|    Oct 17 Wed, 2018 3:22 pm
FLASH NEWS

ചിങ്ങത്തിലെ തുലാപ്പെയ്ത്ത്; കല്‍പ്പറ്റയില്‍ വെള്ളപ്പൊക്കം

Published : 6th September 2017 | Posted By: fsq

 

കല്‍പ്പറ്റ: തിരുവോണ നാളില്‍ തിമിര്‍ത്തുപെയ്ത മഴയില്‍ ടൗണില്‍ വ്യാപാരസ്ഥാപനങ്ങളിലുള്‍പ്പടെ വെള്ളം കയറി. റോഡില്‍ രൂപപ്പെട്ട വെള്ളക്കെട്ടിനാല്‍ ഏറെ നേരം ഗതാഗതവും തടസ്സപ്പെട്ടു. തിങ്കളാഴ്ച വൈകിട്ട് ഇടിമിന്നലോടുകൂടി പെയ്ത മഴയിലാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളം കയറിയത്. കാനറാ ബാങ്ക് പരിസരത്ത് മഴ വെള്ളം കുത്തിയൊഴുകി റോഡ് കാല്‍മുട്ടോളം വെള്ളത്തിനടിയിലായി. ഉഡുപ്പി ഹോട്ടല്‍, ഡീലക്‌സ് ഹോട്ടല്‍ തുടങ്ങി നിരവധി വ്യപാരസ്ഥാപനങ്ങളിലും വെള്ളം കയറി. വെള്ളം കയറിയതിനാല്‍ വ്യപാരസ്ഥാപനങ്ങള്‍ അടച്ചിടുകയായിരുന്നു. മുമ്പെങ്ങുമില്ലാത്ത വിധത്തിലാണ് റോഡേതെന്ന് വ്യക്തമാകാത്ത തരത്തില്‍ വെള്ളം കയറിയതെന്ന് വ്യപാരികള്‍ പറയുന്നു. ലിയോ ഹോസ്പിറ്റല്‍ പരിസരത്തെ ഡ്രൈനേജ് നിറഞ്ഞു കവിഞ്ഞ് വെള്ളം റോഡിലേക്കൊഴുകി. ഇതോടെ കാല്‍നടയാത്ര പോലും സാധ്യമല്ലാതായി. മഴ വെള്ളം ഒഴുക്കി കളയുന്നതിന് സംവിധാനമില്ലാത്തതാണ് റോഡില്‍ വെള്ളക്കെട്ട് രൂപപ്പെടാന്‍ കാരണമായത്. ഡ്രൈനേജുകളിലെ തടസ്സം നീക്കാറുണ്ടെങ്കിലും ഇത് കാര്യക്ഷമമല്ലെന്ന് ആക്ഷേപമുണ്ട്. ഗൂഢലായി മുതല്‍ പുതിയ സ്റ്റാന്റ് പരിസരം വരെ ഫുട്പാത്ത് പൂര്‍ണമായും തകര്‍ന്നിരിക്കുകയാണ്. മലിന ജലം കുത്തിയൊഴുകുന്ന ഡ്രൈനേജ് കവച്ചു വെച്ചു വേണം കാല്‍നടയാത്രക്കാര്‍ക്ക് സഞ്ചരിക്കാന്‍. ഇത് പലപ്പോഴും അപകടങ്ങള്‍ക്കും വഴി വെക്കുന്നു. ഫുട്പാത്തുകള്‍ നവീകരിക്കുമെന്ന പ്രഖ്യാപനങ്ങള്‍ നിരവധിയുണ്ടായെങ്കിലും നടപടികള്‍ കടലാസിലൊതുങ്ങുകയാണ്. ദേശീയ പാത അഥോറിറ്റിയും നഗരസഭയും പരസ്പരം പഴി ചാരി ഉത്തരവാദിത്തത്തില്‍ നിന്നും തലയൂരുകയാണെന്നാണ് ആക്ഷേപം. എച്ച്‌ഐഎം യുപി സ്‌കൂള്‍ പരിസരത്ത് ഫുട്പാത്ത് തകര്‍ന്ന് ഭീമന്‍ കുഴി തന്നെ രൂപപ്പെട്ടിട്ടുണ്ട്. ഇവിടെയുള്‍പ്പടെ ഡ്രൈനേജില്‍ മഴ വെള്ളവും വ്യപാരസ്ഥാപനങ്ങളില്‍ നിന്നും ഒഴുക്കി വിടുന്ന മലിനജലവും കെട്ടി നിന്ന് മഴ പെയ്യുമ്പോള്‍ പുറത്തേക്ക് കവിഞ്ഞൊഴുകുകയാണ്. നഗരത്തിലൂടെ തോടൊഴുകുന്നുണ്ടെങ്കിലും മഴ വെള്ളം തോട്ടിലേക്ക് ഒഴുക്കി വിടാന്‍ പോലും സംവിധാനമില്ല. തോടുകയ്യേറിയും പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റും നിക്ഷേപിച്ചും തോടുകളിലെ നീരൊഴുക്ക് പൂര്‍ണമായും നിലച്ചിരിക്കുകയാണ്. നേരത്തെ, തോടുകള്‍ നവീകരിക്കുന്നതിന് നഗസഭ പദ്ധതി തയ്യാറാക്കി നടപടികള്‍ ആരംഭിച്ചുവെങ്കിലും പാതിവഴിയില്‍ നിലക്കുകയായിരുന്നു. കാലങ്ങളായി മാലിന്യം പേറി നീരൊഴുക്ക് തടസ്സപ്പെട്ട തോടുകള്‍ വൃത്തിയാക്കാന്‍ പോലും നടപടി സ്വീകരിക്കാത്ത നഗരസഭ നഗരസൗന്ദര്യവല്‍കരണത്തിന് കോടികളുടെ പദ്ധതി തയ്യാറാക്കി വരികയാണ്. കനത്ത മഴയില്‍ മുട്ടില്‍ ബസ് സ്റ്റാന്റിലും വെള്ളം കയറി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss