|    Dec 11 Tue, 2018 2:35 pm
FLASH NEWS

ചാവക്കാട്ട് നഗരങ്ങളും ഗ്രാമങ്ങളും ഒറ്റപ്പെട്ടുതന്നെ

Published : 20th August 2018 | Posted By: kasim kzm

ചാവക്കാട്: തുടര്‍ച്ചയായി പെയ്ത മഴക്ക് നേരീയ ശമനമുണ്ടായെങ്കിലും മേഖലയില്‍ നഗരങ്ങളും ഗ്രാമങ്ങളും ഒറ്റപ്പെട്ടു തന്നെ കഴിയുന്നു. നൂറുകണക്കിനു വീടുകള്‍ ഇപ്പോഴും വെള്ളം കയറിയ നിലയില്‍ തന്നേയാണ്. താലൂക്കില്‍ 17 വീടുകള്‍ പൂര്‍ണമായും 34 വീടുകള്‍ ഭാഗികമായും തകര്‍ന്നു. ആയിരക്കണക്കിനു കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു.
താലൂക്കില്‍ 117 ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. ഗുരുവായൂര്‍ നിയോജകമണ്ഡലത്തില്‍ 57 ക്യാംപുകളിലായി 2947 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. 10,768 അംഗങ്ങളാണ് നിയോജകമണ്ഡലത്തിലെ ക്യാംപുകളില്‍ കഴിയുന്നത്. ഏനാമാവ് റോഡ്, കുന്നംകുളം-ഗുരുവായൂര്‍ റോഡുകളില്‍ ഗതാഗതം തടസപ്പെട്ടു. പല പ്രദേശങ്ങളിലേക്കും ബസ് ഓട്ടം നിര്‍ത്തിവച്ചു. ചേറ്റുവ പുഴയും കനോലി കനാലും മത്തിക്കായലും കരകവിഞ്ഞൊഴുകുന്നത് ആയിരക്കണക്കിനു കുടുംബങ്ങളെ ആശങ്കയിലാക്കി.
ചാവക്കാട് ടൗണ്‍, പുന്ന, തെക്കഞ്ചേരി, പാലയൂര്‍, പഞ്ചാരമുക്ക്, ഇരട്ടപ്പുഴ, സൂനാമി കോളനി, മാട്ടുമ്മല്‍, വട്ടേക്കാട്, കറുകമാട്, മുനക്കക്കടവ്, തിരുവത്ര, കിറാമന്‍കുന്ന്, മണത്തല പള്ളിത്താഴം, എടക്കഴിയൂര്‍, ഒരുമനയൂര്‍, മുത്തമ്മാവ്, ബ്ലാങ്ങാട്, അനു ഗ്യാസ് റോഡ്, ഓവുങ്ങല്‍, മുതുവട്ടൂര്‍ എന്നിവിടങ്ങളില്‍ രൂക്ഷമായ വെള്ളക്കെട്ടാണ്. ടൗണിലെ കടകളിലേക്കു വെള്ളം കയറി സാധനങ്ങളെല്ലാം നശിച്ചിട്ടുണ്ട്.
പല കടകളില്‍നിന്നും സാധനസാമഗ്രികള്‍ മാറ്റുന്നുണ്ട്. പലയിടത്തും ജനങ്ങള്‍ക്കു വീട്ടില്‍നിന്നു പുറത്തിറങ്ങാനാകാത്ത അവസ്ഥയാണ്. വെള്ളത്താല്‍ ചുറ്റപ്പെട്ടു വാഹനഗതാഗതവും സാധ്യമല്ല. റോഡുകള്‍ പലതും വിജനമാണ്.
വ്യാപാര സ്ഥാപനങ്ങള്‍ പലതും തുറന്നിട്ടില്ല. സര്‍ക്കാര്‍ ഓഫിസുകളിലും ഹാജര്‍ നില കുറവാണ്. സ്വകാര്യ ആശുപത്രികള്‍ ഉള്‍പ്പെടെ പലയിടത്തും ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും എത്താന്‍ കഴിയാത്തതിനാല്‍ പ്രവര്‍ത്തനം അവതാളത്തിലാണ്. അതേസമയം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിനായി ചാവക്കാട്ടുനിന്ന് അമ്പതോളം മല്‍സ്യത്തൊഴിലാളികള്‍ അവരുടെ 15 വള്ളങ്ങളുമായി യാത്ര തിരിച്ചു.
ബ്ലാങ്ങാട്, കുമാരന്‍പടി, തൊട്ടാപ്പ്, മുനക്കകടവ്് എന്നിവിടങ്ങളില്‍നിന്നുള്ള മല്‍സ്യത്തൊഴിലാളികള്‍ ഇവരുടെ വള്ളങ്ങളുമായാണ് രക്ഷാപ്രവര്‍ത്തനത്തിനായി പുറപ്പെട്ടത്. തൃശൂര്‍, ചാലക്കുടി, വടക്കാഞ്ചേരി, കുന്നംകുളം, പാവറട്ടി മേഖലകളിലാണ് രക്ഷാപ്രവര്‍ത്തനം നടത്തുക. എന്‍ജിന്‍ ഘടിപ്പിച്ച വള്ളങ്ങളും കരുതിയിട്ടുണ്ട്. ഒരു വള്ളത്തില്‍ മൂന്നു മല്‍സ്യത്തൊഴിലാളികള്‍ വീതം ഉണ്ടാകും. വള്ളങ്ങള്‍ ലോറിയില്‍ കയറ്റി കൊണ്ടുപോയി.
നീന്തല്‍ അറിയാവുന്ന നൂറോളം യുവാക്കളും വിവിധ സ്ഥലങ്ങളിലേക്കു പുറപ്പെട്ടു. എസ്‌ഐമാരായ കെ ജി ജയപ്രദീപ്, എ വി രാധാകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം മല്‍സ്യത്തെ ാഴിലാളികള്‍ക്കു നിര്‍ദേശങ്ങള്‍ നല്‍കി.

 

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss