|    Oct 20 Sat, 2018 3:46 am
FLASH NEWS
Home   >  Kerala   >  

ചികില്‍സാ പിഴവിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ രോഗി മരിച്ചു

Published : 26th January 2017 | Posted By: G.A.G

noushad-meditrina
കൊല്ലം: അയത്തില്‍ മെഡിട്രീന ആശുപത്രിയില്‍ ചികില്‍സയ്ക്ക് ഭീമമായ തുക ആവശ്യപ്പെട്ട് പരിചരണം നിഷേധിച്ചതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായിരുന്ന രോഗി മരിച്ചു. തേജസ് ഏജന്റും ചന്ദനത്തോപ്പ്, കൊറ്റങ്കര, എസ്എസ്ബി മന്‍സിലില്‍ മുഹമ്മദ് കുഞ്ഞ് മുസ്്‌ല്യാരുടെ മകനുമായ നൗഷാദാ(43)ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് ആറോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് മരണം സംഭവിച്ചത്.
തിങ്കളാഴ്ച വൈകീട്ട് മേക്കോണ്‍ ആലുംമൂടില്‍ വച്ചാണ് മരംവെട്ട് ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന നൗഷാദ് മരത്തില്‍ നിന്നും വീണത്. ഒപ്പമുണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ ഇദ്ദേഹത്തെ അയത്തില്‍ മെഡിട്രീന ആശുപത്രിയിലെത്തിച്ചു. വിവരം അറിഞ്ഞ് ബന്ധുക്കള്‍ എത്തിയപ്പോള്‍ അടിയന്തര ശസ്ത്രക്രിയ ആവശ്യമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. വിദഗ്ധ ചികില്‍സയ്ക്ക് മറ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോകണമോയെന്ന ബന്ധുക്കള്‍ നിരന്തരം ചോദിച്ചെങ്കിലും ആശുപത്രി അധികൃതര്‍ ഇതിന് അനുവാദം നല്‍കിയില്ല.
ശസ്ത്രക്രിയ്ക്കുള്ള സജ്ജീകരണങ്ങളെല്ലാം ആശുപത്രിയില്‍ തന്നെ ഉണ്ടെന്ന് ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഉറപ്പുനല്‍കി.വാരിയെല്ല്് പൊട്ടിയതിനെ തുടര്‍ന്ന് ശ്വാസ കോശത്തിന് ചെറിയ മുറിവുണ്ടായിട്ടുള്ളതായും താടിയെല്ലിനും കരളിനും മുറിവുള്ളതായും മാത്രമാണ് മെഡിട്രീന ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നത്. ഇതനുസരിച്ച് ശസ്ത്രക്രിയ നടത്തിയിരുന്നെങ്കിലും രോഗിയ്ക്ക് യാതൊരു മാറ്റവും ഉണ്ടായിരുന്നില്ല.
മെഡിക്കല്‍ റിപോര്‍ട്ടുമായി നൗഷാദിന്റെ സുഹൃത്തുക്കള്‍ മറ്റൊരു ആശുപത്രിയുമായി ബന്ധപ്പെട്ടപ്പോള്‍ കരള്‍ മുറിച്ചുമാറ്റേണ്ട സ്ഥിതിയാണുള്ളതെന്ന് അറിയിച്ചു. ഇതേ തുടര്‍ന്ന് വിദഗ്ദ ചികില്‍സയ്ക്ക് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ടപ്പോള്‍ രണ്ട് ലക്ഷത്തോളം രൂപ അടച്ചാല്‍ മാത്രമെ രോഗിയെ വിട്ടുനല്‍കുകയുള്ളൂവെന്ന് മെഡിട്രീന അധികൃതര്‍ അറിയിച്ചു.
തുക നല്‍കാന്‍ നിര്‍ധന കുടുംബത്തിന് കഴിയാതെ വന്നതോടെ രോഗിയെ വിട്ടുനല്‍കാന്‍ കഴിയില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇതേ തുടര്‍ന്ന് പൊതുപ്രവര്‍ത്തകരും മേക്കോണ്‍ ജമാഅത്ത് ഭാരവാഹികളും ആശുപത്രി അധികൃതരുമായി ചര്‍ച്ച നടത്തുകയും 92,000 രൂപ നല്‍കാമെന്ന് സമ്മതിക്കുകയും ചെയ്തു. ഈ തുക സുഹൃത്തുക്കളും നാട്ടുകാരും പിരിവെടുത്ത് ആശുപത്രിയില്‍ അടയ്ക്കുകയും ചെയ്തു.  മറ്റൊരു ആശുപത്രിയുടെ ആംബുലന്‍സ് രോഗിയെ കൊണ്ടുപോകുന്നതിനെത്തിയപ്പോള്‍ 60000 രൂപ കൂടി നല്‍കിയാല്‍ മാത്രമെ രോഗിയെ വിട്ടുനല്‍കുകയുള്ളുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇതോടെ ആശുപത്രിയില്‍ വാക്കേറ്റമായി. ഒന്നര മണിക്കൂറോളം രോഗിയ്ക്ക് യാതൊരു പരിചരണവും നല്‍കാതിരുന്നതിനാല്‍ നില അതീവ ഗുരുതരമായിരുന്നു. തുടര്‍ന്ന് പ്രതിഷേധം ശക്തമായപ്പോഴാണ് രോഗിയെ വിട്ടുനല്‍കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായത്.
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ ഹൃദയത്തിനും വൃക്കയ്ക്കും ക്ഷതം സംഭവിച്ചതായി കണ്ടെത്തി. തലയ്ക്കും മുറിവുണ്ടായിരുന്നു. ഇതൊന്നും മെഡിട്രീനയിലെ പരിശോധനയില്‍ കണ്ടെത്തിയതുമില്ല, ചികില്‍സയും നടത്തിയിരുന്നില്ല. വൃക്ക തകരാറിലായതിനെ തുടര്‍ന്ന് ഇന്നലെ ഇദ്ദേഹത്തെ ഡയാലിസിസിന് വിധേയമാക്കി. ശരിയായ സമയത്ത് ചികില്‍സ ലഭിക്കാതിരുന്നതാണ് നൗഷാദിന്റെ മരണത്തിലേക്ക് നയിച്ചതെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലുള്ള മൃതദേഹം ഇന്ന് മേക്കോണ്‍ ജുംആ മസ്ജിദില്‍ ഖബറടക്കും. നൗഫിയ, നൗഫല്‍ എന്നിവരാണ് മരിച്ച നൗഷാദിന്റെ മക്കള്‍. പോപുലര്‍ ഫ്രണ്ട് മേക്കോണ്‍ യൂനിറ്റ് സെക്രട്ടറിയാണ് മരിച്ച നൗഷാദ്.
അതേസമയം, മെഡിട്രീന ആശുപത്രിക്കെതിരേ പോലിസ് കേസെടുക്കണമെന്നാവശ്യപ്പെട്ട് ജനകീയ പ്രതിരോധ വേദിയുടെ നേതൃത്വത്തില്‍ ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss