതു ശ്രമിച്ചതായാണ് അനുഭവം.
പ്രതികരണശേഷിയുള്ള ചില മുസ്‌ലിം സംഘടനകളെ അടിച്ചമര്‍ത്തുമെന്ന് സ്വകാര്യ സംഭാഷണങ്ങളില്‍ ചിദംബരം ഭീഷണിപ്പെടുത്തിയിരുന്നതായും കേട്ടിട്ടുണ്ട്. അന്വേഷണ ഏജന്‍സികള്‍ നല്‍കുന്ന കെട്ടുകഥകള്‍ക്കടിയില്‍ മനസ്സാന്നിധ്യമില്ലാതെ തുല്യംചാര്‍ത്തുന്നതിനു മുമ്പ്, ഒരു കോണ്‍ഗ്രസ്സുകാരന് ഉണ്ടാവുമെന്ന് പൊതുജനം വിശ്വസിക്കുന്ന വിവേചനബുദ്ധിയോടെ, തന്റെ അധികാരത്തിന്റെ മഹത്വം ഉയര്‍ത്തിപ്പിടിക്കുംവിധം എന്തെങ്കിലും ചെയ്യാന്‍ ചിദംബരത്തിനും കഴിഞ്ഞിട്ടില്ല. ഇപ്പോള്‍ നടത്തുന്ന ഏറ്റുപറച്ചിലുകള്‍ ഒരു പുതിയ അവബോധത്തിന്റെയും അറിവിന്റെയും അന്വേഷണത്തിന്റെയും ഫലമായുണ്ടായതാണെങ്കില്‍ സ്വാഗതം ചെയ്യപ്പെടേണ്ടതുണ്ട്. കോണ്‍ഗ്രസ്സിന്റെയും ചിദംബരത്തിന്റെയും ഭാവിനിലപാടുകളില്‍ ഈ നീതിബോധത്തിന്റെ കരസ്പര്‍ശം പ്രതീക്ഷിക്കാമോ എന്നതാണ് ഉയര്‍ന്നുവരുന്ന പ്രധാന ചോദ്യം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss