|    Jan 17 Tue, 2017 8:28 pm
FLASH NEWS

ചിത്രലേഖയുടെ ചെറുത്തുനില്‍പ്

Published : 18th January 2016 | Posted By: SMR

എ എസ് അജിത്കുമാര്‍

2016 ജനുവരി അഞ്ചാം തിയ്യതി സെക്രട്ടേറിയറ്റിനു മുന്നില്‍ എടാട്ട് എരമംഗലത്ത് ചിത്രലേഖ ആരംഭിച്ച രാവും പകലും സമരം രണ്ടാമത്തെ ആഴ്ചയിലേക്കു കടന്നിരിക്കുന്നു. കണ്ണൂര്‍ കലക്ടറേറ്റിനു മുന്നില്‍ 122 ദിവസം നീണ്ട സമരത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയുമായി നടന്ന ചര്‍ച്ചയില്‍ നല്‍കപ്പെട്ട ഉറപ്പുകള്‍ പാലിക്കപ്പെടാ ത്തതുകൊണ്ടാണ് ചിത്രലേഖയ്ക്ക് വീണ്ടും ഒരു സമരത്തിന് ഇറങ്ങേണ്ടിവന്നത്. കണ്ണൂര്‍ ടൗണിനടുത്ത് അഞ്ച് സെന്റ് സ്ഥലം വാഗ്ദാനം ചെയ്യപ്പെട്ടെങ്കിലും അത് ഇതുവരെ പാലിക്കപ്പെട്ടില്ല. അതുമായി ബന്ധപ്പെട്ട ഫയല്‍ ഭരണപരമായ നൂലാമാലകളില്‍പ്പെട്ടു കിടക്കുകയാണ്. സുരക്ഷിതമായി ജീവിക്കാനും തൊഴിലെടുക്കാനുമുള്ള ഒരു ഇടമെന്ന ആവശ്യമാണ് ചിത്രലേഖയ്ക്കുള്ളത്. ആ അടിസ്ഥാന ഘടകമാണ് പുതിയ താമസസ്ഥലം ഉറപ്പാക്കുമ്പോള്‍ പരിഗണിക്കേണ്ടത്. സിപിഎം വൃത്തങ്ങളില്‍പ്പെട്ട ഉദ്യോഗസ്ഥര്‍ ഭൂമി ചിത്രലേഖയുടെ കൈയിലെത്താതിരിക്കാനുള്ള ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു. ഏക്കര്‍ കണക്കിന് ഭൂമി കൈവശമുണ്ടെന്ന കള്ള റിപോര്‍ട്ടുകള്‍ നല്‍കിയാണ് ഈ നീതിനിഷേധം അവര്‍ നടത്തുന്നത്. ഭരണം കൈവശമില്ലെങ്കിലും സിപിഎമ്മുപോലെയുള്ള ഒരു അധികാര പാര്‍ട്ടിക്ക് സര്‍ക്കാര്‍ മെഷിനറി ഉപയോഗിക്കാന്‍ കഴിയും. ചിത്രലേഖയുടെ അമ്മൂമ്മയ്ക്ക് സര്‍ക്കാര്‍ കുടികിടപ്പായി കൊടുത്തെന്നു പറയുന്ന ആറു സെന്റിന്റെ കാര്യം മാത്രമാണ് കലക്ടറുടെ റിപോര്‍ട്ടിലുള്ളതെങ്കിലും ഭൂമി നിഷേധിക്കുന്നതിനായി ഭൂമിയുണ്ടെന്ന ഒരു കാരണം ഉന്നയിക്കപ്പെടുന്നത് ചിത്രലേഖയുടെ സവിശേഷ പ്രശ്‌നം മനസ്സിലാക്കപ്പെടാത്തതുകൊണ്ടാണ്. സാധാരണ അര്‍ഥത്തില്‍ ഒരുതുണ്ട് ഭൂമിയല്ല, മറിച്ച് അതിശക്തമായ ഒരു അധികാര പാര്‍ട്ടിയുടെ ജാതീയമായ വിലക്കുകള്‍ കാരണം പയ്യന്നൂരിലെ എടാട്ട് ജീവിക്കാനും തൊഴിലെടുക്കാനും കഴിയാത്തതിനാല്‍ ആ അതിരുകള്‍ക്ക് പുറത്തു ജീവിക്കാനുള്ള ഒരു ഉപാധിയാണ് ഈ ഭൂമി. പുനരധിവാസം എന്ന സങ്കല്‍പം അങ്ങനെയാണു വരുന്നത്. എന്നാല്‍, അതു സര്‍ക്കാരിന്റെ ഔദാര്യം എന്നതിനപ്പുറം സുരക്ഷിതമായ ജീവിതം എന്ന അവകാശമാണ്.
തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിനു മുമ്പു തന്നെ ചിത്രലേഖയുടെ ഭൂമിയും വീടും ഉറപ്പാക്കേണ്ടതുണ്ട്. തിരഞ്ഞെടുപ്പു പ്രഖ്യാപനം വന്നുകഴിഞ്ഞാല്‍ ഈ നീക്കങ്ങള്‍ മരവിപ്പിക്കപ്പെടും. പിന്നീട് ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ഒരുപക്ഷേ, ഈ നടപടി അട്ടിമറിക്കപ്പെടാം. മുഖ്യമന്ത്രി ഉറപ്പുനല്‍കിയത് അദ്ദേഹം തന്നെ മുന്‍കൈയെടുത്ത് എത്രയും പെട്ടെന്ന് നടപ്പാക്കേണ്ടതുണ്ട്.
രാവും പകലും സമരം ആരംഭിച്ചശേഷം ഉയര്‍ന്നുവന്ന ചര്‍ച്ചകള്‍ കേരളത്തിന്റെ ജാതീയമായ ഇടത് ലിബറല്‍ ചിന്താഗതികളെ വീണ്ടും ഊട്ടിയുറപ്പിക്കുന്ന ഒന്നാണ്. ഇടത് ആഭിമുഖ്യമുള്ള പലരും സോഷ്യല്‍ മീഡിയയിലും മറ്റും സിപിഎമ്മിനെ രക്ഷിച്ചെടുക്കാന്‍ പാടുപെടുന്നതു കണ്ടു. സിപിഎമ്മിന്റെ മാത്രം പ്രശ്‌നമല്ല, സമൂഹത്തില്‍ നിലനില്‍ക്കുന്ന ജാതിയുടെ പ്രശ്‌നമാണ് എന്ന രീതിയില്‍ അവതരിപ്പിക്കുന്നതു കണ്ടു. സിപിഎം ഗുണ്ടായിസമായി ചുരുക്കിക്കാണരുതെന്നും പ്രാദേശികമായ ജാതിയുടെ സങ്കീര്‍ണതകളുമായി ബന്ധപ്പെട്ട് മനസ്സിലാക്കണമെന്നും ഉന്നയിക്കപ്പെടുന്നുണ്ട്. ശരിയാണ്, ഒരു പാര്‍ട്ടി പ്രശ്‌നമായി മാത്രം ചുരുക്കിക്കാണേണ്ട എന്നു പറയാം. പക്ഷേ, സിപിഎം എന്നത് ചിത്രലേഖ വിഷയത്തില്‍ ഈ പ്രാദേശിക ജാതിഘടനയ്ക്ക് പുറത്തുനില്‍ക്കുന്ന ഒന്നാണോ? എടാട്ട് സ്റ്റാന്റില്‍ ആദ്യമായി ഓട്ടോയുമായി എത്തിയ ചിത്രലേഖയെ പുലച്ചി എന്നു വിളിച്ചത് സിഐടിയു/സിപിഎമ്മുകാരല്ലേ? ഓട്ടോ കത്തിച്ചതും സാമൂഹിക ബഹിഷ്‌കരണം നടത്തുന്നതും ആ പാര്‍ട്ടിയല്ലേ? ഒരു ദലിത് സ്ത്രീക്കെതിരേ ബഹുജന മാര്‍ച്ച് നടത്തിയതും അവരല്ലേ? ജാതി ഐഡന്റിറ്റിയെ അവര്‍ പാര്‍ട്ടിയിലൂടെയല്ലേ പ്രകടിപ്പിച്ചത്? കേരളത്തിലെ ജാതിവ്യവഹാരങ്ങള്‍ക്ക് പുറത്തുനില്‍ക്കുന്ന ഒന്നാണോ സിപിഎം എന്ന പാര്‍ട്ടി? മറിച്ച് ചിത്രലേഖ നേരിടുന്ന ജാതീയ അതിക്രമങ്ങളുടെ ഒരു സ്പഷ്ടമായ രൂപമല്ലേ പയ്യന്നൂരിലെ സിപിഎം ഘടകവും അതിനു പാര്‍ട്ടിക്കുള്ളില്‍ സാധുത നല്‍കുന്ന സിപിഎം എന്ന പാര്‍ട്ടിയും? എന്തുകൊണ്ട് സംസ്ഥാന-കേന്ദ്ര നേതൃത്വത്തിന് ഇതിനൊരു പരിഹാരം കാണാന്‍ കഴിയുന്നില്ല?
ആധുനിക ജാതീയത പ്രവര്‍ത്തിക്കുന്നത് ജാതിയുടെ ‘പരമ്പരാഗത’ രൂപങ്ങളിലൂടെയാവണമെന്നില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുയിടത്തെ സാമൂഹിക സ്ഥാപനങ്ങള്‍, പൊതുവ്യവഹാരങ്ങള്‍, പാര്‍ട്ടി ഘടനകള്‍, മുഖ്യധാരാ രാഷ്ട്രീയവ്യവഹാരങ്ങള്‍- അങ്ങനെ ഒട്ടേറെ രൂപങ്ങളിലൂടെയാണ് ആധുനികയിടത്തില്‍ ജാതി പ്രവര്‍ത്തിക്കുന്നത്. പയ്യന്നൂരിലെ ജാതിവ്യവഹാരങ്ങളുടെ ഒരു രൂപമാണ് സിപിഎം എന്ന പാര്‍ട്ടി. അവിടത്തെ പാര്‍ട്ടി ആധിപത്യത്തെ ജാതി ആധിപത്യത്തില്‍നിന്നു വേര്‍തിരിക്കാന്‍ കഴിയില്ല. ‘പരമ്പരാഗത’ രൂപങ്ങളിലൂടെ പ്രകാശിപ്പിക്കുന്നതില്‍ ധര്‍മസങ്കടം നേരിടുന്ന ജാതീയത സിപിഎമ്മിന്റെ പ്രാദേശിക ഘടകത്തിലൂടെയാവണം പ്രകാശിപ്പിക്കപ്പെടുന്നത്. അതുകൊണ്ട് പ്രാദേശികമായ ജാതിവ്യവഹാരം തന്നെയാണ് സിപിഎം അവിടെ. ഇതിന്റെ അര്‍ഥം സിപിഎമ്മുകാരെല്ലാവരും ജാതീയത ഉള്ളവരാണെന്നോ ആ പാര്‍ട്ടിയില്‍ ദലിതര്‍ ഇല്ലെന്നോ അല്ല. ഒരു സ്ഥാപനം എന്ന നിലയില്‍, ഒരു അധികാര പാര്‍ട്ടി എന്ന നിലയില്‍ സിപിഎമ്മില്‍ ഘടനാപരമായും വ്യാവഹാരികമായും ജാതീയത ശക്തമായി നിലനില്‍ക്കുന്നുവെന്നത് നിഷേധിക്കാന്‍ അവരുടെ കൈയില്‍ തെളിവുകളുണ്ടാവില്ല. ചിത്രലേഖയുടേതുപോലുള്ള വിഷയങ്ങളില്‍ ദലിതരെ സംബന്ധിച്ച് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ താല്‍പര്യങ്ങള്‍ക്ക് പുറത്ത് സാമൂഹികനീതിയുടെ പ്രശ്‌നമാണ് നിര്‍ണായകം. അതുകൊണ്ടുതന്നെ ഒരു ഇടത്-വലത് തിരഞ്ഞെടുപ്പ് വ്യവഹാരത്തിനുമപ്പുറം ജാതീയത ഒരു പാര്‍ട്ടി രൂപമായി, ട്രേഡ് യൂനിയനായി എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് മനസ്സിലാക്കേണ്ടതുണ്ട്. സിപിഎമ്മിന്റെ മാത്രം ജാതീയതയല്ലേ ഇത്, ഇടതിന്റെ ജാതീയത എന്ന് സാമാന്യവല്‍ക്കരിക്കുന്നത് തെറ്റല്ലേ എന്ന ചോദ്യവും ഉയര്‍ന്നിരുന്നു. ഇടത് എന്ന് പറയപ്പെടുന്ന വ്യവഹാരത്തിന്റെ തന്നെ ജാതിയോടുള്ള സമീപനം തന്നെയാണ് ഇതു പ്രകടിപ്പിക്കുന്നത്. ചിത്രലേഖയുടെ ചെറുത്തുനില്‍പ്പിന് ദലിത്, പിന്നാക്ക, മുസ്‌ലിം പ്രസ്ഥാനങ്ങളില്‍നിന്നാണ് പിന്തുണ ലഭിക്കുന്നതെന്നും ഇടത് ലിബറല്‍ ഇടങ്ങളില്‍നിന്നു പിന്തുണ ലഭിക്കുന്നില്ലെന്നതും ഇതിനു തെളിവാണ്. ആദിവാസി സമരത്തോട് ഒരുതരം രക്ഷകര്‍തൃ മനോഭാവത്തോടെ ലിബറല്‍ മാനവികതയുടെ തലത്തിലെങ്കിലും പിന്തുണ പ്രകടിപ്പിക്കാന്‍ ശ്രമിച്ച ഇടത് ലിബറല്‍ സമൂഹം ചിത്രലേഖയുടെ വിഷയത്തില്‍ മൗനം പാലിക്കുന്നതോ അല്ലെങ്കില്‍ സിപിഎമ്മിനെ കുറ്റവിമുക്തമാക്കാന്‍ ശ്രമിക്കുന്നതോ ചെയ്യുന്നതായാണു കാണുന്നത്.
ഓട്ടോതൊഴില്‍ സാധാരണയായി ഒരു കീഴാള (ആണ്‍) തൊഴിലിടമായാണു കാണപ്പെടുന്നത്. പലപ്പോഴും ഓട്ടോക്കാര്‍ എന്നത് ഒരു കീഴാള വിഭാഗമായി കാണപ്പെടുന്നു. വളരെയേറെ സ്ഥലങ്ങളില്‍ ദലിതരും വര്‍ഗപരമായി താഴ്ന്നവരും ഒക്കെയാണ് ഈ തൊഴില്‍ ചെയ്യുന്ന അധികപേരും. ഏയ് ഓട്ടോ എന്ന സിനിമയില്‍ സംവരണം ലഭിക്കാതെ ഓട്ടോക്കാരനാവേണ്ടിവരുന്ന സവര്‍ണ സമുദായക്കാരന്‍ കഥാപാത്രം ഈ തൊഴിലിടത്തിന്റെ പൊതുവെയുള്ള ജാതിയെക്കുറിച്ച് പറയുന്നുണ്ട്. എന്നാല്‍, പയ്യന്നൂരിലെ ഈ തൊഴിലിടം പ്രധാനമായും മണിയാണി നായര്‍ ആണ്‍കോയ്മയുടെ ഒരു ജാതീയത ഉള്‍ക്കൊള്ളുന്ന ഒന്നാണ് എന്നാണു മനസ്സിലാവുന്നത്. ദലിത് സ്ത്രീയായ ഒരു ഓട്ടോ ഡ്രൈവര്‍ക്ക് ഈ തൊഴിലിടത്തിന്റെ ഏറ്റവും താഴേത്തട്ടിലാണ് നില്‍ക്കാന്‍ കഴിയുക. അംബേദ്കര്‍ ചിന്തകള്‍ ജാതിയെക്കുറിച്ച് നമുക്ക് മനസ്സിലാക്കിത്തന്നിട്ടുള്ളത് അത് ശ്രേണീബദ്ധമായ അസമത്വമാണെന്നാണല്ലോ. ചിത്രലേഖ ഒരേസമയം സമൂഹത്തിന്റെ പൊതുവായ ജാതിബോധത്തെയും ഒരു തൊഴിലിടത്തിന്റെ ആന്തരികമായ ജാതി/ആണ്‍കോയ്മയെയും ചെറുത്തുനില്‍ക്കേണ്ടിവരുന്നു.
ഒരുഭാഗത്ത് കേരളത്തിലെ ഏറ്റവും ശക്തമായ ഒരു അധികാര പാര്‍ട്ടിയും മറുഭാഗത്ത് ഒരു വ്യവസ്ഥാപിത സംഘടനയുടെ ഭാഗമല്ലാത്ത ഒരു ദലിത് സ്ത്രീതൊഴിലാളിയുമാണ് 10 വര്‍ഷമായി നീണ്ടുനില്‍ക്കുന്ന ഈ ചെറുത്തുനില്‍പ്പിന്റെ ചരിത്രത്തിലുള്ളത്. സിപിഎമ്മിന്റെ പകപോക്കലിന്റെ ഇരയാവാതെ സ്വന്തമായ ഒരു സുരക്ഷിത ഇടത്തേക്ക് മാറുക എന്നതാണ് ഒടുവില്‍ ചിത്രലേഖ കണ്ടെത്തിയ ഒരു ധീരമായ പോംവഴി. പാര്‍ട്ടി നിര്‍മിച്ച ഒരു ദ്വന്ദ്വത്തിന്റെ കുരുക്കില്‍നിന്നു സ്വന്തമായ ഒരു ജീവിതം കണ്ടെത്തുകയെന്നത് തീര്‍ച്ചയായും ഏറ്റവും ഫലപ്രദമായ ഒരു പോംവഴി തന്നെയാണ്. ചിത്രലേഖയുടെ സമരം ജാതീയതയുടെ ഒരു പ്രതീകമോ സൂചകമോ എന്ന നിലയിലോ മറ്റെന്തിനെയോ പ്രതിനിധീകരിക്കുന്ന ഒന്നായോ അല്ല കാണേണ്ടത്. മറിച്ച് ഒരു ജീവനുള്ള വ്യക്തി, ഒരു ദലിത് സ്ത്രീ 10 വര്‍ഷത്തോളമായി നടത്തിവരുന്ന ഒരു ചെറുത്തുനില്‍പ്പാണത്. ആ ചെറുത്തുനില്‍പ്പിന്റെ സവിശേഷതയെ മനസ്സിലാക്കി പിന്തുണയ്ക്കുന്ന രാഷ്ട്രീയമാണിപ്പോള്‍ ആവശ്യം. $

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 188 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക