|    Aug 22 Tue, 2017 12:55 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ചിത്രയുടെ കോടതിയലക്ഷ്യ ഹരജി ; അത്‌ലറ്റിക് ഫെഡറേഷന് ഹൈക്കോടതി നോട്ടീസ് അയച്ചു

Published : 4th August 2017 | Posted By: fsq

 

കൊച്ചി: ലണ്ടനില്‍ നടക്കുന്ന ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ 1500 മീറ്റര്‍ ഓട്ടത്തില്‍ പങ്കെടുപ്പിക്കണമെന്ന സിംഗിള്‍ ബെഞ്ച് വിധി നടപ്പാക്കിയില്ലെന്നാരോപിച്ച് പി യു ചിത്ര സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹരജിയില്‍ അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ഭാരവാഹികള്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. ഫെഡറേഷന്‍ സെക്രട്ടറിയും കണ്‍വീനറുമായ സി കെ വല്‍സന്‍, സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ജി എസ് രണ്‍ധവ, പ്രസിഡന്റ് ആദില്ലെ ജെ സുമാരിവാല എന്നിവര്‍ക്കാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നോട്ടീസ് അയച്ചത്. ഇവര്‍ വിശദീകരണം നല്‍കണം. കേസ് ഈ മാസം 22ന് വീണ്ടും പരിഗണിക്കും. ചിത്രയെ മല്‍സരിപ്പിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് കഴിഞ്ഞ മാസം 28നാണ് സിംഗിള്‍ ബെഞ്ച് ഇടക്കാല ഉത്തരവിട്ടത്. ഈ വിധി നടപ്പാക്കിയില്ലെന്നാണ് ചിത്ര കോടതിയലക്ഷ്യ ഹരജിയില്‍ ആരോപിക്കുന്നത്. ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ ചിത്രയെ പങ്കെടുപ്പിക്കണമെന്ന സിംഗിള്‍ ബെഞ്ച് വിധിക്കെതിരേ അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ സമര്‍പ്പിച്ച അപ്പീലില്‍ വാദം കേള്‍ക്കുന്നതിനിടെ ഫെഡറേഷനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു. മല്‍സരിക്കുന്നതിന് മുമ്പ് തന്നെ ഇന്ത്യക്കാരെ പരാജയപ്പെടുത്തുകയാണ് അത്‌ലറ്റിക് ഫെഡറേഷന്‍ ചെയ്തതെന്ന് കോടതി പറഞ്ഞു. സെലക്ഷന്‍ പ്രക്രിയ ആത്മാര്‍ഥമായി നടത്തിയോ എന്ന് സംശയമുണ്ട്. സെലക്ഷന്‍ മുന്‍കൂട്ടി തീരുമാനിച്ചിരുന്നോ എന്നു സംശയമുണ്ട്. മല്‍സരങ്ങള്‍ക്ക് സര്‍ക്കാരാണ് പണം ചെലവാക്കുന്നതെങ്കില്‍ യോഗ്യരായവരെ പ്രോല്‍സാഹിപ്പിക്കുകയാണ് വേണ്ടത്. ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ യോഗ്യരായവരെ തിരഞ്ഞെടുത്ത് രാജ്യത്തിന് നേട്ടമുണ്ടാക്കലല്ലേ ഫെഡറേഷന്റെ ചുമതല. അയച്ചവരെ തിരികെ കൊണ്ടുവരാന്‍ പറയുന്നില്ലെന്നും കോടതി പറഞ്ഞു. ചൂടും ഈര്‍പ്പവുമുള്ള അന്തരീക്ഷത്തില്‍ മല്‍സരിച്ചെന്ന് പറഞ്ഞാണ് ചിലരെ ഇന്ത്യന്‍ സംഘത്തില്‍ ഉള്‍പ്പെടുത്തിയത്. ഇതാണ് തിരഞ്ഞെടുപ്പ് മാനദണ്ഡമെങ്കില്‍ പൊതുജനങ്ങള്‍ക്കു പരാതിയുണ്ടായ്ക്കൂടെ. മല്‍സരങ്ങളില്‍ പങ്കെടുക്കാത്തവരടക്കമുള്ള വന്‍സംഘം ലണ്ടനില്‍ പോയിരിക്കുകയാണ്. ഇതാണോ ഫെഡറേഷന്റെ ഉദ്ദേശ്യം. വിദഗ്ധ സമിതിക്ക് ഉത്തരവാദിത്തമുണ്ടെങ്കില്‍ അവരുടെ പ്രവര്‍ത്തനങ്ങളിലും അതുണ്ടാവണമെന്നും കോടതി വ്യക്തമാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക