|    Mar 20 Tue, 2018 5:45 am
FLASH NEWS
Home   >  Editpage  >  Lead Article  >  

ചിത്തഭ്രമം പിടിപെട്ട ദേശീയത

Published : 5th September 2016 | Posted By: SMR

ശിവ് വിശ്വനാഥ്

ഒരാഭാസന്റെ ഒടുവിലത്തെ അഭയകേന്ദ്രമാണ് ദേശസ്‌നേഹം എന്നു മഹാനായ ഒരു പണ്ഡിതന്‍ പറഞ്ഞിട്ടുണ്ട്. ഒരു നൂറു വര്‍ഷം കൂടി ജീവിച്ചിരുന്നെങ്കില്‍, അരക്ഷിതനായ ഏകാധിപതിയുടെ പ്രഥമ ഗൃഹമാണ് ദേശരാഷ്ട്രമെന്നുകൂടി അദ്ദേഹം പറയുമായിരുന്നു. ഇന്നു പോലിസ് നടപടികളും പൗരത്വത്തിന്റെ ഔദ്യോഗിക നിര്‍വചനങ്ങള്‍ക്കൊപ്പം നില്‍ക്കാത്ത ചിന്താധാരകളുടെ മേലുള്ള നിയന്ത്രണവും ആയി മാറിപ്പോയിരിക്കുന്നു ദേശരാഷ്ട്രം.
എല്ലാം വീക്ഷിക്കുന്ന വല്യേട്ടന്‍ എന്ന നിലയില്‍ ചിന്തകളെ നിയന്ത്രിക്കുന്ന ഒരു സ്ഥാപനമായി മാറിയ ദേശരാഷ്ട്രത്തിന്റെ ഈ നടപടിയെ, തിരഞ്ഞെടുപ്പ് ജനാധിപത്യ പ്രക്രിയയുടെ ഒരു ഭാഗമായി വീക്ഷിക്കേണ്ടിവരുന്നു എന്നതാണ് വിചിത്രം. വ്യത്യസ്തമായ രണ്ടു പോലിസിങ് നടപടികള്‍ നടപ്പാക്കാനായി ഇന്ത്യയില്‍ രണോത്സുക ദേശീയതയുമായി കൂട്ടുകൂടിയിരിക്കുകയാണ് ഭൂരിപക്ഷ മേല്‍ക്കോയ്മാവാദം.
പ്രാദേശികതലത്തില്‍ ബജ്‌രംഗ്ദള്‍ പോലുള്ള നിയമാതീത നിരീക്ഷണസംഘങ്ങള്‍ വസ്ത്രധാരണരീതിയിലോ സിനിമ പോലുള്ള സര്‍ഗാത്മക കലകളുടെ രൂപത്തിലോ ഉണ്ടായേക്കാവുന്ന ലൈംഗികതയുടെ ഭീഷണികളില്‍ നിന്നു കാവല്‍ നില്‍ക്കുന്നു. ലൈംഗികതക്കെതിരേയുള്ള പ്രാദേശിക പോലിസിങ് ദേശീയതലത്തില്‍ നടക്കുന്ന ചിന്താനിയന്ത്രണവുമായി ഇഴചേര്‍ന്നുപോകുന്നവയാണ്. വംശീയതയ്ക്കായി അമേരിക്കക്ക് ഒരു ക്ലു ക്ലക്‌സ് ക്ലാന്‍ ഉള്ളതുപോലെ മോദിഭരണകൂടം ദേശീയതലത്തില്‍ നിയമാതീത സംരക്ഷകരുടെ ഒരു ശൃംഖല സൃഷ്ടിക്കുകയാണ് ചെയ്യുന്നത്.
അന്ധമായ ദേശീയതയുടെയും ദേശസ്‌നേഹത്തിന്റെയും വക്താക്കളായ ഈ വിഭാഗങ്ങളുടെ നിയമാതീത സംരക്ഷണചെയ്തികള്‍ക്ക് ഔദ്യോഗിക അനുവാദത്തിന്റെ മുദ്രയുമുണ്ട്. മാന്യമായി വസ്ത്രം ധരിക്കുക മാത്രമല്ല, മാന്യമായ മാനസികാവസ്ഥ വച്ചുപുലര്‍ത്തുകയും ചെയ്യുന്നയാളാണ് നല്ല പൗരന്‍. ദേശരാഷ്ട്ര സങ്കല്‍പത്തില്‍ ഇഴുകിച്ചേരുന്നതില്‍ നിന്നു വ്യത്യസ്ത വീക്ഷണക്കാരെയും ഭിന്നാഭിപ്രായം വച്ചുപുലര്‍ത്തുന്നവരെയും പാര്‍ശ്വവല്‍കൃതരെയും ന്യൂനപക്ഷങ്ങളെയും അകറ്റുന്ന പുതിയൊരുതരം ചിന്താഗതിയാണ് ഭൂരിപക്ഷ മേല്‍ക്കോയ്മയില്‍ അധിഷ്ഠിതമായ ദേശീയത്വം നിര്‍മിച്ചെടുക്കുന്നത്.
ജോലി, സുരക്ഷ, ശരീരം എന്നിവയെക്കുറിച്ചുള്ള ആശങ്ക ദേശരാഷ്ട്രത്തിനു ചൂഷണം ചെയ്യാവുന്ന ഒരു പ്രലോഭനീയതയ്ക്ക് ജന്മം നല്‍കുന്നുവെന്നു ബിജെപി പോലുള്ള പാര്‍ട്ടികള്‍ കരുതുന്നു. തങ്ങളില്‍ നിന്നു വ്യത്യസ്തത പുലര്‍ത്തുന്ന ആരും ദേശവിരുദ്ധനാകുന്നു. വിവിധ ആശയങ്ങളുടെ ഒരു സങ്കലനമായിരുന്ന സ്വാതന്ത്ര്യപ്രസ്ഥാനത്തിന്റെ ദേശീയതയില്‍ നിന്നു ദേശരാഷ്ട്രത്തിന്റെ ഏകാത്മകതയിലേക്കുള്ള പരിണാമം സമ്പൂര്‍ണമായിക്കഴിഞ്ഞിരിക്കുന്നു. പൗരത്വം മനോവ്യാപാര നിരീക്ഷണമെന്ന മുന്‍കൈയെടുക്കുന്ന ഒരു ആശയമായി മാറി. വിഭിന്നതയുടെ ഏതൊരു അടയാളവും ജനക്കൂട്ടവുമായും നിയമാതീത കൊലയാളിസംഘവുമായും ഏറ്റുമുട്ടലിനിടയാക്കുന്നു. ദേശീയതയുടെ ഈ വരണ്ട മനഃസ്ഥിതി കാരണമായി ജനാധിപത്യരീതിയിലുള്ള ജീവിതരീതിക്ക് ജനാധിപത്യം തന്നെ ഭീഷണിയാവുകയാണ്. ഫലത്തില്‍ ഈ വിരോധാഭാസം പൂര്‍ണമായിക്കഴിഞ്ഞു.
ഭരണനിര്‍വഹണത്തില്‍ നിമഗ്നനായ ഒരു നയകോവിദനായി നരേന്ദ്ര മോദി വേഷം കെട്ടുമ്പോള്‍ അദ്ദേഹത്തിന്റെ ഇരട്ടയായ അമിത്ഷാ പൊള്ളയായ ഈ ദേശീയതയുടെ നടനാധ്യക്ഷനായി അരങ്ങുവാഴുന്നു. ഒരേയവസരം അപകടകരവും പരിഹാസ്യവുമായ ഒരു വിചിത്രഗൗരവം അതിന്റെ ഭാഗമാണ്. ഭയജനകമായ ശരീരപ്രകൃതമുള്ള ഷായുടെ പ്രഖ്യാപനങ്ങള്‍ പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കു മേല്‍ അടിച്ചേല്‍പിക്കപ്പെടുന്ന ഉത്തരവുകളാണ്. ദേശീയതയ്ക്കു ചുറ്റും അദ്ദേഹം തീര്‍ക്കുന്ന ഏലസ്സ് സ്വതന്ത്രമായ അഭിപ്രായപ്രകടനത്തിനു പോലും ഭീഷണിയാണ്.
സ്വതന്ത്ര അഭിപ്രായപ്രകടനത്തിലൂടെ പോലും ചോദ്യം ചെയ്യപ്പെടാന്‍ പാടില്ലാത്തത്ര ദിവ്യമാണ് ദേശീയത എന്നതാണ് അദ്ദേഹത്തിന്റെ സുവ്യക്തമായ അഭിപ്രായം. ദേശരാഷ്ട്രത്തിന്റെ നിമിത്തങ്ങള്‍ ജനാധിപത്യത്തേക്കാള്‍ പരമപവിത്രമായി മാറുന്ന തരത്തിലുള്ള വിശ്വാസപ്രമാണമായും ഔദ്യോഗിക രാഷ്ട്രപ്രത്യയശാസ്ത്രമായും പരിവര്‍ത്തിപ്പിക്കുകയാണ് അദ്ദേഹം.
താന്‍ രാഷ്ട്രത്തിനെതിരെയാണെന്ന് മുദ്രയടിക്കുന്ന പ്രചാരണം സ്വതന്ത്ര അഭിപ്രായപ്രകടനമായി പരിഗണിക്കാന്‍ പാടില്ലെന്ന കാര്യത്തില്‍ അദ്ദേഹത്തിന് ഒരു സംശയവുമില്ല. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ അത്തരം ‘സ്വതന്ത്ര അഭിപ്രായപ്രകടനം’ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിലെ രക്തസാക്ഷികളെ അവമതിക്കലാണ്. ഒറ്റയടിക്ക് ഭൂതവും വര്‍ത്തമാനവും ഭൂരിപക്ഷ മേല്‍ക്കോയ്മയുടെ നിയന്ത്രണത്തില്‍ ചലിക്കുന്നു. അമിത്ഷായേക്കാള്‍ തുറന്ന മനസ്സായിരുന്നു ഭഗത്‌സിങിന്റേത് എന്നു മനസ്സിലാക്കാതെ അദ്ദേഹം ഭഗത്‌സിങിനെ ഉദ്ധരിക്കുന്നു.
2002ലെ ഗുജറാത്ത് കലാപത്തെ ഭഗത്‌സിങ് ഒരിക്കലും അംഗീകരിക്കില്ല. സ്വാതന്ത്ര്യസമര പ്രസ്ഥാനത്തെ സ്വന്തമാക്കാനുള്ള ആര്‍എസ്എസിന്റെ കൗശലം പരിശോധന അര്‍ഹിക്കുന്നതാണ്. സദ്ഗുണ രൂപീകരണം ബിജെപിയുടെ പരിധിക്കു പുറത്താണെങ്കിലും ‘ദേശീയ വ്യക്തിത്വ’ത്തിന്റെ സൂക്ഷിപ്പുകാര്‍ എന്ന സങ്കല്‍പം ഏതെങ്കിലും തരത്തിലുള്ള ഭിന്നാഭിപ്രായത്തെയും വിയോജിപ്പിനെയും അടിച്ചമര്‍ത്താന്‍ അവര്‍ക്ക് സാഹചര്യമൊരുക്കുന്നു.
ഇന്ത്യന്‍ യുവാക്കളെ വഴിതെറ്റിക്കാന്‍ പാകിസ്താന്‍ കോപ്പുകൂട്ടുന്നു എന്ന വാദവുമായി ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് അമിത്ഷായുടെ കീഴ്ജീവനക്കാരന്റെ ഭാഗം അഭിനയിക്കുന്നു. ഡല്‍ഹിയെയും പോലിസിനെയും കശ്മീര്‍ ഭരണകൂടത്തെയും എല്ലാ വീഴ്ചകളില്‍ നിന്നും ഒറ്റത്തൂപ്പിനു കുറ്റവിമുക്തമാക്കിക്കൊണ്ട് എല്ലാ പ്രശ്‌നങ്ങളും ഒരു ബാഹ്യശത്രുവിന്റെ മേല്‍ കെട്ടിവയ്ക്കുന്നു അദ്ദേഹം. പാകിസ്താനെ കുറ്റപ്പെടുത്താന്‍ എളുപ്പമാണ്. എന്നാല്‍, സ്വന്തം വീഴ്ചകള്‍ തിരിച്ചറിയാന്‍ ധൈര്യം വേണം. പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ ഇവരെക്കാളൊന്നും പിറകിലല്ലെന്നു കാണിച്ചുകൊണ്ട്, പാകിസ്താനില്‍ പോകുന്നത് നരകത്തില്‍ പോകുന്നതിനു തുല്യമാണെന്നു പ്രഖ്യാപിച്ചുകളഞ്ഞു.
‘പാകിസ്താന്‍ നരകമല്ലെ’ന്ന മറുപടിയിലൂടെയാണ് ഒരു ദൗത്യസംഘത്തിന്റെ ഭാഗമായി ഈയിടെ പാകിസ്താന്‍ സന്ദര്‍ശിച്ച നടിയും മുന്‍ കോണ്‍ഗ്രസ് എംപിയുമായ രമ്യ തിരിച്ചടിച്ചത്. ‘(അവിടത്തെ) ജനങ്ങള്‍ നമ്മെപ്പോലെത്തന്നെയാണ്. അവര്‍ നമ്മെ നന്നായി സ്വീകരിച്ചു.’ സമചിത്തതയുള്ള മാന്യമായ നിരീക്ഷണമായിരുന്നു അവരുടേത്. രാജ്യദ്രോഹം ആരോപിക്കാന്‍ ഇതു മതിയായിരുന്നു. ഒരു കന്നട വക്കീല്‍ അവര്‍ക്കെതിരേ പരാതി കൊടുത്തു. പാകിസ്താനെ പ്രകീര്‍ത്തിക്കുക വഴി രമ്യ ഇന്ത്യന്‍ ദേശസ്‌നേഹികളെ അവഹേളിക്കുകയാണ് ചെയ്തത് എന്നാണ് വിത്തല്‍ ഗൗഡ എന്ന അഭിഭാഷകന്‍ ആരോപിച്ചത്.
ഭിന്നസ്വരക്കാരോട് പാകിസ്താനിലേക്ക് വണ്ടികേറിക്കോളാന്‍ ഉപദേശിച്ചുകൊണ്ടിരുന്ന ബിജെപി പ്രവര്‍ത്തകര്‍, പാകിസ്താന്‍ സ്വര്‍ഗമാണെന്ന് കരുതുന്നവരോട് അടുത്ത വിമാനത്തില്‍ തന്നെ അങ്ങോട്ടേക്കു പറന്നോളാന്‍ ആവശ്യപ്പെട്ടുകൊണ്ട് തങ്ങളുടെ ആ ഉപദേശം പുതുക്കിയിട്ടുണ്ട്. തങ്ങളുടെ എതിരാളികളെ കരിവാരിത്തേക്കാന്‍ ഇപ്പോള്‍ ഏറ്റവും എളുപ്പമുള്ള ഒരു മുദ്രയായി ദേശദ്രോഹം മാറിയിട്ടുണ്ട്. ഇതിനാകെ ആവശ്യമായിട്ടുള്ളത് ഒരു ഭിന്നാഭിപ്രായം മാത്രം.
ഭാഗ്യവശാല്‍ രമ്യ വിവേകമതിയാണ്. തന്റെ ഒരു ലേഖനത്തില്‍ ‘നമ്മുടെ അയല്‍ക്കാരുമായി നാം ശാശ്വതമായ പാലങ്ങള്‍ നിര്‍മിക്കേണ്ടതുണ്ട്’ എന്ന അനിഷേധ്യ സത്യം അവര്‍ തുറന്നടിക്കുന്നു. ചായക്കോപ്പയില്‍ കൊടുങ്കാറ്റ് സൃഷ്ടിക്കാനുള്ള ബിജെപിയുടെ ശ്രമത്തെ ഈ സിനിമാതാരം സുന്ദരമായി തകര്‍ത്തെറിഞ്ഞുകളഞ്ഞു. എല്ലാ ഉന്മാദാവസ്ഥയുടെയും കുത്തക ബിജെപിക്കു നല്‍കുന്ന കാര്യത്തില്‍ ബോളിവുഡ് യുക്തിബോധത്തോടെയുള്ള നിലപാട് എടുത്തതായാണ് കാണുന്നത്. ഭരണവര്‍ഗത്തിന്റെ ഉന്മാദാവസ്ഥയ്ക്കുള്ള ഏറ്റവും നല്ല മറുമരുന്നാണ് രമ്യയുടെ വിവേകം.
ബിജെപിയും അതിന്റെ സഹകാരികളും എന്തുകൊണ്ടാണ് തുള്ളിക്കളിക്കുന്ന ഈ രണോത്സുക ദേശീയത ഏറ്റെടുക്കുന്നത് എന്നതാണ് നമ്മുടെ ചോദ്യം. യഥാര്‍ഥത്തില്‍ എല്ലാവരെയും ഉള്‍ക്കൊണ്ടുകൊണ്ടുള്ള ഐക്യത്തില്‍ തെല്ലും വിശ്വാസമില്ലാതെ ഏകശിലാത്മക ഐക്യം എന്ന തത്ത്വത്തിലുള്ള പാര്‍ട്ടിയുടെ വിശ്വാസമാണ് ഭാഗികമായ ഒരു കാരണം. അതിന്റെ അരങ്ങും അണിയറയും യോജിച്ചുപോകുന്നില്ല. ഭയം കലര്‍ന്ന ഒരു ദേശീയത ഐക്യമത്യത്തിനുള്ള അവരുടെ യഥാര്‍ഥ അവകാശവാദമായി മാറുകയാണ്.
ദലിതരോടുള്ള ബിജെപിയുടെ നിലപാട് ഇതരരെ ഉള്‍ക്കൊള്ളാനുള്ള അതിന്റെ ശേഷിയെക്കുറിച്ചുള്ള എല്ലാ പ്രതീക്ഷയും ക്ഷയിപ്പിച്ചിരിക്കുന്നു. തിരഞ്ഞെടുപ്പ് അടുക്കുന്നതോടുകൂടി ഭിന്നാഭിപ്രായത്തിന്റെ എല്ലാ സ്രോതസ്സുകളും അരിച്ചു പരിശോധിക്കുന്ന ഈ ഭയം കലര്‍ന്ന ദേശീയത അവരുടെ ഒരു രാഷ്ട്രീയ നയപ്രഖ്യാപനമായി മാറുന്നു. സ്വതവേയുള്ള അവരുടെ ഭൂരിപക്ഷ മേല്‍ക്കോയ്മത്തരത്തിന് ഒരു പ്രതിധ്വനിയും ഇല്ലെന്ന മട്ടിലാണ് കാര്യങ്ങള്‍.
കശ്മീര്‍ പ്രശ്‌നം പരിഹരിക്കുന്നതിലെ അവരുടെ കഴിവുകേടും കശ്മീരിന്റെ വേദനകള്‍ മനസ്സിലാക്കുന്നതിലുള്ള അജ്ഞതയും പ്രശ്‌നപരിഹാരത്തിനുള്ള അവരുടെ അവബോധത്തെ ദുര്‍ബലമാക്കുന്നു. കൂടാതെ ജെഎന്‍യുവിലെയും ഹൈദരാബാദിലെയും വിദ്യാര്‍ഥി പ്രക്ഷോഭങ്ങള്‍, യുവാക്കളുടെ പാര്‍ട്ടി എന്ന അവരുടെ അവകാശവാദത്തിന് ആഘാതമേല്‍പിക്കുകയും ചെയ്തു.
നീതി, കാര്യക്ഷമത തുടങ്ങിയ അവരുടെ അവകാശവാദങ്ങള്‍ പൊള്ളയാണെന്നു മനസ്സിലായിത്തുടങ്ങുന്ന ഘട്ടത്തില്‍ ദേശീയതയുടെ പടഹധ്വനി മാത്രമാണ് അവരുടെ തുറുപ്പുചീട്ട്. ഭൂരിപക്ഷ മേല്‍ക്കോയ്മയുടെയും ദേശീയതയുടെ ഈ കൗതുകദൃശ്യങ്ങളുടെയും സംയോജനത്തിലൂടെ അവര്‍ ഭിന്നസ്വരത്തെ ദേശവിരുദ്ധമാക്കുന്നു. ഈ വ്യാജസംയോജനം ഒന്നു മാത്രമാണ് അവര്‍ക്ക് ഒരുതരം ഐക്യബോധം നല്‍കുന്നത്.
ദീര്‍ഘദൃഷ്ടിയില്ലാത്തതും ആശയതലത്തില്‍ രണ്ടു തരം അത്യാഹിതങ്ങള്‍ വരുത്തിവയ്ക്കുന്നതുമാണ് ഇവരുടെ തന്ത്രം. ടാഗൂര്‍, ഗാന്ധി തുടങ്ങിയ അതികായര്‍ക്ക് ദേശീയതയെക്കുറിച്ച് ഉണ്ടായിരുന്ന ഒരുപാട് ആശങ്കകള്‍ മറച്ചുവച്ചുകൊണ്ട് ഒരു പ്രക്രിയയെന്ന നിലയിലുള്ള ദേശീയതയുടെ കരുത്തിനെ അവര്‍ നിഷ്ഫലമാക്കുന്നു. ഈ അതികായരുടെ ശബ്ദങ്ങളെ ചരിത്രത്തില്‍ നിന്നു തൂത്തുമാറ്റി തങ്ങളുടേതായ ദേശീയതയ്ക്ക് തരംതാണ ഒരു ഭാഷ്യം ചമയ്ക്കാന്‍ മെനക്കെടുന്നു. ഓരോ ഭിന്നസ്വരവും വിയോജിപ്പും ദേശദ്രോഹമെന്ന തകരപ്പാട്ടയിലടച്ച് പൊതുസമൂഹത്തിന്റെ സര്‍ഗാത്മകതയെ അവര്‍ തകര്‍ത്തെറിയുന്നു.
ദേശീയതയെയും ജനാധിപത്യത്തെയും നിലനിര്‍ത്തിപ്പോന്ന പ്രതിഷേധങ്ങളും വ്യത്യസ്ത അഭിപ്രായങ്ങളും ഇന്നു ശൂന്യമാക്കപ്പെട്ടിരിക്കുകയാണ്. ഈ പുത്തന്‍ ദേശീയത ചുരുളഴിയുന്നതിന് അനുസരിച്ച് അതിലെ നൈസര്‍ഗിക ദൃഢതയുടെ അഭാവം ഓരോരുത്തര്‍ക്കും ബോധ്യപ്പെട്ടുകൊണ്ടിരിക്കുന്നു. നിര്‍ബന്ധമായി അടിച്ചേല്‍പിക്കപ്പെട്ട ഒരു ഏകതയ്ക്കപ്പുറം സമുദായങ്ങളെക്കുറിച്ചുള്ള യാതൊരു അവബോധവും ഇല്ലാത്തതിനാല്‍, അവര്‍ക്ക് ഒരു വ്യക്തിയുടെ ഊതിവീര്‍പ്പിക്കപ്പെട്ട പ്രശസ്തിയെയും അയാളുടെ മേല്‍ ആരോപിതമായ വ്യക്തിപ്രഭാവത്തെയും കുറിച്ചുള്ള വ്യാജനിര്‍മിതമായ നേതൃത്വബോധത്തെ ആശ്രയിക്കേണ്ടിവരുന്നു. അല്ലെങ്കില്‍ വിവേചനരഹിതമായി സ്വീകരിച്ച സാങ്കേതികവിദ്യക്കു ചുറ്റും ഒരാധുനികത തേടുന്ന സാങ്കേതികവിദഗ്ധ ഭരണത്തെ ഒരു ഒഴികഴിവായി മാറ്റാന്‍ അവര്‍ നിര്‍ബന്ധിതരാണ്.
ദേശീയതയുടെ ശൂന്യമായ ഇത്തരം മുഠാളത്തം ആത്യന്തികമായി ജനാധിപത്യത്തിനു മേല്‍ പറക്കുന്ന ഫാഷിസമായി തരംതാഴും. സംവാദം അസാധ്യവും ചര്‍ച്ചകളും ഭിന്നാഭിപ്രായങ്ങളും അയഥാര്‍ഥമാവുകയും ചെയ്യും. ഹ്രസ്വകാല ജനപ്രിയത എന്തായിരുന്നാലും ഇതല്ല നെഹ്‌റുവും ഗാന്ധിയും പട്ടേലും സ്വപ്‌നം കണ്ട ലോകമെന്നു വ്യക്തമായിക്കൊണ്ടിരിക്കുകയാണ്. ഒരു ജീവിതരീതിയായി മാറുന്നതിലുപരി, ആത്യന്തികമായി പാശ്ചാത്യരെയോ ചൈനയെയോ വെല്ലുവിളിക്കാനുള്ള സാംസ്‌കാരിക സര്‍ഗശക്തി ഭരണകൂടത്തിനു നഷ്ടമാകുന്ന അപകര്‍ഷബോധത്തിന്റെ ഒരു അടയാളമായി മാറുകയാണ് ഇന്നു ദേശീയത.
ദേശീയഗാനം ആലപിക്കല്‍ നിര്‍ബന്ധമാക്കിയിരിക്കുകയാണ് ഭരണകൂടം. ദേശീയതയെ ഒരുതരം പള്ളിയിലെ ഹാജരാക്കി മാറ്റിയിരിക്കുകയാണിവിടെ. ഒരു ജീവിതരീതിയാകേണ്ടുന്ന സംഗതിയെ കേവലം സൂക്ഷ്മപരിശോധനാ വ്യവസ്ഥയാക്കി മാറ്റി. ഈയൊരു പരിപ്രേക്ഷ്യം ചരിത്രത്തെക്കുറിച്ചുള്ള നിരക്ഷരതയും ഏതെങ്കിലും തരത്തിലുള്ള സാര്‍വജനീന ഭാവിക്കായുള്ള തയ്യാറെടുപ്പില്ലായ്മയുമാണ്. പതാകയുടെ ഐക്യത്തെ ഇവര്‍ നിയമാതീത ജനക്കൂട്ട ജാഗ്രതയുടെ ഏകാത്മകതയാക്കി മാറ്റുന്നു. ബഹുസ്വര രാഷ്ട്രത്തിന്റെ സൂക്ഷ്മത അല്ലെങ്കില്‍ വൈവിധ്യബോധം തങ്ങളുടെ കാഡറിനും ജനക്കൂട്ടത്തിനും ഇല്ലെന്നു മനസ്സിലാക്കുന്നതില്‍ അവര്‍ പരാജയപ്പെടുന്നു.
ചരിത്ര-ദേശസംബന്ധിയായ ബിജെപിയുടെ നിലവിലെ നിലപാട് ദേശീയതയുടെ ഇതിഹാസത്തിനു തുടക്കം കുറിക്കുന്നില്ല. മറിച്ച് അത് ബഹുസ്വര സങ്കല്‍പവും ജീവിതരീതിയുമായ ജനാധിപത്യത്തിനു ഭീഷണിയാകുന്ന രണോത്സുക ദേശീയതയുടെ ദുരന്തനാടകമാണ് അവര്‍ അവതരിപ്പിക്കുന്നത്. പാര്‍ട്ടിക്ക് ആശയശോഷണം സംഭവിക്കുമ്പോഴെല്ലാം സ്വയം വിക്ഷോഭിതമാകാനുള്ള ഒരു ഞരമ്പുവലിയാണ് ബിജെപിക്കിന്ന് ദേശീയത.

(സെന്റര്‍ ഫോര്‍ ദ സ്റ്റഡി ഓഫ് നോളജ് സിസ്റ്റംസ് ഡയറക്ടറും ജിന്‍ഡല്‍ ഗ്ലോബല്‍ ലോ സ്‌കൂളിലെ  പ്രഫസറുമാണ്
ലേഖകന്‍.)

(ദ ഹിന്ദു) പരിഭാഷ: ബെന്‍ മമ്മൂട്ടി

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss