|    Mar 25 Sun, 2018 4:45 am
FLASH NEWS

ചികില്‍സ കിട്ടാതെ തമിഴ്‌നാട് സ്വദേശിയുടെ മരണം : ആശുപത്രികളിലെ സിസിടിവി ദൃശ്യങ്ങള്‍ പോലിസ് പരിശോധിച്ചു

Published : 9th August 2017 | Posted By: fsq

 

കൊല്ലം: വാഹനാപകടത്തില്‍ പരിക്കേറ്റ യുവാവ് ചികില്‍സ കിട്ടാതെ മരിച്ച സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചു. ഞായറാഴ്ച രാത്രിയില്‍ ദേശീയപാതയില്‍ ഇത്തിക്കരയിലുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ തമിഴ്‌നാട് സ്വദേശി മുരുകനാണ് ചികില്‍സ കിട്ടാതെ മരിച്ചത്. മുരുകനുമായി ആംബുലന്‍സ് എത്തിയ സമയത്തെ ആശുപത്രികളിലെ സിസിടിവി ദൃശ്യങ്ങള്‍ പോലിസ് പരിശോധിച്ചു. മേവറത്തെ മെഡിസിറ്റി മെഡിക്കല്‍ കോളജ്, മീയണ്ണൂര്‍ അസീസിയ മെഡിക്കല്‍ കോളജ്, അയത്തില്‍ മെഡിട്രീന ആശുപത്രി, പട്ടം എസ്‌യുടി ഹോസ്പിറ്റല്‍, തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി എന്നിവയ്‌ക്കെതിരെയാണ് ചാത്തന്നൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇന്ത്യന്‍ ശിക്ഷാനിയമം 304 (മനഃപൂര്‍വമല്ലാത്ത നരഹത്യ) പ്രകാരമാണ് കേസ്. സംസ്ഥാന മനുഷ്യാവകാശ കമ്മിഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്. ആശുപത്രികളിലെത്തിയ പോലിസ് സംഘം ഞായറാഴ്ച രാത്രിയിലുണ്ടായിരുന്ന ഡോക്ടര്‍മാര്‍ അടക്കമുള്ളവരുടെ വിവരങ്ങള്‍ ശേഖരിച്ചു. വെന്റിലേറ്റര്‍ സംവിധാനമുള്ള ആശുപത്രികളില്‍ അവിടെ ഉണ്ടായിരുന്ന രോഗികളുടെ വിവരങ്ങളും ശേഖരിച്ചു. പണം കിട്ടില്ല, കൂട്ടിരിപ്പുകാരനില്ല തുടങ്ങിയ കാരണങ്ങളാല്‍ ബോധപൂര്‍വം ചികില്‍സ നിഷേധിച്ചോയെന്ന് ഉറപ്പിക്കുന്നതിനുള്ള തെളിവുകളാണ് ശേഖരിക്കുന്നത്. നിലവില്‍ തെളിവുകള്‍ പൂര്‍ണമായും കണ്ടെത്തിയ ശേഷം കൂടുതല്‍ വകുപ്പുകള്‍ ചുമത്തുന്ന കാര്യം ആലോചിക്കുമെന്ന് അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന ചാത്തന്നൂര്‍ എസിപി ജവഹര്‍ ജനാര്‍ദ് പറഞ്ഞു. വെന്റിലേറ്ററില്ല, ന്യൂറോ സര്‍ജനില്ല, ബന്ധുക്കളില്ല തുടങ്ങിയ കാരണങ്ങള്‍ പറഞ്ഞാണ് കയറിയിറങ്ങിയ ഓരോ ആശുപത്രികളും നിരത്തിയത്. ഗുരുതരാവസ്ഥയിലായിരുന്ന മുരുകനുമായി ട്രാക്ക് എന്ന സംഘടനയുടെ പ്രവര്‍ത്തകര്‍ ഏഴര മണിക്കൂറാണ് ആംബുലന്‍സില്‍ സഞ്ചരിച്ചത്. പശുക്കളെ കറക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന മുരുകന്‍ വര്‍ഷങ്ങളായി കടയ്ക്കാവൂര്‍ കഠിനംകുളത്ത് വാടകയ്‌ക്കെടുത്ത വീട്ടിലാണ് താമസം. തിരുനല്‍വേലി രാധാപുരം തുറൈക്കുടി തുറുപ്പ് മിഡില്‍ സ്ട്രീറ്റിലാണ് വീട്.  മുരുകന്റെ ഭാര്യ മുരുകമ്മാള്‍, മകന്‍ ഗോകുല്‍, ഭാര്യാസഹോദരന്‍ കണ്ണന്‍, വാര്‍ഡംഗം മുത്തു എന്നിവരാണ് ഇന്നലെ ജില്ലാ ആശുപത്രിയിലെത്തി മൃതദേഹം ഏറ്റുവാങ്ങിയത്. ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മുരുകന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ഗ്രാമത്തിലെ ക്ഷേത്രോത്സവത്തിന് തിങ്കളാഴ്ച എത്തിച്ചേരുമെന്ന് ബന്ധുക്കളോട് മുരുകന്‍ അറിയിച്ചിരുന്നു. അപകടമുണ്ടായ ഞായറാഴ്ച രാത്രി ഒന്‍പത് മണിയോടെ ബന്ധുക്കളുമായി മുരുകന്‍ ഫോണില്‍ സംസാരിച്ചിരുന്നു. രണ്ടാഴ്ച മുമ്പാണ് കേരളത്തിലെത്തിയത്. ചികില്‍സ നിഷേധിച്ച ആശുപത്രികള്‍ നഷ്ടപരിഹാരം നല്‍കണമെന്ന് മുരുകന്റെ ബന്ധുക്കള്‍ ആവശ്യപ്പെട്ടു.

 

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss