|    Apr 20 Fri, 2018 6:27 pm
FLASH NEWS

ചിത്രം തെളിഞ്ഞു; കണ്ണൂര്‍ ജില്ലയില്‍ ജനവിധി തേടാന്‍ 87 പേര്‍

Published : 3rd May 2016 | Posted By: SMR

കണ്ണൂര്‍: വിമതരും അപരന്‍മാരും പിന്‍മാറാന്‍ ഒരുക്കമല്ലെന്ന് വ്യക്തമാക്കിയപ്പോള്‍ ജില്ലയിലെ 11 നിയമസഭാ മണ്ഡലങ്ങളിലായി ജനവിധി തേടാനിറങ്ങുന്നത് 87 സ്ഥാനാര്‍ഥികള്‍. നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള സമയം ഇന്നലെ കഴിഞ്ഞതോടെ മല്‍സരരംഗത്ത് നിലയുറപ്പിച്ചവര്‍ 87 പേരാണ്. 13 പേര്‍ പത്രിക പിന്‍വലിച്ചു. ചില സ്വതന്ത്രരും ഡമ്മി സ്ഥാനാര്‍ഥികളുമാണ് പിന്‍വലിച്ചത്. അന്തിമചിത്രം തെളിഞ്ഞപ്പോള്‍ കോണ്‍ഗ്രസ്സിന് കണ്ണൂര്‍, അഴീക്കോട്, ഇരിക്കൂര്‍, പേരാവൂര്‍ മണ്ഡലങ്ങളില്‍ വിമതന്മാര്‍ ഭീഷണി ഉയര്‍ത്തുന്നു. മിക്ക മണ്ഡലങ്ങളിലും മുന്നണി സ്ഥാനാര്‍ഥികള്‍ക്കെതിരേ അപരന്‍മാരും രംഗത്തുണ്ട്.
കണ്ണൂര്‍, പേരാവൂര്‍ മണ്ഡലങ്ങളില്‍ 11 പേരാണ് പോരിനിറങ്ങിയിരിക്കുന്നത്. എന്നാല്‍ പയ്യന്നൂരില്‍ 4 പേര്‍ മാത്രമാണ് മല്‍സരിക്കുന്നത്. എല്‍ഡിഎഫ്, യുഡിഎഫ്, ബിജെപി സ്ഥാനാര്‍ഥിക്ക് പുറമെ ഒരു സ്വതന്ത്രന്‍ മാത്രമാണ് ഇവിടെ പത്രിക സമര്‍പ്പിച്ചിട്ടുള്ളത്. പയ്യന്നൂരില്‍ ആര്‍ക്കും അപരന്‍മാരില്ലെന്നതും ശ്രദ്ധേയമാണ്.
കല്ല്യാശ്ശേരി മണ്ഡലത്തിലും അപരന്റെ ശല്യമില്ലെന്നത് സ്ഥാനാര്‍ഥികള്‍ക്ക് ആശ്വാസം നല്‍കുന്നു. ഇടതു-വലതു മുന്നണിക്കും ബിജിപിക്കും പുറമേ എസ്ഡിപിഐയുടെ കെ സുബൈറും വെല്‍ഫെയര്‍ പാര്‍ട്ടിയുടെ സൈനുദ്ദീന്‍ കരിവെള്ളൂരുമാണ് ഇവിടെ മല്‍സരിക്കുന്നത്. തളിപ്പറമ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കേരള കോണ്‍ഗ്രസ് എമ്മിലെ രാജേഷ് നമ്പ്യാര്‍ക്ക് അപരനായി രാജേഷ്‌കുമാര്‍ മല്‍സരിക്കുന്നുണ്ട്.
ഇരിക്കൂറില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ സി ജോസഫിന് ഭീഷണിയായി വിമതനും അപരനും മല്‍സരരംഗത്ത് ഉറച്ചുനില്‍ക്കുന്നു. അപരനായി ജോസഫ് കെ സി കലേക്കാട്ടിലും വിമതനായി ബിനോയ് തോമസുമാണ് ഇവിടെ മല്‍സരിക്കുന്നത്. രാജീവ് ജോസഫും സ്വതന്ത്രനായി മല്‍സരിക്കുന്നുണ്ട്. ശക്തമായ പോരാട്ടം നടക്കുന്ന അഴീക്കോട്ട് യുഡിഎഫ് സ്ഥാനാര്‍ഥി കെ എം ഷാജിക്ക് ജനാധിപത്യ സംരക്ഷണ സമിതിയുടെ ബാനറില്‍ മല്‍സരിക്കുന്ന മുന്‍ കോണ്‍ഗ്രസ് നേതാവ് പി കെ രാഗേഷും അപരന്‍മാരായ ഷാജി കെ എം തോലമ്പ്രയും കെ എം ഷാജി മാമ്പയും മല്‍സരിക്കുന്നു. കണ്ണൂരില്‍ രാമചന്ദ്രന്‍ കടന്നപ്പള്ളിക്കും സതീശന്‍ പാച്ചേനിക്കും അപരന്‍മാരുണ്ടെങ്കിലും പേര് അത്രസാമ്യമല്ലാത്തത് ആശ്വാസമായിട്ടുണ്ട്. പോത്തേര വളപ്പില്‍ രാമചന്ദ്രന്‍, രാമചന്ദ്രന്‍ തായലെപുരയില്‍ എന്നിവരാണ് സ്വതന്ത്ര വേഷത്തില്‍ മല്‍സരിക്കുന്നത്. സതീശന്‍ പഴയടത്തും സതീശന്‍ ഇ വിയും അപരവേഷം കെട്ടി രംഗത്തുണ്ട്. കൂടാതെ, ലീഗില്‍ നിന്ന് പുറത്താക്കപ്പെട്ട എന്‍ പി സത്താറും വിമതനായി രംഗത്തുണ്ട്.
ധര്‍മടത്ത് യുഡിഎഫ് സ്ഥാനാര്‍ഥി മമ്പറം ദിവാകരന് പാരയായി മുല്ലോളി ദിവാകരനും ദിവാകരനുമാണ് സ്വതന്ത്രവേഷത്തില്‍ ബാലറ്റ് പേപ്പറില്‍ ഇടംപിടിക്കുക. തലശ്ശേരിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എ പി അബ്ദുല്ലക്കുട്ടിയെ എടങ്ങേറാക്കാന്‍ ഡാനിഷ് മഹല്‍ എ പി അബ്ദുല്ലക്കുട്ടിയാണ് നാമനിര്‍ദേശപത്രിക നല്‍കിയത്. കടുത്ത മല്‍സരം നടക്കുന്ന കൂത്തുപറമ്പില്‍ ഇരുമുന്നണി സ്ഥാനാര്‍ഥികള്‍ക്കും രണ്ടുവീതം അപരന്‍മാരാണ് വോട്ടുതട്ടാന്‍ രംഗത്തിറങ്ങിയിരിക്കുന്നത്.
എല്‍ഡിഎഫിലെ കെ കെ ശൈലജ ടീച്ചര്‍ക്ക് പുറമേ ശൈലജയും കെ പി ശൈലജയും ഇവിടെ മല്‍സരിക്കുന്നു. യുഡിഎഫ് സ്ഥാനാര്‍ഥി കെ പി മോഹനനു പുറമെ രണ്ട് കെ പി മോഹനന്‍മാരും മല്‍സരിക്കുന്നു. മട്ടന്നൂരില്‍ ജനതാദള്‍ യു സ്ഥാനാര്‍ഥി കെ പി പ്രശാന്തിന്റെ പേരിനോട് സാമ്യമുള്ള കൊടിപ്പടി പ്രശാന്ത് മല്‍സരിക്കാന്‍ ഒരിങ്ങിയിട്ടുണ്ട്. പേരാവൂരില്‍ സണ്ണിജോസഫിന് അപരനും വിമതനും മല്‍സര രംഗത്തുണ്ട്. അഡ്വ. കെ ജെ ജോസഫ് വിമതനായി മല്‍സരിക്കുമ്പോള്‍, സണ്ണിജോസഫ് കെ, സണ്ണി ജോസഫ് എന്നിവര്‍ സ്വതന്ത്രരായി മല്‍സരിക്കുന്നു. സിപിഎം സ്ഥാനാര്‍ഥി ബിനോയ് കൂര്യന്റെ പേരിനോട് സാമ്യമുള്ള ബിജോയും മല്‍സരിക്കുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss