|    Jan 22 Sun, 2017 11:50 pm
FLASH NEWS

ചികില്‍സാ പിഴവ്; കിടക്കയില്‍ ദിനങ്ങള്‍ തള്ളി നീക്കി യുവാവ്

Published : 4th January 2016 | Posted By: SMR

പാരിപ്പള്ളി:കൂട്ടുകാരോടൊപ്പം ആര്‍ത്തുല്ലസിച്ചും വോളീബാള്‍ കളിച്ചും പുരസ്‌കാരങ്ങള്‍ നേടിയ യുവാവ് ഇരുകൈകളും കാലുകളും നഷ്ടപ്പെട്ട് കാഴ്ചക്കാരനായി മാറിയത് വിശ്വസിക്കാനാവാതെ തരിച്ചിരിക്കുകയാണ് പാരിപ്പള്ളി മുള്ളുകാട് തെറ്റിക്കുഴി വാസികള്‍. തെറ്റിക്കുഴി മുള്ളുകാട്ടില്‍ വീട്ടില്‍ നിതിന്‍ഷ(23) ആണ് മരവിച്ച മനസും ശരീരവുമായി ഒന്നനങ്ങാന്‍ പോലുമാവാതെ ദിനരാത്രങ്ങള്‍ തള്ളിനീക്കുന്നത്. ദുബായില്‍ അല്‍സഫര്‍ജനറല്‍ കോണ്‍ട്രാക്ടിങ് കമ്പനിയിലെ െ്രെഡവറായ പിതാവിനൊപ്പമാണ് കഴിഞ്ഞ ജൂലായില്‍ അതേ കമ്പനിയില്‍ പ്ലംബറായി നിതിന്‍ഷായും ജേഷ്ഠന്‍ ജിതിന്‍ഷായും യാത്രയാവുന്നത്.

ഒരു മാസം കഴിഞ്ഞ് നിസാര പനിയുമായി ദുബായിലെ റാഷിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണ് ഒരു കുടുംബം തകര്‍ന്നടിഞ്ഞ സംഭവങ്ങള്‍ അരങ്ങേറിയത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അഞ്ചാംനാള്‍ മകന്‍ മരിച്ചെന്ന വാര്‍ത്തയാണ് പുറത്ത് വന്നത്. പിന്നീട് ചെറിയ ചലനമുണ്ടെന്നറിയിച്ചു. ഇതിനിടെ ചികില്‍സാ പിഴവ് മൂലം കൈകാലുകള്‍ പഴുത്ത്‌പൊട്ടി വ്രണമായി മാറിയതോടെ ആശുപത്രി അധികൃതര്‍ കൈയൊഴിഞ്ഞു. ഇക്കാര്യങ്ങള്‍ നിരവധി തവണ ഇന്ത്യന്‍ എംബസി അധികൃതരെ അറിയിച്ചെങ്കിലും യാതൊരു സഹായവും ലഭിച്ചില്ലെന്ന് പിതാവ് ശശിധരന്‍ വിങ്ങലോടെ പറഞ്ഞു. തുടര്‍ന്ന് വിമാനകമ്പനി അധികൃതരുടെ കാലുപിടിച്ച് പഴുത്ത് പൊട്ടിയ ശരീരം പഞ്ഞി കൊണ്ട് മറച്ച് വിമാനത്തില്‍ കിടത്തിയാണ് യുവാവിനെ നാട്ടിലെത്തിച്ച് എറണാകുളം അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അമിത അളവില്‍ മരുന്ന് കുത്തിവച്ചതിനാലാണ് കൈകാലുകള്‍ പഴുത്ത്‌പൊട്ടി രക്തയോട്ടം നിലച്ച് കരിഞ്ഞ നിലയിലായതെന്ന് അമൃതയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. പിന്നീടാണ് ഇരുകൈകളും കാലുകളും നീക്കം ചെയ്തത്. ഉള്ളതെല്ലാം വിറ്റ് പെറുക്കി വിദേശത്ത് ഇരുപത് ലക്ഷത്തോളം അടച്ചാണ് മകനെ നാട്ടിലെത്തിച്ചതെന്നും അമൃത ആശുപത്രിയിലും സമാന തുകചെലവായെന്നും മാതാവ് ലതിക പറഞ്ഞു. അപകടത്തില്‍ മരിച്ചവരുടെ കൈകള്‍ വച്ച് പിടിപ്പിക്കാമെന്നും കൃത്രിമക്കാലുകള്‍ നല്‍കാമെന്നും അമൃതയിലെ ഡോക്ടര്‍മാര്‍ വാഗ്ദാനം നല്കിയിട്ടുണ്ട്. എന്നാല്‍ ലക്ഷങ്ങളാണ് ഒരുകാലിന്റെ വില. കൂടാതെ കൈമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്കുള്ള ചെലവ് വേറെയും. എംഎല്‍എ, എംപി ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളില്‍ നിന്നോ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നോ ഇവര്‍ക്ക് സഹായം ലഭിച്ചിട്ടില്ല. ഇതിനിടെ കരിമ്പാലൂര്‍ ബ്രദേഴ്‌സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍സ്ട് ക്ലബ്ഭാരവാഹികള്‍ ഫേസ്ബുക്ക് കൂട്ടായ്മയിലൂടെ സ്വരൂപിച്ച 90,000 രൂപ ഇന്നലെ ക്ലബ് രക്ഷാധികാരിയും ഗാന്ധിപീസ് പുര്‌സകാരജേതാവുമായ ബി പ്രേമാനന്ദന്‍ വീട്ടിലെത്തി കൈമാറി. ക്ലബ് പ്രസിഡന്റ് ബിജുകുമാര്‍, സെക്രട്ടറി വിനു, പഞ്ചായത്ത് യൂത്ത്‌കോഡിനേറ്റര്‍ ബിജു,ധനേഷ്, അനീഷ്, അഖില്‍, വിഷ്ണു എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 76 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക