|    Jan 17 Tue, 2017 10:25 am
FLASH NEWS

ചികില്‍സയ്ക്കും ഭക്ഷണത്തിനും വഴിയില്ല; ആദിവാസി യുവാവും കുടുംബവും ദുരിതത്തില്‍

Published : 10th July 2016 | Posted By: SMR

മാനന്തവാടി: ചികില്‍സയ്ക്കും ഭക്ഷണത്തിനും വഴി കണ്ടെത്താനാവാതെ ആദിവാസി യുവാവും കുടുംബവും ദുരിതത്തില്‍. വെള്ളമുണ്ട പഞ്ചായത്തിലെ തരുവണ വില്ലേജ്കുന്ന് പണിയ കോളനിയിലെ ബാബു(40)വും കുടുംബവുമാണ് ദുരിതത്തിലായിരിക്കുന്നത്. നാലു വര്‍ഷം മുമ്പാണ് കുടുംബത്തിന്റെ അത്താണിയായിരുന്ന ബാബുവിന് അജ്ഞാതരോഗം പിടിപെട്ടത്.
തുടക്കത്തില്‍ വായില്‍ നിറയെ പുണ്ണ് പിടിപെടുകയും ഇതിനു ചികില്‍സ തേടുകയും ചെയ്തു. എന്നാല്‍, പിന്നീട് ശരീരം തളര്‍ന്ന് എഴുന്നേല്‍ക്കാന്‍ പോലും കഴിയാതെയുമായി. രക്തക്കുറവാണ് രോഗകാരണമെന്നു ഡോക്ടര്‍മാര്‍ പറഞ്ഞതിനെ തുടര്‍ന്ന് 12 ദിവസത്തോളം ജില്ലാ ആശുപത്രിയില്‍ കഴിഞ്ഞെങ്കിലും തളര്‍ച്ച മാറിയില്ല. രണ്ടു വര്‍ഷം മുമ്പ് കാല്‍മുട്ടിന്റെയും പൊക്കിളിന്റെയും ഇടയിലായി നിറയെ വ്രണങ്ങള്‍ പ്രത്യക്ഷപ്പെടുകയും വിണ്ടുകീറുകയും ചെയ്തു. ഇതേത്തുടര്‍ന്ന് ആയുര്‍വേദ ചികില്‍സ തേടിയെങ്കിലും പൂര്‍ണമായി ഭേദമായില്ല. ഇപ്പോഴും വ്രണങ്ങള്‍ ശരീരത്തില്‍ പടര്‍ന്നുകൊണ്ടിരിക്കുകയാണ്. കാല്‍പ്പാദങ്ങള്‍ നിലത്തുവയ്ക്കാന്‍ കഴിയുന്നില്ല. ബാബുവിന് അസുഖം പിടിപ്പെട്ടതോടെ ഭാര്യ ശാന്ത കൂലിപ്പണിക്കു പോയി കിട്ടുന്ന തുച്ഛമായ വരുമാനം മാത്രമാണുള്ളത്. മൂത്ത മകള്‍ ശ്രീജ ആറാം ക്ലാസില്‍ പഠനം ഉപേക്ഷിച്ചു.
അച്ഛന്‍ വെളുക്കന്‍ വാര്‍ധക്യം കാരണം ജോലിക്ക് പോവാന്‍ കഴിയാത്തതിനാല്‍ ബാബുവിനെ ആശ്രയിച്ചായിരുന്നു കഴിഞ്ഞിരുന്നത്. ബാബുവിന് അസുഖം വന്നതോടെ കുടുംബം അര്‍ധ പട്ടിണിയിലാണ്. നാട്ടുകാരില്‍ ചിലര്‍ നല്‍കിയ സഹായമൊഴിച്ചാല്‍ പട്ടികവര്‍ഗ വകുപ്പ് കുടുംബത്തെ ഇതുവരെ തിരിഞ്ഞുനോക്കിയിട്ടില്ല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 23 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക