|    Dec 19 Wed, 2018 1:20 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ചിത്രശലഭങ്ങളുടെ ദേശാടനംവിശദപഠനത്തിനു ഫേണ്‍സ് പ്രവര്‍ത്തകര്‍

Published : 6th November 2018 | Posted By: kasim kzm

ഫഖ്‌റുദ്ദീന്‍ പന്താവൂര്‍

പൊന്നാനി: കേരളത്തിന്റെ പലയിടങ്ങളിലും വ്യാപകമായി കാണുന്ന ചിത്രശലഭങ്ങളുടെ ദേശാടനത്തെക്കുറിച്ച് പഠിക്കാന്‍ ഒരുകൂട്ടം പരിസ്ഥിതി പ്രവര്‍ത്തകര്‍ രംഗത്ത്. ‘ഫേണ്‍സ്’ എന്ന കൂട്ടായ്മയാണ് മറ്റ് സംഘടനകളുടെയും താല്‍പര്യമുള്ള ആളുകളുടെയും സഹകരണത്തോടെ ശലഭങ്ങളുടെ ദേശാടനത്തെക്കുറിച്ച് സമഗ്രമായ വിവരങ്ങള്‍ ശേഖരിക്കാന്‍ മുന്‍കൈയെടുക്കുന്നത്. കേരളത്തില്‍ ചിത്രശലഭങ്ങളുടെ 40 സ്പീഷീസുകള്‍ ദേശാടനം നടത്തുന്നെന്നു സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെ ഡോ. മുഹമ്മദ് ജാഫര്‍ പാലോട്ട് പറയുന്നു. നീലക്കടുവ, അരളി ശലഭം, കരിനീലക്കടുവ, പാല്‍വള്ളി ശലഭം എന്നിവയാണ് ഇവയില്‍ ചിലത്. മണ്‍സൂണിന് ശേഷം ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ സമതല പ്രദേശങ്ങളില്‍ നിന്നു പശ്ചിമഘട്ടത്തിലേക്കാണു ഇവയുടെ പ്രയാണം. ഏപ്രില്‍, മെയ് മാസങ്ങളില്‍ തിരിച്ചുള്ള യാത്ര തുടങ്ങുന്നു. മടക്കയാത്രയില്‍ പുതുതലമുറകളാണ് തിരിച്ചെത്തുകയെന്നും ശാസ്ത്രജ്ഞര്‍ പറഞ്ഞു.
ശലഭങ്ങളുടെ ദേശാടനത്തെക്കുറിച്ചുള്ള അറിവ് പ്രകൃതിയെ മനസ്സിലാക്കുന്നതിനു വളരെയധികം സഹായിക്കുന്നു. ദേശാടനശലഭങ്ങള്‍ എവിെട നിന്ന് വരുന്നു, എവിടേക്ക് പോവുന്നു, ഏതെല്ലാം സ്ഥലങ്ങളില്‍ ഏതെല്ലാം മാസങ്ങളില്‍ കാണപ്പെടുന്നു, എന്താണ് ദേശാടനത്തിന് കാരണമാവുന്നതു തുടങ്ങിയ കാര്യങ്ങളില്‍ ഇന്നും കൃത്യമായ പഠനങ്ങള്‍ നടന്നിട്ടില്ലെന്ന് ശലഭങ്ങളെക്കുറിച്ച് പഠനം നടത്തുന്ന ശലഭ നിരീക്ഷകനായ സുജിന്‍ പറയുന്നു. ഈ സാഹചര്യത്തിലാണു വിവിധ പരിസ്ഥിതി സംഘടനകളുടെയും കൂട്ടായ്മയുടെയും സഹായത്തോടെ ശലഭങ്ങളുടെ ദേശാടനത്തെ കൃത്യമായി നിരീക്ഷിക്കാനും പഠനവിവരങ്ങള്‍ ശേഖരിക്കാനും ‘ഫേണ്‍സ്’ മുന്നിട്ടിറങ്ങുന്നത്.
ശലഭങ്ങളുടെ ദേശാടനം കണ്ട ആളുടെ പേരും കണ്ട സ്ഥലവും തിയ്യതിയും അവിടെ നിന്ന് ഏതു ദിശിയിലേക്ക് (പടിഞ്ഞാറോട്ട്, കിഴക്കോട്ട്, തെക്കുപടിഞ്ഞാറ് വടക്കുകിഴക്ക്, തെക്കോട്ട്, വടക്കോട്ട്, വടക്കുപടിഞ്ഞാറ് തെക്കുകിഴക്ക് എന്നിങ്ങനെ) ആണ് അവര്‍ പറന്നു പോവുന്നത് എന്നും 9846704353, 9497402761 എന്നീ വാട്‌സ് ആപ് നമ്പറിലേക്ക് വിവരങ്ങള്‍ അറിയിക്കാനും അഭ്യര്‍ഥിക്കുകയാണ് ഈ കൂട്ടായ്മ. ഗൂഗ്ള്‍ മാപ്പ് ഉപയോഗിച്ച് കണ്ട ലൊക്കേഷന്‍ കൂടി ഷെയര്‍ ചെയ്യണമെന്നും പറന്നുപോവുന്ന ദിശ വ്യക്തമായി പറയാന്‍ സാധിക്കുന്നില്ലെങ്കില്‍ കണ്ട സ്ഥലം മാത്രമാണെങ്കിലും അറിയിക്കണമെന്നും ‘ഫേണ്‍സ്’ പ്രവര്‍ത്തകര്‍ പറയുന്നു. യദു ആറളം, മുനീര്‍ തോല്‍പ്പെട്ടി എന്നിവരാണ് വിവരശേഖരണ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss