|    Nov 23 Thu, 2017 11:07 am
FLASH NEWS

ചിക്കന്‍ സ്റ്റാളുകള്‍ക്ക് ലൈസന്‍സ് ഇല്ല; പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് വ്യാപാരികള്‍

Published : 29th November 2016 | Posted By: SMR

കണ്ണൂര്‍: ജില്ലയിലെ ചിക്കന്‍ സ്റ്റാളുകള്‍ പ്രവര്‍ത്തിക്കുന്നത് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ലൈസന്‍സ് ഇല്ലാതെയെന്ന് വിവരാവകാശ രേഖ. ഭക്ഷ്യസുരക്ഷാ നിയമപ്രകാരം കോഴികളെ അറുത്ത് വില്‍പന നടത്തണമെങ്കില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ലൈസന്‍സ് വേണം. എന്നാല്‍ കോഴികളെ ജീവനോടെ തൂക്കിവില്‍ക്കാനുള്ള അനുമതി മാത്രമേ മിക്ക സ്റ്റാളുകള്‍ക്കും ഉള്ളൂ. ജില്ലയില്‍ ആകെ 1820 ചിക്കന്‍ സ്റ്റാളുകളാണ് ഉള്ളത്. എന്നാല്‍ ഇവയില്‍ ഒന്നുപോലും ലൈസന്‍സിനായി ഭക്ഷ്യസുരക്ഷാ ഓഫിസില്‍ അപേക്ഷിച്ചിട്ടില്ല. മല്‍സ്യം, പച്ചക്കറി, പഴം വില്‍പനശാലകളില്‍നിന്ന് നിശ്ചിത അകലം പാലിക്കുക, ശീതീകരണ-ശുചീകരണ സംവിധാനം, ഒരു സ്റ്റാളില്‍നിന്ന് തന്നെ വ്യത്യസ്ത ജന്തുക്കളെ അറവു ചെയ്യുന്നുണ്ടെങ്കില്‍ ഓരോന്നിനെയും അറുക്കാന്‍ പ്രത്യേക സൗകര്യം, അറവുമാലിന്യ സംസ്‌കരണം തുടങ്ങിയ കര്‍ശന നിര്‍ദേശങ്ങള്‍ 2011ലെ ഭക്ഷ്യസുരക്ഷാ നിയമത്തിലുണ്ട്. ഒറ്റമുറിക്കകത്ത് പ്രവര്‍ത്തിക്കുന്ന ചിക്കന്‍ സ്റ്റാളുകള്‍ ജില്ലയില്‍ നിരവധിയാണ്.ഇവയില്‍ മിക്കതിനും വേണ്ടത്ര മാലിന്യസംസ്‌കരണ സംവിധാനമില്ല. ലൈസന്‍സുള്ള കടകളില്‍നിന്ന് മാത്രമേ ഹോട്ടലുകളിലേക്ക് മാംസം വാങ്ങാവൂ എന്നാണ് ചട്ടം. എന്നാല്‍ പലയിടത്തും പേരിനു മാത്രമാണു പരിശോധന. അതേസമയം, ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ എല്ലാ നിര്‍ദേശങ്ങളും അതേപടി പാലിക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്ന് ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. പ്രത്യേക ശീതീകരണ സംവിധാനം, മാലിന്യ സംസ്‌കരണ പ്ലാന്റ് തുടങ്ങിയ കര്‍ശന നിര്‍ദേശങ്ങള്‍ ഉടമകള്‍ക്ക് കൂടുതല്‍ സാമ്പത്തിക ബാധ്യത ഉണ്ടാക്കും. ഇതു ചെറുകിട കച്ചവടക്കാരെ പ്രയാസത്തിലാക്കുമെന്നും തൊഴില്‍തന്നെ ഉപേക്ഷിക്കേണ്ട അവസ്ഥ വരുമെന്നും ഇവര്‍ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക