|    Oct 23 Mon, 2017 12:41 am
Home   >  Todays Paper  >  Page 4  >  

ചികില്‍സ നിഷേധിക്കപ്പെട്ട തമിഴ്‌നാട് സ്വദേശിയുടെ മരണം : നാല് ആശുപത്രികള്‍ക്കെതിരേ അന്വേഷണത്തിന് ഉത്തരവ്‌

Published : 8th August 2017 | Posted By: fsq

 

കൊല്ലം/തിരുവനന്തപുരം: ബൈക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ തമിഴ്‌നാട് സ്വദേശിക്ക് ചികില്‍സ നിഷേധിച്ച സംഭവത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഉള്‍പ്പെടെ നാല് ആശുപത്രികള്‍ക്കെതിരേ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. കൊല്ലം മെഡിസിറ്റി, മെഡിട്രീന, കൊട്ടിയം കിംസ് എന്നീ ആശുപത്രികള്‍ക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്. കൊല്ലം ജില്ലാ പോലിസ് മേധാവി അനേ്വഷണം നടത്തി മൂന്നാഴ്ചയ്ക്കകം റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അംഗം കെ മോഹന്‍കുമാര്‍ ഉത്തരവില്‍ ആവശ്യപ്പെട്ടു. മാധ്യമറിപോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഉത്തരവ്. ചികില്‍സ നല്‍കാത്ത സ്വകാര്യാശുപത്രികള്‍ ഏതൊക്കെയാണെന്ന് അനേ്വഷണ റിപോര്‍ട്ടില്‍ വ്യക്തമാക്കണമെന്നും ഉത്തരവില്‍ ആവശ്യപ്പെട്ടു. സ്വന്തം ചുമതലകള്‍ യഥാസമയം നിറവേറ്റാത്തവര്‍ക്കെതിരേ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. ഇത്തിക്കര വച്ച് വാഹനാപകടത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ തമിഴ്‌നാട് സ്വദേശി മുരുകനാണ്(37) ചികില്‍സിക്കാന്‍ തയ്യാറാവാതെ ആശുപത്രികള്‍ അവഗണിച്ചതിനെ ത്തുടര്‍ന്ന് ഏഴു മണിക്കൂറോളം ആംബുലന്‍സില്‍ കിടന്ന ശേഷം മരണത്തിന് കീഴടങ്ങിയത്.ഞായറാഴ്ച രാത്രി 11ന് ഇത്തിക്കര വച്ച് മുരുകനും സുഹൃത്തും സഞ്ചരിച്ച ബൈക്കില്‍ മറ്റൊരു സ്‌കൂട്ടര്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മുരുകനെ ട്രാക്ക് സന്നദ്ധ സംഘടനയുടെ ആംബുലന്‍സില്‍ നാട്ടുകാര്‍ കൊല്ലത്തെ മെഡിസിറ്റിയിലെത്തിച്ചു. എന്നാല്‍, വെന്റിലേറ്റര്‍ ഇല്ലെന്ന കാരണം പറഞ്ഞ് മുരുകനെ ആശുപതിയില്‍ പ്രവേശിപ്പിച്ചില്ല. മെഡിസിറ്റി ആശുപത്രിയില്‍ കൂടെ നില്‍ക്കാന്‍ ആളില്ലെന്ന കാരണം പറഞ്ഞ് നിരസിച്ചുവെന്നാണ് റിപോര്‍ട്ട്. ആംബുലന്‍സ് ജീവനക്കാര്‍ കൂടെ നില്‍ക്കാമെന്ന് അറിയിച്ചെങ്കിലും സമ്മതിച്ചില്ല. കൂട്ടിരിപ്പുകാരില്ലാതെ വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കില്ലെന്ന നിലപാടാണ് സ്വകാര്യ മെഡിക്കല്‍ കോളജുള്‍പ്പെടെയുള്ള ആശുപത്രികള്‍ സ്വീകരിച്ചത്. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും അവിടെനിന്നും വെന്റിലേറ്റര്‍ ഇല്ലെന്ന കാരണം പറഞ്ഞ് മടക്കി. തിരികെ വരുന്ന വഴി കൊട്ടിയം കിംസ് ആശുപത്രിയില്‍ എത്തിച്ച്് പ്രാഥമിക ചികില്‍സയ്ക്ക് ശേഷമാണ് ആംബുലന്‍സില്‍ കൊല്ലം മെഡിട്രീന ആശുപത്രിയില്‍ എത്തിച്ചത്.  ന്യൂറോ സര്‍ജന്‍ ഇല്ലെന്ന കാരണം പറഞ്ഞ് ഇവിടെയും പ്രവേശിപ്പിക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടു വരുന്ന വഴിയില്‍ മുരുകന്‍ മരണമടയുകയായിരുന്നു. കേസ് 31ന് തിരുവനന്തപുരത്ത് നടക്കുന്ന സിറ്റിങ്ങില്‍ പരിഗണിക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക