|    Mar 23 Fri, 2018 5:00 am

ചികില്‍സയ്ക്കിടെ പിഞ്ചുകുഞ്ഞിന്റെ മരണം; നീതിതേടി ദലിത്കുടുംബം സെക്രേട്ടറിയറ്റിനു മുന്നില്‍ സമരത്തില്‍

Published : 18th October 2016 | Posted By: Abbasali tf

തിരുവനന്തപുരം: നാലുമാസം പ്രായമായ കുഞ്ഞ് ചികില്‍സയ്ക്കിടയില്‍ മരിച്ച സംഭവത്തില്‍ കുറ്റക്കാരായ ആശുപത്രി അധികൃതര്‍ക്കെതിരെയും ഡോക്ടര്‍മാര്‍ക്കെതിരേയും നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ദലിത് കുടുംബം സെക്രട്ടറിയേറ്റ് നടയില്‍ നടത്തുന്ന സമരം 28ാം ദിവസത്തിലേക്ക്. സംഭവത്തില്‍ യുവജന കമ്മീഷന്‍ നേരിട്ടെത്തി പരാതി ഫയലില്‍ സ്വീകരിച്ചിരുന്നു. പരാതിയില്‍ ആശുപത്രി അധികൃതര്‍ കുറ്റക്കാരനാണെന്ന് തെളിയുകയും ചെയ്തിരുന്നു. എന്നാല്‍ ഇവര്‍ക്കെതിരെ ഇതുവരെ സര്‍ക്കാര്‍ നടപടിയൊന്നും എടുത്തിട്ടില്ല. മാറനല്ലൂര്‍ കോട്ടമുകള്‍ വിലങ്കത്തറ കിഴക്കുംകര വീട്ടില്‍ ദളിത് വിഭാഗത്തില്‍പ്പെട്ട കൂലിപ്പണിക്കാരനായ സുരേഷ്ബാബു രമ്യ ദമ്പതികളുടെ മകള്‍ രുദ്രയാണ് ചികി ല്‍സാ പിഴവിനെത്തുടര്‍ന്ന് ജൂലൈ 10ന് മരിച്ചത്. കുഞ്ഞിന്റെ ശരീരത്തിനുപിന്നില്‍ ചുവപ്പുകണ്ട് തിരുനന്തപുരം എസ്എടി ആശുപത്രിയി ല്‍ ചികില്‍സ തേടിയിരുന്നു. ഡോക്ടറുടെ നിര്‍ദേശമനുസരിച്ച് മെഡിക്കല്‍ കോളജ് ത്വക്ക് രോഗവിഭാഗത്തില്‍ ചികില്‍സതേടി. അവിടെനിന്ന് കുഞ്ഞിനു ചില മരുന്നുകള്‍ നല്‍കി. ഇതുപയോഗിച്ചപ്പോള്‍ കുഞ്ഞിന്റെ തൊലി പൊളിഞ്ഞിളകാന്‍ തുടങ്ങി. തുടര്‍ന്ന് ജൂണ്‍ 28ന് കുഞ്ഞിനെ എസ്എടിയില്‍ പ്രവേശിപ്പിച്ചതായി മാതാപിതാക്കള്‍ പറയുന്നു. പിന്നീടു പല മരുന്നുകളും നല്‍കിയെങ്കിലും മരുന്നുമൂലമുണ്ടായ പ്രശ്നം കൂടുകയായിരുന്നു. രോഗാവസ്ഥ മൂര്‍ച്ഛിച്ച് ജൂലൈ 10ന് കുഞ്ഞു മരിച്ചപ്പോള്‍ ഡോക്ടര്‍മാര്‍ മരണകാരണമായി പറഞ്ഞത് കുഞ്ഞിനു വൃക്ക രോഗമായിരുന്നു എന്നാണെന്ന് രമ്യയും സുരേഷും പറയുന്നു. ത്വക്ക് രോഗത്തിനു പുരട്ടാന്‍ കൊടുക്കുന്ന വീര്യം കൂടിയ മരുന്നാണ് കുഞ്ഞിന് കൊടുത്തത്. ഇതു പുരട്ടി നല്‍കിയതാണ് രോഗം മൂര്‍ച്ചിക്കാന്‍ കാരണമെന്നാണ് നിഗമനം. വെന്റിലേറ്ററില്‍ കിടക്കുന്ന കുഞ്ഞ് ഛര്‍ദ്ദിച്ച് അവശയായപ്പോഴും ഡോക്ടര്‍മാര്‍ തിരിഞ്ഞുനോക്കിയില്ലെന്നും പരാതിയുണ്ട്. ജൂനിയര്‍ ഡോക്ടര്‍മാരുടെ പരീക്ഷണ വസ്തുവാകാന്‍ തന്റെ കുഞ്ഞിന്റെ ജീവന്‍ കൊടുക്കേണ്ടിവന്നെന്നും ഈ ദമ്പതികള്‍ പറയുന്നു. സംഭവം വിവാദമായതോടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്തു. മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിഭാഗം മേധാവി ഡോ. ശശികലയുടെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരുടെ സംഘമാണ് പോസ്റ്റ്‌മോര്‍ട്ടത്തിന് നേതൃത്വം നല്‍കിയത്. കുഞ്ഞിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ മരണകാരണമായി പറയുന്നത് ന്യുമോണിയയെന്നാണ്. എന്നാല്‍ രുദ്ര മരണമടഞ്ഞത് ചികില്‍സാ പിഴവുമൂലമല്ലെന്ന് മെഡിക്കല്‍ കോളജ് എസ്എടി ആശുപത്രി സൂപ്രണ്ടുമാരുടെ വാദം. ഗുരുതരമായ പോഷകാഹാര കുറവുമൂലം കുട്ടികള്‍ക്കുണ്ടാവുന്ന സിവിയര്‍ അക്യൂട്ട് മാല്‍ ന്യൂട്രീഷന്‍ എന്ന അസുഖം കാരണമാണ് രുദ്ര മരിച്ചതെന്നും അസുഖത്തിന് സാധ്യമായ എല്ലാ ചികില്‍സകളും ഈ കുട്ടിക്ക് നല്‍കിയിരുന്നെന്നും ഡോക്ടര്‍മാര്‍ അവകാശപ്പെടുന്നു. മുഖ്യമന്ത്രിയേയും ആരോഗ്യവകുപ്പുമന്ത്രിയേയും പലവട്ടം കാണാന്‍ ശ്രമിച്ചെങ്കിലും ഇവര്‍ക്ക് പ്രവേശനം നിഷേധിക്കുകയായിരുന്നു. വിഷയം നിയസഭയില്‍ അവതരിപ്പിക്കാമെന്ന് എംഎല്‍എമാര്‍ വന്നുപറഞ്ഞതല്ലാതെ മറ്റു ഇടപെടലൊന്നും ജനപ്രതിനികളുടെ ഭാഗത്തുനിന്നും ഉണ്ടായില്ല.  പരാതി കൊടുക്കാന്‍ ഇനിയൊരിടവുമില്ല. അക്രമണകാരിയായ നായയെ കല്ലെറിഞ്ഞാല്‍ അകത്താവുന്ന നാട്ടില്‍ ഒരു പിഞ്ചുകുഞ്ഞിന്റെ ജീവന്‍ അപായപ്പടുത്തിയവര്‍ക്കെതിരെ ഒരു ശിക്ഷാ നടപടിയുമെടുക്കാന്‍ അധികൃതര്‍ക്കാവുന്നില്ലെന്ന മനോവിഷമത്തിലാണ് ഈ ദലിത് കുടുംബം. നീതി ലഭിക്കും വരെ ഭരണസിരാകേന്ദ്രത്തിനു മുന്നില്‍ സമരം തുടരുമെന്നു സുരേഷ്ബാബു പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss