|    Jun 20 Wed, 2018 12:01 am
FLASH NEWS

ചിട്ടിക്കമ്പനികള്‍ കവര്‍ന്നത് കോടികള്‍ ; നീതി ലഭിക്കാതെ ഇരകള്‍

Published : 5th August 2017 | Posted By: fsq

 

കാട്ടാക്കട: സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ കാട്ടാക്കട മേഖലയില്‍ ചിട്ടി തട്ടിപ്പിലൂടെ സാധാരണക്കാരില്‍ നിന്നും തട്ടിച്ചെടുത്തത് കോടികള്‍. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നടപടികളില്ലാത്തതിനെത്തുടര്‍ന്ന് ചിട്ടിയില്‍ ചേര്‍ന്നവരുടെ ജീവിതം വഴിമുട്ടി.  കാട്ടാക്കടയില്‍ മാത്രം ആപ്പിള്‍, അനന്ത ശില, അനന്ത ശ്രീ, ആദിത്യ, പൊന്നുസ്, വേണാട്, ഗ്രാമീണ ബാങ്ക് എന്നിങ്ങനെ നിരവധി സ്ഥാപനങ്ങളാണ് ജനങ്ങളെ കബളിപ്പിച്ചു കോടികളുമായി മുങ്ങിയത്. ഇവരില്‍ പ്രമുഖ ചിട്ടി കമ്പനി ആയിരുന്ന പൊന്നൂസ് ചിട്ടി ഫണ്ട് കാട്ടാക്കട ബ്രാഞ്ചില്‍ നിന്നും മാത്രം തട്ടിച്ചു മുങ്ങിപ്പോയത് രണ്ടു കോടിയിലധികം രൂപയാണ്. വര്‍ഷം രണ്ടു കഴിഞ്ഞിട്ടും ചിറ്റാളന്മാര്‍ക്കു അടച്ച തുക ലഭ്യമാക്കാനുള്ള നടപടികള്‍ എങ്ങുമെത്തിയില്ല. ഇതോടെ തട്ടിപ്പിനിരയായവരെ, മുഴുവന്‍ സംഘടിപ്പിച്ചു സര്‍ക്കാരിന് നിവേദനം സമര്‍പ്പിക്കാനും മാസ് പെറ്റിഷന്‍ തയ്യാറാക്കി കോടതിയെ സമീപിക്കാനുമുള്ള തയ്യാറെടുപ്പിലാണ് വഞ്ചിക്കപ്പെട്ടവര്‍. ഇവരില്‍ കാന്‍സര്‍ രോഗിയും, വിധവയും, ചെരുപ്പുകുത്തിയും, തട്ടുകടക്കാരനും, ചെറുകിട കച്ചവടം നടത്തുന്നവരും, ഡ്രൈവര്‍ ജോലി നോക്കുന്നവരും ഉള്‍പ്പടെയുള്ളവരുണ്ട്. പൊന്നൂസ് ചിറ്റടി കമ്പനിയെക്കുറിച്ച് പരാതി കൂമ്പാരമായതോടെ സ്ഥാപനങ്ങള്‍ റെയിഡ് ചെയ്യുകയും രേഖകള്‍ പിടിച്ചെടുക്കുകയും ഉടമകള്‍ ജയിലിലാകുകയും പിന്നീട് ജാമ്യത്തില്‍ പോവുകയും ചെയ്തു. പണം അടച്ചവര്‍ക്കു നാളിതുവരെ തുക ലഭ്യമാക്കാനുള്ള നടപടികള്‍ എല്ലാമിപ്പോള്‍ വിസ്മൃതിയിലായി. കെഎസ്എഫ്ഇ, സഹകരണ സംഘം മുതലായ പണമിടപാട് സ്ഥാപനങ്ങളില്‍  ചിട്ടിക്ക് ചേര്‍ന്ന് നറുക്ക് വീഴുമ്പോള്‍ തുക ലഭിക്കാനായി ആധാരമോ, സ്വര്‍ണമോ ആള്‍ ജാമ്യമോ നല്‍കേണ്ടി വരുന്ന സാഹചര്യം ഉള്ളതിനാല്‍ ചെക്കും മുദ്രപത്രവും നല്‍കിയാല്‍ മതി എന്നതും മൂന്നു മുതല്‍ ഏഴു മാസത്തെ തവണകള്‍ അടക്കുമ്പോള്‍ തുക നല്‍കും എന്ന കമ്പനി വാഗ്ദാനങ്ങളുമാണ് പൊതുജനങ്ങളെ സ്വകാര്യ ചിട്ടി കമ്പനികളിലേക്ക് ആകര്‍ഷിക്കപ്പെടുന്നത്. ഗ്രാമീണ മേഖലയിലെ ആളുകളെയാണ്് ഇത്തരം ചിട്ടി കമ്പനികള്‍ വലയിലാക്കിയത്. 50,000 മുതല്‍ രണ്ടു ലക്ഷത്തിന്റെയും അഞ്ചു ലക്ഷത്തിന്റെയും ചിട്ടികള്‍ വരെ ഇവര്‍ നടത്തിയിരുന്നു എന്നാണ് പറയുന്നത്. തുക നഷ്ട്ടപ്പെട്ടവരില്‍ അധികവും മുഴുവന്‍ തുകയും അടച്ച ശേഷം ചിട്ടി കാലാവധി കഴിയുമ്പോള്‍ വാങ്ങാന്‍ ഇരുന്നവരാണ്.ഒരു ലക്ഷം രൂപയുടെ ചിട്ടിക്ക് ചേരുന്ന ഒരാളെ 50,000 രൂപയുടെ രണ്ടു ചിട്ടിയില്‍ ചേര്‍ത്താണ് പൊന്നൂസ് ചിട്ടി നടത്തിയിരുന്നത്. കമ്പനി പൂട്ടി മുങ്ങിയതോടെ പൊതുജനങ്ങളുടെ ഭീഷണിക്കു വിധേയരായ കളക്ഷന്‍ എജന്റുമാരും ഉണ്ട്. ചിലര്‍ ചിറ്റാളന്മാര്‍ നല്‍കിയ പരാതികള്‍ക്കൊപ്പം കക്ഷിചേര്‍ന്നു പരാതി നല്‍കി. അതേസമയം പരാതിയും കേസും ജയില്‍ വാസവും കഴിഞ്ഞതോടെ കമ്പനി ഉടമകള്‍ തങ്ങളുടെ മറ്റു ബിസിനസുകളിലേക്കു പൂര്‍ണ്ണമായും കളം മറ്റി മറ്റു മേഖലകളിലേക്ക് പോയി. പണം നഷ്ടമായവര്‍ ഇന്നും പലവാതിലുകളും മുട്ടി കയറി ഇറങ്ങുകയാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss