|    Aug 24 Thu, 2017 2:38 am
FLASH NEWS
Home   >  National   >  

ചികില്‍സ നിഷേധിച്ചു; ചാപിള്ളയെ ചുമന്ന യുവതി അണുബാധയേറ്റ് മരിച്ചു

Published : 22nd September 2016 | Posted By: Navas Ali kn

 

A doctor putting money in his pocket isolated on white background

കോര്‍ബ: വയറ്റില്‍ മരിച്ച എട്ടുമാസം പ്രായമായ കുഞ്ഞുമായി ശസ്ത്രക്രിയക്കു പണമില്ലാതെ സ്വകാര്യ ആശുപത്രിയില്‍ കയറിയിറങ്ങിയ യുവതി അണുബാധമൂലം മരിച്ചു. ഛത്തീസ്ഗഡിലെ കോര്‍ബ ജില്ലയിലെ പോദിബഹര്‍ ഗ്രാമവാസിയായ ഗുലാബ്ദാസ് മഹന്തിന്റെ ഭാര്യ സരസ്വതി മഹന്താണ് സ്വകാര്യ ആശുപത്രിക്കാരുടെ പണക്കൊതിക്ക് ഇരയായത്. ശസ്ത്രക്രിയക്കായി നിരവധി ആശുപത്രികളെ സമീപിച്ചെങ്കിലും ഫീസടയ്ക്കാന്‍ പണമില്ലാത്തതിനാല്‍ അവരെ മടക്കി അയക്കുകയായിരുന്നു. അനുനിമിഷം കഠിന വേദന ഏറിവരുന്ന അവസ്ഥയില്‍ ആദ്യം സമീപിച്ച മൂന്നു സ്വകാര്യ ആശുപത്രികളും അവരെ കൈയൊഴിഞ്ഞു. ഒടുവില്‍ ജമുനാദേവി ആശുപത്രിയിലെത്തിയപ്പോള്‍ വയറ്റില്‍ നിന്നു ചാപിള്ളയെ നീക്കംചെയ്യുന്നതിന് 10,000 രൂപ ആവശ്യപ്പെട്ടുവെന്ന് ഗുലാബ്ദാസ് മഹന്ത് പറഞ്ഞു. പണം കൈവശമില്ലെന്നും പിന്നീടു സംഘടിപ്പിച്ചുനല്‍കാമെന്നും പറഞ്ഞെങ്കിലും ഡോക്ടര്‍മാര്‍ ചികില്‍സ നിര്‍ത്തിവയ്ക്കുകയായിരുന്നു. ഒടുവില്‍ സൃഷ്ടി മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ആശുപത്രിയിലെ ഡോക്ടര്‍ അടുത്തദിവസം ശസ്ത്രക്രിയ നടത്താമെന്നു സമ്മതിച്ചുവെങ്കിലും അതിനിടയില്‍ സരസ്വതി മരിച്ചിരുന്നു. സംഭവം പുറത്തായതോടെ ജില്ലാ കലക്ടര്‍ പി ധന്യാനന്ദ് അന്വേഷണത്തിനായി മൂന്നംഗ സമിതിയെ നിയോഗിച്ചു. കോര്‍ബ മെഡിക്കല്‍ ചീഫ് ഡോ. പി എസ് സിസോദിയ, ഹെല്‍ത്ത് ഓഫിസര്‍ ഡോ. ബി പി കുറെ, ജില്ലാ കുടുംബക്ഷേമവകുപ്പ് എന്നിവരാണു സംഭവം അന്വേഷിക്കുന്നത്. കുറ്റക്കാരാണെന്നു കണ്ടെത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടി കൈക്കൊള്ളണമെന്ന് കലക്ടര്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക